ബി.ജെ.പിക്ക് 31 ലക്ഷം അംഗങ്ങളുണ്ടായിട്ടും കിട്ടിയത് 23.5 ലക്ഷം വോട്ടുകള്‍; തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം
Kerala News
ബി.ജെ.പിക്ക് 31 ലക്ഷം അംഗങ്ങളുണ്ടായിട്ടും കിട്ടിയത് 23.5 ലക്ഷം വോട്ടുകള്‍; തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th May 2021, 1:32 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുകളില്‍ വലിയ രീതിയിലുള്ള ചോര്‍ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ബി.ജെ.പിയില്‍ 31 ലക്ഷം പേര്‍ പ്രാഥമിക അംഗത്വം എടുത്തിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ആകെ ലഭിച്ചത് വെറും 23.5 ലക്ഷം വോട്ട് മാത്രമാണ്.

ഇതോടെ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പി നേതൃത്വം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമെതിരെ മറുപക്ഷം പ്രതിഷേധം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കെ. സുരേന്ദ്രന്റെയും വി. മുരളീധരന്റെയും നേതൃത്വത്തിന്റെ പരാജയമാണ് കേരളത്തിലെ ബി.ജെ.പിയുടെ ദയനീയ തോല്‍വിക്ക് കാരണമെന്ന തരത്തില്‍ പാര്‍ട്ടിക്കകത്ത് തന്നെ ഭിന്ന സ്വരമുയര്‍ന്നിട്ടുണ്ട്.

സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചരണവും 35 സീറ്റുകള്‍ ലഭിച്ചാല്‍ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന തരത്തില്‍ പ്രചരണം നടത്തിയതും പ്രതികൂലമായി ബാധിച്ചെന്നാണ് വിലയിരുത്തല്‍.

നേരത്തെ തലശ്ശേരിയില്‍ മത്സരിക്കുന്നതിനായി നല്‍കിയ എന്‍. ഹരിദാസിന്റെ നാമനിനിര്‍ദേശ പത്രിക തള്ളിപോയത് ജില്ലാ കമ്മിറ്റിയുടെ ഗുരുതരമായ വീഴ്ചയാണെന്ന് ബി.ജെ.പിയുടെ യോഗം വിലയിരുത്തിയിരുന്നു.

ബി.ജെ.പിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റു കൂടിയായിരുന്ന എന്‍. ഹരിദാസിന്റെ പത്രിക തള്ളിയ നാണക്കേടിനുപുറമേ തലശ്ശേരിയില്‍ എന്തുനിലപാട് എടുക്കണമെന്ന കാര്യത്തിലും തെറ്റിദ്ധാരണകള്‍ ഉണ്ടായി. സംസ്ഥാനനേതൃത്വവും ജില്ലാനേതൃത്വവും വ്യത്യസ്ത അഭിപ്രായം പറഞ്ഞത് ആശയക്കുഴപ്പത്തിനിടയാക്കിയെന്നും വിമര്‍ശനമുയര്‍ന്നിരന്നു.

നേരത്തെ കോഴിക്കോട്ടെ നേതൃയോഗത്തിലും സംസ്ഥാന നേതൃത്വത്തിനും വി. മുരളീധരനുമെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വിമര്‍ശനം ശക്തമായതോടെ മുരളീധരന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.

ബി.ജെ.പി തിരുവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കവും വാര്‍ത്തയായിരുന്നു. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, എസ്. സുരേഷ്, ജെ. ആര്‍ പത്മകുമാര്‍ എന്നിവര്‍ തമ്മിലായിരുന്നു വാക്‌പോര്. മണ്ഡലം പ്രസിഡന്റുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ എല്ലായിടത്തും എന്‍.എസ്.എസ് വോട്ടുകള്‍ ചോര്‍ന്നുവെന്നും വിലയിരുത്തലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: BJP state leadership is being criticized for not getting vote