എഡിറ്റര്‍
എഡിറ്റര്‍
മുംബൈ റെയില്‍വേസ്‌റ്റേഷന്‍ ദുരന്തത്തിന് കാരണം ജനങ്ങളെന്ന് ബി.ജെ.പി വക്താവ്; സാമാന്യബോധത്തോടെ പ്രതികരിക്കൂവെന്ന് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Saturday 30th September 2017 7:36am

ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ ദുരന്തമായിരുന്നു ഇന്നലെ മുംബൈയിലെ എല്‍ഫിസ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ സംഭവിച്ചത്. 22 പേരുടെ ജീവന്‍ കവര്‍ന്ന ദുരന്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കും പറ്റിയിരുന്നു.

റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിലെക്ക് ആളുകള്‍ ഒന്നിച്ചുകയറി നിന്നപ്പോഴുണ്ടായ തിക്കിലും തിരക്കിലുമാണ് നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചത്. മേല്‍പ്പാലത്തിലേക്ക് ഒറ്റ ഗോവണിമാത്രമായിരുന്നു ഉണ്ടായിരുന്നതും. ഇത് അപകടത്തിന്റെ തീവ്രവത വര്‍ധിപ്പിച്ചിരുന്നു. വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

എന്നാല്‍ ദുരന്തത്തിന്റെ കാരണം ജനങ്ങള്‍ക്ക് മേല്‍ കെട്ടിവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈയിലെ ബി.ജെ.പി വക്താവ്. ബി.ജെ.പി യൂത്ത് വിങ്ങായ ബി.ജെ.വൈ.എം വക്താവ് അമൃത ബിന്ദറാണ് ദുരന്തമുണ്ടായെങ്കില്‍ അതിന് കാരണക്കാര്‍ ജനങ്ങള്‍ തന്നെയാണെന്ന പ്രസ്താവനവുമായി എത്തിയത്.

‘എല്‍ഫിസ്റ്റന്‍ റെയില്‍വേസ്റ്റേഷനിലുണ്ടായ ദുരന്തത്തില്‍ 60 പേര്‍ക്ക് പരിക്ക് പറ്റിയിരിക്കുന്നു 22 പേരുടെ ജീവന്‍ നഷ്ടമായിരിക്കുന്നു. ജനങ്ങള്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്’- ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്നാല്‍ ഇതിന് പിന്നാലെ വലിയ വിമര്‍ശനമായിരുന്നു ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള താങ്കളുടെ ശ്രമം എന്തിന് വേണ്ടിയാണെന്നായിരുന്നു പലരുടേയും ചോദ്യം.

ഇത് മുംബൈ റെയില്‍വേസ്‌റ്റേഷനില്‍ മാത്രം സംഭവിക്കാവുന്ന ദുരന്തമല്ല, ക്ഷേത്രങ്ങളില്‍ സംഭവിക്കാം മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സംഭവിക്കും. എങ്കിലും അല്‍പ്പ സാമാന്യബോധത്തോടെ താങ്കള്‍ സംസാരിക്കേണ്ടിയിരിക്കുന്നു എന്നാണ് മറ്റൊരാളുടെ പ്രതികരണം.

താങ്കള്‍ വലിയൊരു കാര്യം പറഞ്ഞിരിക്കുന്നു. സ്വന്തം പാളിച്ചകള്‍ മറയ്ക്കാന്‍ ജനങ്ങളെ കരുവാക്കരുത്. സംവിധാനങ്ങളില്‍ വന്ന പിഴവ് അംഗീകരിക്കാന്‍ ആദ്യം പഠിക്കൂ-ഇതായിരുന്നു മറ്റൊരാളുടെ കമന്റ്.

അങ്ങേയറ്റം അസ്വീകാര്യമായ ട്വീറ്റാണ് ഇതെന്നും യഥാര്‍ത്ഥ വസ്തു മനസിലാക്കാതെയുള്ള ഈ പ്രതികരണം ശരിയായില്ലെന്നും മറ്റൊരാള്‍ പ്രതികരിക്കുന്നു.

ഒരു പാലംപണിയാന്‍ നമ്മുടെ സര്‍ക്കാരിന് കഴിയുന്നില്ല. എന്നാല്‍ 2500 കോടി മുടക്കി പ്രതിമ പണിയാം. നിങ്ങളുടെ ഈ അഭിപ്രായപ്രകടനത്തെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുമെന്നാണ് താങ്കള്‍ കരുതുന്നത്- ഇതായിരുന്നു മറ്റൊരാളുടെ ചോദ്യം. ദുരന്തത്തിന്റെ തീവ്രത കാണിച്ചുതന്നതിന് നന്ദി. ഒരു സ്ത്രീയില്‍ നിന്നും ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ലെന്നും മറ്റൊരാള്‍ പ്രതികരിക്കുന്നു.

Advertisement