സി.എ.എയെ അനുകൂലിച്ച് മുംബൈ സ്‌കൂളില്‍ ബി.ജെ.പി സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം; പരിപാടിക്കെത്തിയ എം.പിയെ ഉത്തരംമുട്ടിച്ച് മാധ്യമപ്രവര്‍ത്തകന്‍
caa
സി.എ.എയെ അനുകൂലിച്ച് മുംബൈ സ്‌കൂളില്‍ ബി.ജെ.പി സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം; പരിപാടിക്കെത്തിയ എം.പിയെ ഉത്തരംമുട്ടിച്ച് മാധ്യമപ്രവര്‍ത്തകന്‍
ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 10:40 am

മുംബൈ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പരിപാടി സംഘടിപ്പിക്കുകയും ഇത്തരമൊരു നിയമം കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിദ്യാര്‍ത്ഥികളെ കൊണ്ട് കത്തയപ്പിക്കുകയും ചെയ്ത് മുംബൈയിലെ സ്‌കൂള്‍.

മുംബൈയിലെ മതുംഗയിലുള്ള ദയാനന്ദ് ബാലക് ബാലിക വിദ്യാലയത്തില്‍ വെള്ളിയാഴ്ചയായിരുന്നു ബി.ജെ.പിയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.

മുന്‍ ബി.ജെ.പി എം.പി കിരിത് സോമയ്യ തിങ്കളാഴ്ച സ്‌കൂള്‍ സന്ദര്‍ശിച്ച് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂളിന് നോട്ടീസ് നല്‍കിയ സംസ്ഥാനത്തെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ മന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു.

പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തെ കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കാനാണ് പരിപാടിയെന്നായിരുന്നു മുന്‍ എം.പിയുടെ വിശദീകരണം. എന്നാല്‍ സ്‌കൂളിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ സി.എ.എയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും മറുപടി നല്‍കാന്‍ എം.പിക്കായില്ല.

രാജ്യമെമ്പാടും പ്രതിഷേധത്തിന് കാരണമായ പൗരത്വ നിയമത്തില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ട് മോദിക്ക് കത്തയക്കുകയും വിദ്യാര്‍ത്ഥികളെ ഇത്തരമൊരു രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതിനെക്കുറിച്ചുള്ള എന്‍ഡിടിവിയുടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക്, ഞാന്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിക്കഴിഞ്ഞതാണെന്ന ഒറ്റ മറുപടി മാത്രമാണ് എം.പി നല്‍കിയത്.

എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ നിരവധി ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചെങ്കിലും 27 തവണയാണ് എം.പി അതേ ഉത്തരം ആവര്‍ത്തിച്ചത്.

സ്‌കൂളുകളില്‍ സി.എ.എ രാഷ്ട്രീയം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു, ബി.ജെ.പി നേതാക്കളും അതില്‍ ഭാഗമാകുന്നുണ്ടല്ലോ? എന്നതായിരുന്നു ആദ്യ ചോദ്യം. അതിന് അദ്ദേഹം മറുപടി നല്‍കിയില്ല.

*നിയമത്തെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികള്‍ ആണെന്നാണല്ലോ വിദ്യാര്‍ത്ഥികളോട് നിങ്ങള്‍ പറയുന്നത്?

* ഇത്തരമൊരു പരിപാടി ഒരു സ്‌കൂളില്‍ സംഘടിപ്പിക്കുന്നത് തെറ്റല്ലേ?

*സിഎഎയെക്കുറിച്ച് ചെറിയ കുട്ടികളോട് പറയുകയും സര്‍ക്കാരിനു പോസ്റ്റ്കാര്‍ഡുകള്‍ എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് ശരിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

* ഈ ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ പക്കല്‍ ഉത്തരമില്ലേ? എന്നിങ്ങനെ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ഒന്നും അദ്ദേഹം മറുപടി പറഞ്ഞില്ല.

ഒടുവില്‍ ഇത് ഒരു മെഷീനോട് ചോദിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ് പിന്‍വാങ്ങുകയായിരുന്നു മാധ്യമപ്രവര്‍ത്തകന്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇത് ഒരു ബി.ജെ.പി പരിപാടി മാത്രമായിരുന്നെന്ന് പറഞ്ഞ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രസ്റ്റ് അംഗം രംഗത്തെത്തി.

സ്‌കൂള്‍ മൈതാനത്ത് പരിപാടി സംഘടിപ്പിക്കുകയായിരുന്നു. ഞങ്ങള്‍ പ്രിന്‍സിപ്പലിനെ ക്ഷണിച്ചു. സ്‌കൂള്‍ സമയം കഴിഞ്ഞതിന് ശേഷം അദ്ദേഹം എത്തി. ചില വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സിഎഎയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിച്ചു, ചില വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. അല്ലാതെ സ്‌കൂളിന് പരിപാടിയുമായി ഒരു ബന്ധവുമില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ മോദിയ്ക്ക് നന്ദി രേഖപ്പെടുത്തി വിദ്യാര്‍ത്ഥികളെക്കൊണ്ട് കത്തയപ്പിച്ച വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

മതം അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമത്തിനെതിരെ വിദ്യാര്‍ത്ഥികളും പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹ്യപ്രവര്‍ത്തകരും സിനിമാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുമടക്കം രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നതിനിടെയാണ് മുംബൈ സ്‌കൂളില്‍ ബി.ജെ.പി പരിപാടി സംഘടിപ്പിച്ചത്. നേരത്തെ ഗുജറാത്തിലെ വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടും ഇത്തരത്തില്‍ പ്രധാനമന്ത്രിക്ക് കത്തയപ്പിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ