പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പിയിലെ മുസ്‌ലിം വോട്ട് ബാങ്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ബി.ജെ.പി
national news
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പിയിലെ മുസ്‌ലിം വോട്ട് ബാങ്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th October 2022, 8:25 am

ലഖ്‌നൗ: 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി ബി.ജെ.പി. മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയം കാണാന്‍ സാധിക്കാതിരുന്ന ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. യു.പിയിലെ മുസ്‌ലിം പ്രാതിനിധ്യമുള്ള പ്രദേശങ്ങളാണ് ഇത്തവണ പാര്‍ട്ടിയുടെ ശ്രദ്ധാകേന്ദ്രമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

മുന്‍ കാലങ്ങളില്‍ ബി.ജെ.പി മത്സരിക്കാതെ മാറി നിന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പാര്‍ട്ടി മത്സരിക്കുമെന്ന പ്രഖ്യാപനം ഇതിന്റെ ഉദാഹരണമാണ്.

നവംബറില്‍ നടക്കാനിരിക്കുന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്‍ ഇതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്‍ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. 2024ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള ഒരു വാം അപ്പ് ആണ് ബി.ജെ.പിക്ക് തദ്ദേശ തെരഞ്ഞെടുപ്പ്. മുസ്‌ലിം വിഭാഗത്തില്‍ നിന്ന് തന്നെ ഏകദേശം അറുപതോളം സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നാണ് പാര്‍ട്ടി മുതിര്‍ന്ന നേതാവിന്റെ പരാമര്‍ശം.

2014ലും 2019ലും നടന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പിലും 2017ലും 2022ലും നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നില്ല.

ബി.ജെ.പി ന്യൂനപക്ഷ മുന്നണി അധ്യക്ഷന്‍ കുന്‍വര്‍ ബാസിത് അലി യു.പിയിലെ നഗര തദ്ദേശ സ്ഥാപനങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ കൂടുതലുള്ള 1200 വാര്‍ഡുകള്‍ സംബന്ധിച്ച പരാമര്‍ശം നടത്തിയിരുന്നു. മുസ്‌ലിം വോട്ടുകളുടെ ആധിപത്യം കാരണം ബി.ജെ.പി മത്സരിക്കാതെ ഒഴിവാക്കിയ നഗര്‍ പഞ്ചായത്തുകളില്‍ 50 മുതല്‍ 60 വരെ സീറ്റുകളുണ്ട്. ഈ സീറ്റുകളിലെല്ലാം പാര്‍ട്ടി ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ന്യൂനപക്ഷ മുന്നണി നേതാക്കളെയും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകരെയും ഈ സീറ്റുകളില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നീക്കം.

ഇക്കുറി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നതായി ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പി ആവിഷ്‌കരിച്ച ക്ഷേമപദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുസ്‌ലിം സമുദായക്കാരാണെന്നും അതിനാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിങ്ങള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 സീറ്റുകളിലും വിജയിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. അടുത്തിടെ നടന്ന റാംപൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗനശ്യം സിങ് ലോധി വിജയിച്ചിരുന്നു. 50 ശതമാനത്തോളം മുസ്‌ലിം വോട്ടുകളുള്ള പ്രദേശത്തെ ബി.ജെ.പിയുടെ ജയത്തെ ചരിത്രവിജയം എന്നാണ് പാര്‍ട്ടി വിശേഷിപ്പിച്ചത്. കേന്ദ്രത്തിലും യു.പിയിലുമുള്ള ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന് ലഭിക്കുന്ന സ്വീകാര്യതയുടെ ഉദാഹരണമാണ് വിജയമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അന്ന് പറഞ്ഞിരുന്നു.

2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍, 25 മുതല്‍ 40 ശതമാനം വരെ മുസ്‌ലിം വോട്ടുകളുള്ള ബെഹ്റൈച്ച്, രാംപൂര്‍, സഹാറന്‍പൂര്‍, മുറാദാബാദ്, ബിജ്നോര്‍, മുസാഫര്‍നഗര്‍, ശ്രാവസ്തി, സംഭാല്‍, അംറോഹ എന്നീ ന്യൂനപക്ഷ ആധിപത്യ സീറ്റുകളില്‍ ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: BJP to focus on the minority dominated areas in the upcoming parliamentary elections in 2024