ബി.ജെ.പി വോട്ട് രാഷ്ട്രീയത്തിന് എതിര്, എല്ലാ മതങ്ങളേയും പാര്‍ട്ടി കാണുന്നത് ഒരുപോലെ: ജെ.പി. നദ്ദ
national news
ബി.ജെ.പി വോട്ട് രാഷ്ട്രീയത്തിന് എതിര്, എല്ലാ മതങ്ങളേയും പാര്‍ട്ടി കാണുന്നത് ഒരുപോലെ: ജെ.പി. നദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th June 2022, 9:23 am

ന്യൂദല്‍ഹി: ബി.ജെ.പി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നില്ലെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. എല്ലാവര്‍ക്കും തുല്യ നീതി വേണമെന്നതില്‍ പാര്‍ട്ടി ഉറച്ച് വിശ്വസിക്കുന്നുണ്ടെന്നും നദ്ദയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘സബ്കാ സാത്ത്, സബ്കാ വിശ്വാസ്, സബ്കാ പ്രാര്‍ത്ഥന’ എന്ന ആശയത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും നദ്ദ പറഞ്ഞ.

ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ രാജ്യത്ത് പ്രതിഷേധം വ്യാപകമായിരിക്കുന്നതിന് പിന്നാലെയാണ് നദ്ദയുടെ പരാമര്‍ശം.

ന്യൂനപക്ഷങ്ങളോടുള്ള ബി.ജെ.പിയുടെ സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബി.ജെ.പി എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നു എന്നായിരുന്നു നദ്ദയുടെ മറുപടി.

കഴിഞ്ഞ ദിവസം പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ നുപുര്‍ ശര്‍മ, നവീന്‍ ജിന്‍ഡാല്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജുമുഅ നമസ്‌കാരത്തിന് ശേഷം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിശ്വാസികള്‍ തെരുവില്‍ പ്രതിഷേധം നടത്തിയിരുന്നു.

പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ പൊലീസ് വെടിവെയപ്പില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു.

റാഞ്ചി മെയിന്‍ റോഡില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് മുസ്ലിങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ റാഞ്ചിയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ടൈംസ്നൗ ചാനല്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു നുപുറിന്റെ വിദ്വേഷ പരാമര്‍ശം. ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ പ്രവാചകനെതിരെ നുപുര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

സംഭവത്തെ അപലപിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളടക്കം രംഗത്തെത്തിയതോടെ നുപുര്‍ ക്ഷമാപണം നടത്തിയിരുന്നു.

വിവാദം കനത്തതോടെ പ്രധാനമന്ത്രിയ്‌ക്കെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ഈ മാസം 22ന് നുപുര്‍ ശര്‍മയെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

Content highlight: BJP respects every religion says nadda amid protests ion controversial remark about prophet