എഡിറ്റര്‍
എഡിറ്റര്‍
മൂന്ന് ദിവസത്തിനുള്ളില്‍ മാപ്പ് പറയണം; ഗൗരി ലങ്കേഷ് പരാമര്‍ശത്തില്‍ രാമചന്ദ്ര ഗുഹയ്ക്ക് വക്കീല്‍ നോട്ടീസുമായി ബി.ജെ.പി
എഡിറ്റര്‍
Monday 11th September 2017 9:16pm


ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സംഘപരിവാറിനെതിരെ സംസാരിച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ബി.ജെ.പി. യുവമോര്‍ച്ച കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറി കരുണാകര്‍ ഘല്‍സെയാണ് ഗുഹയ്ക്ക് വക്കീല്‍ നോട്ടീസയച്ചത്.


Also Read: ഡിമോണറ്റൈസേഷന്‍ എന്ന പദം വായിക്കാനറിയാത്തവരും തെറ്റില്ലാതെ എഴുതാനറിയാത്തവരുമെല്ലാം ആണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയന്‍


മൂന്ന് ദിവസത്തിനുള്ളില്‍ നിരുപാധികം മാപ്പ് പറയണമെന്നും ഇത്തരം പ്രസ്തവാനകള്‍ നടത്തുന്നതില്‍ നിന്ന് പിന്മാറണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ബി.ജെ.പി പറയുന്നത്. ദേശീയ മാധ്യമമായ സ്‌ക്രോളിനു അനുവദിച്ച അഭിമുഖത്തിലെ പരാമര്‍ശത്തിന്റെ പേരിലാണ് ബി.ജെ.പിയുടെ വക്കീല്‍ നോട്ടീസ്.

‘ധബോല്‍ക്കറിന്റെയും പന്‍സാരയുടെയും കല്‍ബുര്‍ഗിയുടേയും കൊന്ന അതേ സംഘകുടുംബത്തില്‍ നിന്നാണ് ഗൗരി ലങ്കേഷിന്റെയും കൊലപാതകികള്‍ പുറത്ത് വന്നത്.’ എന്നായിരുന്നു സെപ്റ്റംബര്‍ 6 നു സ്‌ക്രോളില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഗുഹ പറഞ്ഞിരുന്നത്.

‘ബി.ജെ.പി സര്‍ക്കാര്‍ സൃഷ്ടിച്ച അസഹിഷ്ണുതയുടെയും വിദ്വേഷ പ്രചരണത്തിന്റേയും സാഹചര്യമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും’ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമര്‍ശങ്ങളാണ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.


Dont Miss:  റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മടക്കിയയക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭ


മറ്റൊരു ദേശീയ മാധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസി’ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും സമാനമായ പ്രസ്താവനകള്‍ ഗുഹ നടത്തിയതായും ബി.ജെ.പി അയച്ച നോട്ടീസില്‍ പറയുന്നു. സംഘടനയ്‌ക്കെതിരെ നിങ്ങള്‍ നടത്തിയ അടിസ്ഥാന രഹിതമായ ആരോപണം ഞെട്ടിക്കുന്നതായിരുന്നെന്നും ആ ഒരു പ്രസ്താവന മാത്രമല്ല അഭിമുഖം മുഴുവന്‍ അങ്ങനെയായിരുന്നെന്നും നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി എട്ടു മണിയോടെയാണ് ബാംഗ്ലൂരിലെ തന്റെ വീടിന് മുമ്പില്‍ വച്ച് ഗൗരി ലങ്കേഷിന് വെടിയേല്‍ക്കുന്നത്. സംഘപരിവാറിന്റെ ഭീഷണി തനിക്കുണ്ടെന്ന് നേരത്തെ അവര്‍ തുറന്നു പറഞ്ഞിരുന്നു. ഹിന്ദുത്വ ദേശീയതക്കെതിരെയും സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയും നിരന്തരം സംസാരിച്ച ഗൗരിയുടെ മരണത്തിനു പിന്നാലെ ആഹ്ലാദവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരുന്നു.

Advertisement