കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഇന്ന്. തൃക്കാക്കരയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണയം, തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും. കോഴിക്കോട് വെച്ചായിരിക്കും യോഗം നടക്കുക.
യോഗത്തിന് ശേഷം ദല്‍ഹിയില്‍ നിന്ന് വൈകീട്ടോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന നേതാവായ എ.എന്‍ രാധാകൃഷ്ണന് തന്നെയാണ് മുന്‍തൂക്കം. വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനമായാല്‍ സിന്ധുമോള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഒരു മാസത്തിലേറെയായി തൃക്കാക്കര മണ്ഡലചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് എന്നിവര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്നംഗ പാനല്‍ സമര്‍പ്പിച്ചത്.
അതേസമയം ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിക്കും. പി.ടി തോമസിന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നതോടെ സഹതാപ തരംഗം സൃഷ്ടിക്കാന്‍ കൂടിയാണ് പാര്‍ട്ടിയുടെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.
അതേസമയം ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫ് മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഇടതുമുന്നണിക്കായി തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് അറിയിച്ചിരുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
എ.എ.പി ട്വന്റി ട്വന്റി സഖ്യത്തില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. ഏറെക്കാലമായി കോണ്‍ഗ്രസിനൊപ്പം നിലകൊള്ളുന്ന തൃക്കാക്കര മണ്ഡലത്തില്‍ പി.ടി തോമസിന്റെ നിര്യാണത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.