ശരിയാണ്, ഞാന്‍ തെരുവില്‍ നിന്ന് വന്നതാണ്; തന്റെ ചിത്രമുപയോഗിച്ചുള്ള ബി.ജെ.പിയുടെ പോസ്റ്റര്‍ പ്രചരണത്തില്‍ പെരുമാള്‍ മുരുകന്‍
national news
ശരിയാണ്, ഞാന്‍ തെരുവില്‍ നിന്ന് വന്നതാണ്; തന്റെ ചിത്രമുപയോഗിച്ചുള്ള ബി.ജെ.പിയുടെ പോസ്റ്റര്‍ പ്രചരണത്തില്‍ പെരുമാള്‍ മുരുകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th November 2021, 8:22 am

ചെന്നൈ: ബി.ജെ.പി പരിപാടിയുടെ പോസ്റ്ററില്‍ തന്റെ ചിത്രം ഉപയോഗിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍. താന്‍ തെരുവില്‍ നിന്ന് വന്നയാളാണെന്നും അതിനാല്‍ ചേരി നിവാസികള്‍ക്കൊപ്പമുള്ള ചിത്രത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞാന്‍ ചേരികളില്‍നിന്ന് വന്നയാളാണ്, അതിനാല്‍ ഞാന്‍ സന്തോഷവാനാണ്. അവരോടൊപ്പം ചിത്രത്തിലുള്‍പ്പെടാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്,’ പെരുമാള്‍ മുരുകന്‍ പറഞ്ഞു.

ബി.ജെ.പിയടക്കമുള്ള ഹിന്ദുത്വസംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തിയയാളാണ് പെരുമാള്‍ മുരുകന്‍. അതേ പെരുമാള്‍ മുരുകന്റെ ചിത്രമാണ് ബി.ജെ.പി പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ദല്‍ഹിയിലെ ബി.ജെ.പി നടത്തുന്ന ചേരിയാത്രയുടെ പ്രചാരണ പോസറ്ററുകളിലും ബാനറുകളിലുമാണ് പെരുമാള്‍ മുരുകന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്.

ചേരിപ്രദേശത്തുകാരായ രണ്ടു സ്ത്രീകള്‍ക്കും മൂന്നു കുട്ടികള്‍ക്കുമൊപ്പമാണ് പുരുഷനായി പെരുമാള്‍ മുരുകനുള്ളത്. ‘ജുഗ്ഗി സമ്മാന്‍ യാത്ര’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ബാനറില്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പമാണ് പെരുമാള്‍ മുരുകന്റെയും ചിത്രമുള്ളത്.

ആര്‍.എസ്.എസ് സ്ഥാപകദിനമായ വിജയദശമി നാളിലാണ് പരിപാടി ദല്‍ഹിയില്‍ ആരംഭിച്ചത്. മോദി സര്‍ക്കാരിന്റെ പരിപാടികളെ കുറിച്ച് ചേരികളില്‍ താമസിക്കുന്നവര്‍ക്ക് പരിചയപ്പെടുത്തുകയെന്നതാണ് യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്.

ബി.ജെ.പി ദല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ നേതൃത്വത്തിലാണ് ക്യാംപെയ്ന്‍ നടക്കുന്നത്. പെരുമാള്‍ മുരുകന്റെ ചിത്രം ഉപയോഗിച്ചുള്ള പോസ്റ്ററുകള്‍ പുറത്തുവന്നതോടെ ട്വിറ്ററിലടക്കം വ്യാപക പരിഹാസമാണ് ബി.ജെ.പിക്ക് ലഭിക്കുന്നത്.

ബി.ജെ.പിയുടെ സ്ഥിരം ഫോട്ടോഷോപ്പ് പരിപാടി നടത്തുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിച്ചുകൂടെയെന്നാണ് ചിലര്‍ ചോദിക്കുന്നത്. നേരത്തെയും സമാനമായ രീതിയില്‍ വ്യാജ ചിത്രങ്ങള്‍ ബി.ജെ.പി ഭരണ നേട്ടങ്ങളായി പ്രചരിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ബെയ്ജിങ് വിമാനത്താവളത്തിന്റെ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശിലാസ്ഥാപനം നിര്‍വഹിച്ച നോയിഡ വിമാനത്താവളമാണെന്ന പേരില്‍ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP’s poster showing slum dwellers has curious addition: Tamil author Perumal Murugan