യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; കര്‍ണാടക ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ വാഹനം ഉപരോധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍
national news
യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; കര്‍ണാടക ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ വാഹനം ഉപരോധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th July 2022, 11:59 pm

ബെംഗളൂരു: കര്‍ണാടക യുവമോര്‍ച്ച പ്രാദേശിക നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടറുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എം.പിയുടെ വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. നളിന്‍, മന്ത്രി സുനില്‍കുമാര്‍, പുത്തൂര്‍ എം.എല്‍.എ സഞ്ജീവ മറ്റന്തൂര്‍ എന്നിവര്‍ ബെല്ലാരിയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ആര്‍.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഇല്ലെന്നാരോപിച്ചു നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടനയില്‍ നിന്ന് കൂട്ടത്തോടെ രാജിവെച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടിലിന്റെ കാര്‍ പ്രതിഷേധക്കാര്‍ തടയുന്നതിന്റെ വീഡിയോ വൈറലായിയിരുന്നു. യുവമോര്‍ച്ച അംഗമായ പ്രവീണ്‍ നെട്ടാരു (32) ആണ് ചൊവ്വാഴ്ച കൊലപ്പെട്ടത്. ബെല്ലാരെ ഏരിയക്ക് സമീപം നടത്തിയിരുന്ന കോഴിക്കട പൂട്ടി ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ ആക്രമിക്കുകയായിരുന്നു.