എഡിറ്റര്‍
എഡിറ്റര്‍
ക്ഷേത്രത്തിന്റെ ദിശാസൂചനബോര്‍ഡ് അജ്ഞാതര്‍ നശിപ്പിച്ചു; റോഡ് ഉപരോധിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച 200 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
എഡിറ്റര്‍
Wednesday 6th September 2017 3:09pm


കാസര്‍കോട്: ക്ഷേത്രത്തിന്റെ ദിശാസൂചനാബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനഗതാഗതം തടസപ്പെടുത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു.


Also Read: ‘കൊന്നിട്ടും മായാത്ത കാഴ്ചകള്‍’; ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ദാനം ചെയ്തു


ഇന്നലെ രാവിലെ 10.30 ഓടെ പെര്‍ള-സ്വര്‍ഗ റൂട്ടിലെ കണ്ണാടിക്കാനത്താണ് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. കണ്ണാടിക്കാനത്തെ ഒരു ആരാധനാലയത്തിലേക്കുള്ള വഴി സൂചിപ്പിക്കുന്ന ബോര്‍ഡ് പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡ് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബി.ജെ.പിയുടെ പ്രതിഷേധം.

സംഭവത്തെതുടര്‍ന്ന് 200 ബി.ജെപി പ്രവര്‍ത്തകര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. ഒരുമണിക്കൂറോളം നേരമാണ് ബി.ജെ.പിയുടെ ഉപരോധസമരം ഉണ്ടായത്. ഇതേതുടര്‍ന്ന് ബദിയടുക്ക എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പ്രവര്‍ത്തകരെ നീക്കാന്‍ തുടങ്ങിയപ്പോഴാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസിനെ തടഞ്ഞത്.


Dont Miss: റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ തടയാന്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കുഴിബോംബ് സ്ഥാപിച്ച് മ്യാന്‍മര്‍


പോലീസിന്റെ അനുമതിയില്ലാതെ റോഡ് ഉപരോധിച്ച് ഗതാഗതം തടഞ്ഞതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisement