വളരെ വൈകാതെ ബി.ജെ.പി സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കും; രാജ് നാഥ് സിംഗിന് ഉവൈസിയുടെ പരിഹാസം
national news
വളരെ വൈകാതെ ബി.ജെ.പി സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കും; രാജ് നാഥ് സിംഗിന് ഉവൈസിയുടെ പരിഹാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th October 2021, 3:13 pm

ഹൈദരാബാദ്: സവര്‍ക്കറെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് രംഗത്തുവന്നതിന് പിന്നാലെ പരിഹാസവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി.

ഏറെ വൈകാതെ സവര്‍ക്കറെ ബി.ജെ.പി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്നാണ് ഉവൈസി പരിഹസിച്ചത്.

” അവര്‍ (ബി.ജെ.പി) വികലമായ ചരിത്രം അവതരിപ്പിക്കുകയാണ്. ഇത് തുടരുകയാണെങ്കില്‍, അവര്‍ മഹാത്മാ ഗാന്ധിയെ നീക്കം ചെയ്യുകയും മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ആരോപണവിധേയനായ സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുകയും ചെയ്യും,” ഉവൈസി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സവര്‍ക്കറെ പുകഴ്ത്തിക്കൊണ്ട് രാജ് നാഥ് സിംഗ് രംഗത്തെത്തിയത്.

സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് രാജ് നാഥ് സിംഗ് പറഞ്ഞത്.

രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ മോചിപ്പിക്കാനും തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്‌നാഥ് പറഞ്ഞു.

ഉദയ് മഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍, എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു രാജ് നാഥ് സിംഗിന്റെ പരാമര്‍ശം.

സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ലെന്നും യഥാര്‍ത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നെന്നും രാജ് നാഥ് സിംഗ് അവകാശപ്പെട്ടു.

ഇന്ത്യന്‍ ചരിത്രത്തിലെ മഹാനായ നായകനായിരുന്ന സവര്‍ക്കര്‍ ഒരു വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നുവെന്നും രാജ് നാഥ് സിംഗ് അവകാശപ്പെട്ടു. സവര്‍ക്കറെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ലെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: BJP Will Soon Declare Savarkar As “Father Of Nation”: Asaduddin Owaisi