'കേരളത്തില്‍ നിന്നുയര്‍ന്ന ലൗ ജിഹാദ് ' ഉത്തരേന്ത്യന്‍ ജനതയുടെ മനുഷ്യാവകാശത്തെ ഹനിക്കുമ്പോള്‍
love jihad propaganda
'കേരളത്തില്‍ നിന്നുയര്‍ന്ന ലൗ ജിഹാദ് ' ഉത്തരേന്ത്യന്‍ ജനതയുടെ മനുഷ്യാവകാശത്തെ ഹനിക്കുമ്പോള്‍
ഗോപിക
Tuesday, 3rd November 2020, 4:42 pm

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രചരണ വേദികളിലെയും സ്ഥിരം ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് ലൗ ജിഹാദ്. ദേശീയ തലത്തില്‍ ബി.ജെ.പി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ലൗ ജിഹാദ് നിയമപരമായി നിരോധിക്കുന്ന രീതിയിലുള്ള നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടുവരുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം സംഘപരിവാര്‍ നിര്‍മ്മിതിയെന്ന് പരക്കെ അറിയപ്പെടുന്ന ലൗ ജിഹാദിന്റെ ഉത്ഭവം എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലല്ല. കേരളവും കര്‍ണ്ണാടകവുമാണ് ലൗ ജിഹാദ് എന്ന പ്രചരണത്തിന്റെ ഉദ്ഭവസ്ഥാനമെന്ന നിലയില്‍ അറിയപ്പെടുന്നത്.

കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്‌ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദത്തിന്റെ പേരാണ് ലൗ ജിഹാദ്.

മലയാളത്തിലെ ഒരു ദിനപത്രത്തിലാണ് ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് കര്‍ണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ ചൂടുപിടിക്കാന്‍ തുടങ്ങി.

വിവാദങ്ങള്‍ വ്യാപകമായതോടെ കേരളത്തില്‍ ലൗ ജിഹാദ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനായി അന്നത്തെ സംസ്ഥാന ഡി.ജി.പിയോടും ആഭ്യന്തരമന്ത്രാലയത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയായിരുന്ന ജേക്കബ് പുന്നൂസ് കേസ് സംബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളത്തിലൊരിടത്തും ലൗ ജിഹാദ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അവിടം കൊണ്ടും തീര്‍ന്നില്ല. കേരളം ഏറെ ചര്‍ച്ച ചെയ്ത ഹാദിയ-ഷെഫിന്‍ ജഹാന്‍ കേസ് ലൗ ജിഹാദ് ആണെന്നാരോപിച്ച് ചില രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയതോടെ വീണ്ടും ലൗ ജിഹാദ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. കോട്ടയം ജില്ലയില്‍ വൈക്കം സ്വദേശികളായ അശോകന്‍- പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില എന്ന 25 വയസുകാരിയായ ഹോമിയോപതി ഡോക്ടര്‍ ട്രെയിനി ഇസ്‌ലാം മതം സ്വീകരിച്ച് ഹാദിയയായി മാറിയതും അവരുടെ വിവാഹം സംബന്ധിച്ച വിവാദങ്ങളുമായിരുന്നു ചര്‍ച്ചകള്‍ക്കാധാരം.

കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് വരെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2018 മാര്‍ച്ച് എട്ടിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാലവിധിയില്‍ ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്ന് വിധിക്കുകയും മറ്റ് ആരോപണങ്ങള്‍ വേറെ തന്നെ അന്വേഷിക്കണമെന്ന് ഉത്തരവിടുകയുമായിരുന്നു.

കോടതി ഇടപെടലോടെ തല്‍ക്കാലം ചര്‍ച്ചകള്‍ക്ക് വിരാമമായെങ്കിലും ലൗ ജിഹാദ് കേരളത്തില്‍ ഇപ്പോഴും നടക്കുന്നുവെന്ന നിലയിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ സംസ്ഥാനത്ത് സജീവമാകുകയാണ്. യു.പി, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണം നടത്താന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും ഇത്തരം ചര്‍ച്ചകള്‍ ഉയരുന്നത്.

കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളിലെ ലൗ ജിഹാദ് ആരോപണങ്ങള്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ ചര്‍ച്ചയില്‍ ജനപക്ഷം നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായി പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. കേരളത്തില്‍ നിന്നു പതിനായിരത്തോളം ഹിന്ദു- ക്രിസ്ത്യന്‍ കുട്ടികളെ മതപരിവര്‍ത്തനത്തിനിരയാക്കി ലൗ ജിഹാദിന്റെ പേരില്‍ ഇന്ത്യയ്ക്കു വെളിയിലേക്ക് കടത്തപ്പെട്ടിട്ടുണ്ടെന്നാണ് പി.സി ജോര്‍ജിന്റെ ആരോപണം.

Kerala MLA P.C. George booked on rape victim nun's complaint - The Week

ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടികളില്‍ രണ്ട് പേരുടെ പേരുടെ മെസേജ് വന്നെന്നും തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നും രക്ഷിക്കണമെന്നും അവര്‍ പറഞ്ഞതായും എം.എല്‍.എ പറഞ്ഞു. രാജ്യത്തെ പെണ്‍കുട്ടികളെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ മതംമാറ്റി മുസ്‌ലിമാക്കി ഉപയോഗിക്കുകയാണെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.

രാജ്യത്തെവിടെയും ലൗ ജിഹാദില്ലെന്ന് സംസ്ഥാന- കേന്ദ്രസര്‍ക്കാരുകളും ഹൈക്കോടതിയും സുപ്രീംകോടതിയും എന്‍.ഐ.എയും വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പി.സി ജോര്‍ജിന്റെ ഈ ആരോപണം.

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ലൗ ജിഹാദ് നടത്തുന്നുണ്ടെന്നത് സംഘപരിവാര്‍ സംഘടനകളുടെ കാലാകാലങ്ങളായുള്ള ആരോപണമാണ്. ഇതിന് പിന്തുണയുമായി കേരളത്തിലെ ചില രാഷ്ട്രീയ കക്ഷികളെ കൂടാതെ ക്രൈസ്തവ കൂട്ടായ്മയായ സീറോ മലബാര്‍ സഭയും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഈ ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

 

‘ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചരണമുണ്ടാക്കി മുസ്‌ലിങ്ങളെ ആക്രമിക്കാന്‍ കാരണം വേണമല്ലോ അവര്‍ക്ക്’- ജെ ദേവിക

മനുഷ്യവകാശ ലംഘനം വരെയൊന്നും പോകണ്ട. ഇന്ത്യന്‍ ഭരണഘടനയുടെ തന്നെ ലംഘനമാണ് ഈ വിഷയം. പൊതുവെ ഇവിടുത്തെ ഹിന്ദുത്വ വലതുപക്ഷത്തിനും സവര്‍ണ്ണ ഹിന്ദുക്കള്‍ക്കും ഗുണകരമായിട്ട് തോന്നുന്ന ഒരു സാധനം.

ചത്തു കിടക്കുന്നു എന്ന പൂര്‍ണ്ണബോധ്യം എല്ലാവര്‍ക്കുമുണ്ടെങ്കില്‍ പോലും അതിനെ എങ്ങനെയെങ്കിലും തല്ലിയുണര്‍ത്താനുള്ള ഒരു ശ്രമം നടത്തുന്നു. ഇങ്ങനെയൊരു വസ്തുത രാജ്യത്തില്ലെന്ന കാര്യം കോടതികളും തെളിയിച്ചുകഴിഞ്ഞു.

ഹാദിയ കേസില്‍ വളരെ വ്യക്തമായിട്ട് കോടതി നിരീക്ഷിച്ചതുമാണ്. എങ്കിലും ഹിന്ദു സ്ത്രീകളെ മറ്റുവിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചരണമുണ്ടാക്കി മുസ്‌ലിങ്ങളെ ആക്രമിക്കാന്‍ കാരണം വേണമല്ലോ അവര്‍ക്ക്. അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ജെ.ദേവിക ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഹിന്ദുത്വവാദികള്‍ക്ക് നമ്മുടെ മുന്നില്‍വെയ്ക്കാന്‍ ഒന്നുമില്ല. സാമ്പത്തിക രംഗം തകര്‍ന്നുകിടക്കുന്നു, ഇന്ത്യയിലെ പാവപ്പെട്ടവര്‍ നല്ലതുപോലെ കഷ്ടപ്പെടുന്നുണ്ട്. അക്കാര്യങ്ങളില്‍ ഒരു തരിമ്പ് ഗുണം പോലും ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കിലും അവര്‍ എന്തുകൊണ്ട് പിടിച്ചുനില്‍ക്കുന്നുവെന്ന് ചോദിച്ചാല്‍,അതിനു കാരണം വടക്കേ ഇന്ത്യയിലൊക്കെ ശക്തമായ അപരവിരോധത്തെ വളര്‍ത്തുന്നതിലൂടെയാണ്. ഇന്ത്യയിലെ അപര സ്ഥാനത്ത് നില്‍ക്കുന്നത് എപ്പോഴും ദളിതരും,മുസ്‌ലിങ്ങളുമാണ്. അവരെ നിരന്തരം ഉപദ്രവിച്ചുകൊണ്ടു മാത്രമേ ഇവര്‍ക്ക് നിലനില്‍ക്കാന്‍ പറ്റുകയുള്ളു. അതിനു വേണ്ടി തന്നെ ലൗ ജിഹാദ് വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്’- ജെ.ദേവിക പറഞ്ഞു.

ബി.ജെ.പി+ലൗ ജിഹാദ്= തെരഞ്ഞെടുപ്പ്

നേരത്തെ പറഞ്ഞതുപോലെ സംഘപരിവാര്‍ അജണ്ടകളിലെ പ്രധാന വിഷയമായി ലൗ ജിഹാദ് മാറിക്കഴിഞ്ഞുവെന്നതിന്റെ ഉദാഹരണമാണ് ഹരിയാന, യു.പി, മധ്യപ്രദേശ് മുഖ്യമന്ത്രിമാരുടെ പ്രസ്താവനകള്‍. നിലവില്‍ ബി.ജെ.പി ഭരിക്കുന്ന ഈ മൂന്ന് സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പ് നേരിടുകയാണ്. ജനങ്ങള്‍ക്ക് അവര്‍ നല്‍കുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ലൗ ജിഹാദ് നിരോധിക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നത്.

ഉത്തര്‍പ്രദേശ്

ഇക്കഴിഞ്ഞ ദിവസമാണ് ലൗ ജിഹാദിനെതിരെ ഉത്തര്‍പ്രദേശില്‍ നിയമം കൊണ്ടുവരുമെന്നാവര്‍ത്തിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് രംഗത്തെത്തിയത്. അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു യോഗിയുടെ ഈ പരാമര്‍ശം.

‘വിവാഹത്തിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. ലൗ ജിഹാദ് തടയാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കും. വ്യക്തിത്വം മറച്ചുവെച്ച് സഹോദരിമാരുടെ ‘മാനം’ വെച്ച് കളിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു,’ എന്നായിരുന്നു ആദിത്യ നാഥ് പറഞ്ഞത്.

അലഹബാദ് ഹൈക്കോടതി വിധി

ലൗ ജിഹാദ് വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാന രേഖയാണ് അലഹബാദ് ഹൈക്കോടതി വിധി. 2020 ഒക്‌ടോബര്‍ 30 ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹരജി പരിഗണിച്ച കോടതി ഇത് തള്ളുകയാണുണ്ടായത്.

പെണ്‍കുട്ടി വിവാഹത്തിന് ഒരു മാസം മുമ്പ് മാത്രമാണ് ഹിന്ദു മതത്തിലേക്ക് മാറിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹരജി തള്ളിയത്. വിവാഹത്തിന് വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തരുതെന്ന 2014ലെ നൂര്‍ജഹാന്‍ ബീഗം കേസിലെ വിധി ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു കോടതി ഹരജി തള്ളിയത്. ആര്‍ട്ടിക്കിള്‍ 226 പ്രകാരം കേസില്‍ ഇടപെടാന്‍ താത്പര്യമില്ലെന്നും കോടതി പറഞ്ഞു.

എന്തെങ്കിലും ഒരു കാര്യം സാധിക്കുന്നതിന് വേണ്ടി മാത്രം മതം മാറുന്നത് സത്യസന്ധമായ കാര്യമാവില്ലെന്നും 2014ലെ കേസ് ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചിരുന്നു. മതപരിവര്‍ത്തനം നടത്തപ്പെടുന്നുണ്ടെങ്കില്‍ അതില്‍ വിശ്വാസവും ആത്മാര്‍ത്ഥതയുമുണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ വിധിയാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ കരുത്തേകിയത്.

ഹരിയാനയിലും മധ്യപ്രദേശിലും ലൗ ജിഹാദ് ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു

യു.പിയ്ക്ക് ശേഷം ഈ വിഷയത്തില്‍ പരസ്യ പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ കൂടുതല്‍ രൂക്ഷമാകുകയാണ്. ലൗ ജിഹാദ് കേസുകളില്‍ നിയമനിര്‍മാണത്തെപ്പറ്റി കേന്ദ്രം ആലോചിക്കുന്നുണ്ടെന്നാണ് ഖട്ടര്‍ പറഞ്ഞത്.

തങ്ങളുടെ സംസ്ഥാനവും ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ഖട്ടര്‍ പറഞ്ഞു. നിരപരാധിയായ ഒരു വ്യക്തിയേയും ശിക്ഷിക്കുന്ന രീതിയിലാകില്ല നിയമ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.

ഫരീദാബാദില്‍ കോളെജ് വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്ന സംഭവം ലൗ ജിഹാദുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇതിനെതിരെയുള്ള നിയമനിര്‍മാണത്തെ പറ്റി ആലോചിച്ചുവരികയാണ്. നിയമപരമായ വ്യവസ്ഥകള്‍ പ്രാബല്യത്തിലാക്കുന്നതോടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല. നിരപരാധിയായ ഒരു വ്യക്തിയ്ക്കും ശിക്ഷ ലഭിക്കില്ല- ഖട്ടര്‍ പറഞ്ഞു.

നേരത്തെ ഹരിയാന ആഭ്യന്തര മന്ത്രിയായ അനില്‍ വിജ് ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തണമെന്നാവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ലൗ ജിഹാദിനെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്ന് വിജ് പറഞ്ഞിരുന്നു.

സമാനമായി മധ്യപ്രദേശിലും ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്താന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിട്ടുണ്ട്. പ്രണയത്തിന്റെ പേരില്‍ ജിഹാദ് നടത്തുന്നത് അനുവദിക്കില്ലെന്നും അത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നുമെന്നുമാണ് ചൗഹാന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Controversies About Love Jihad In India

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.