'കേരളത്തില്‍ ഗ്രൂപ്പ് കളി വേണ്ട'; ബി.ജെ.പി നേതാക്കള്‍ക്ക് കേന്ദ്ര ഘടകത്തിന്റെ താക്കീത്
Kerala News
'കേരളത്തില്‍ ഗ്രൂപ്പ് കളി വേണ്ട'; ബി.ജെ.പി നേതാക്കള്‍ക്ക് കേന്ദ്ര ഘടകത്തിന്റെ താക്കീത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th November 2021, 7:46 am

തിരുവനന്തപുരം: ഗ്രൂപ്പുപ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാനത്തെ നേതാക്കള്‍ക്ക് കേന്ദ്രഘടകത്തിന്റെ താക്കീത്. എല്ലാവരെയും ഉള്‍പ്പെടുത്തിയും ഒറ്റക്കെട്ടായും മുന്നോട്ടുപോകണമെന്ന് സംസ്ഥാന നേതൃയോഗത്തില്‍ ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് നിര്‍ദേശം നല്‍കി.

പുനഃസംഘടനയുടെ ഭാഗമായി ഇനിയും മാറ്റങ്ങള്‍ ഉണ്ടാകാമെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ആര്‍ക്കും സ്ഥാനമാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേഡര്‍ നേതാക്കളും മാസ് നേതാക്കളും വേണമെങ്കിലും അതില്‍ ഗ്രൂപ്പ് വേണ്ടായെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘എല്ലാവരെയും ഉള്‍പ്പെടുത്തിയും മുതിര്‍ന്ന നേതാക്കളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തിയും മുന്നോട്ടുപോകണം. മുതിര്‍ന്നവര്‍ പ്രധാനവും ബഹുമാനിക്കപ്പെടേണ്ടതുമാണെങ്കിലും ഗുണത്തിനാണ് പ്രാധാന്യം. അച്ചടക്കനടപടി അവസാനത്തെ നീക്കമാണ്. പാര്‍ട്ടി ചുമതലയുള്ള പ്രഭാരിമാര്‍ ചടങ്ങുകളില്‍ പങ്കെടുത്ത് ഫോട്ടോയെടുത്തു മടങ്ങരുത്. അവിടെ തങ്ങി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ജോലിചെയ്യണം,’ ബി.എല്‍. സന്തോഷ് സംസ്ഥാന നേതാക്കളോട് പറഞ്ഞു.

ബി.ജെ.പി പുനഃസംഘടനയ്ക്ക് ശേഷം ആദ്യമായിനടന്ന സംസ്ഥാന നേതൃയോഗത്തില്‍ നിന്ന് പ്രമുഖ നേതാക്കള്‍ വിട്ടുനിന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രത്തിന്റെ നിര്‍ദേശം എന്നത് ശ്രദ്ധേയമാണ്.

പി.കെ. കൃഷ്ണദാസ് പക്ഷത്തെ ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, ഒരു ഗ്രൂപ്പിലുമില്ലാത്ത വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് ചൊവ്വാഴ്ച തിരുവനന്തപുരത്തുനടന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.

കോര്‍ കമ്മിറ്റി യോഗത്തിലും രമേശും രാധാകൃഷ്ണനും പങ്കെടുത്തില്ല. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, പ്രഭാരി സി.പി. രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONNTET HIGHLIGHTS: BJP warns state leaders not to allow group activities