മഹാവികാസ് അഘാഡി റാലിക്ക് പിന്നാലെ മൈതാനം ഗോമൂത്രം തളിച്ച് 'ശുചീകരിച്ച്' ബി.ജെ.പി
national news
മഹാവികാസ് അഘാഡി റാലിക്ക് പിന്നാലെ മൈതാനം ഗോമൂത്രം തളിച്ച് 'ശുചീകരിച്ച്' ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th April 2023, 11:23 am

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി ശിവജി നഗറില്‍ മഹാവികാസ് അഘാഡി സംഘടിപ്പിച്ച റാലിക്ക് പിന്നാലെ പ്രദേശത്ത് ഗോമൂത്രം തളിച്ച് ശുചീകരിച്ച് ബി.ജെ.പി. ബാല്‍ താക്കറെ കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിക്കണമെന്നാണ് പഠിപ്പിച്ചതെന്നും എന്നാല്‍ ഇന്ന് ഉദ്ധവ് താക്കറെ അവരെ പിന്തുണച്ച് റാലി പ്രഖ്യാപിക്കുകയാണെന്നും ബി.ജെ.പി നേതാവ് സുഹാസ് ദശ്‌രതെ പറഞ്ഞു.

‘ബാല്‍ താക്കറെ ഞങ്ങളെ പഠിപ്പിച്ചത് കോണ്‍ഗ്രസിനും നാഷ്ണലിസ്റ്റ് പാര്‍ട്ടിക്കുമെതിരെ പോരാടണമെന്നാണ്. എന്നാല്‍ ഉദ്ധവ് താക്കറെ ഇത്തരക്കാര്‍ക്ക് വേണ്ടി റാലി നടത്തുകയാണ്. അതിനാലാണ് റാലി നടന്ന മാറാത്വദ സന്‍സ്‌കൃതി മണ്ഡല്‍ മൈതാനത്തെ ഗോമൂത്രം തളിച്ച് ശുചീകരിക്കാന്‍ തീരുമാനിച്ചത്,’ സുഹാസ് പറഞ്ഞു.

ബി.ജെ.പിയുടെ പ്രവര്‍ത്തി അപലപനീയമാണെന്നും അംഗീകരിക്കാനാകില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പറഞ്ഞു.

‘അതൊരു പൊതു പ്രദേശമാണ്. അവിടെ ആര്‍ക്ക് വേണമെങ്കിലും റാലി നടത്താനുള്ള അനുവാദവും അവകാശവുമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു മാഹാവികാസ് അഘാഡി റാലി നടന്നത്. റാലിക്കിടെ ബി.ജെ.പിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉദ്ധവാ താക്കറെ ഉയര്‍ത്തിയിരുന്നു. ബി.ജെ.പി രാജ്യത്തെ ജനാധിപത്യ സമ്പ്രദായത്തെ ഇല്ലാതാക്കുകയാണെന്നും, നിയമസംവിധാനങ്ങള്‍ കൈക്കലാക്കുകയാണെന്നുമായിരുന്നു താക്കറെയുടെ പരാമര്‍ശം. രാജ്യത്തെ ജനങ്ങള്‍ ഇസ്രാഈലിലെ പൗരന്മാരെപോലെ ഭരണകൂട കാട്ടാളിത്തത്തിനെതിരെ പോരാടണമെന്നും താക്കറെ പറഞ്ഞിരുന്നു.

‘ഇസ്രാഈലിനെ നോക്കൂ, രാജ്യത്തെ ഭരണകൂടം കൊണ്ടുവന്ന ഏതാനും നിയമങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പോരാടുന്നത് നോക്കൂ. പൊലിസുകാരും എംബസികളും എല്ലാം ജനങ്ങളെ പിന്തുണച്ച് അവരോടൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചു. അതോടെ അവസാനം സര്‍ക്കാരിന് ജനങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്തേണ്ടി വന്നു. രാജ്യത്തെ ജനാധിപത്യവും ശക്തമാണ്, പ്രതിഷേധങ്ങളും. അതുകൊണ്ട് തന്നെയാണ് രാജ്യത്തെ കര്‍ഷകരുടെ സമരത്തിന് മുമ്പില്‍ ബിജെ.പിക്ക് അടിപതറിയത്,’ താക്കറെ റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ബി.ജെ.പിക്ക് വാഗ്ദാനങ്ങള്‍ മാത്രമേയുള്ളൂവെന്നും പ്രവര്‍ത്തിയില്‍ ഒന്നുമില്ലെന്നും എന്‍.സി.പി നേതാവ് അജിത് പവാര്‍ പറഞ്ഞു. ബി.ജെ.പി സവര്‍ക്കര്‍ക്ക് വേണ്ടി ജാഥകള്‍ നടത്താന്‍ തയ്യാറാണെന്നും അത്ര സ്‌നേഹവും ധൈര്യവുമുണ്ടെങ്കില്‍ സവര്‍ക്കറിന് ഭാരത രത്‌നം നല്‍കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കള്ളന്മാരെ പോലും കള്ളന്‍ എന്ന് വിളിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അതാണ് രാഹുല്‍ ഗാന്ധിക്കെതിരായ നടപടികളിലൂടെ രാജ്യം കാണുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ബാലാസാഹെബ് തോറത് പറഞ്ഞു. അഴിമതിയെക്കുറിച്ച് ചോദ്യം ചെയ്തതാണ് രാഹുല്‍ ഗാന്ധി ചെയ്ത തെറ്റ്. പാര്‍ലമെന്റില്‍ അദ്ദേഹത്തിന് സംസാരിക്കാനുള്ള അവകാശം പോലും നല്‍കിയിരുന്നില്ലെന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: BJP workers sprinkled cow urine after MVA rally