'മോദിയെ കണ്ടത് സഖ്യത്തിനല്ല'; എന്‍.ഡി.എ-വൈ.എസ്.ആര്‍ സഖ്യ സാധ്യതകള്‍ തള്ളി ബി.ജെ.പി
national news
'മോദിയെ കണ്ടത് സഖ്യത്തിനല്ല'; എന്‍.ഡി.എ-വൈ.എസ്.ആര്‍ സഖ്യ സാധ്യതകള്‍ തള്ളി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th October 2020, 9:11 am

ന്യൂദല്‍ഹി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്‍.ഡി.എയിലേക്കെന്ന വാദം നിരസിച്ച് ബി.ജെ.പി. അത്തരമൊരു നീക്കം ഇരുവര്‍ക്കുമിടയില്‍ ഇല്ലെന്നാണ് ബി.ജെ.പി വ്യക്തമാക്കിയത്. തിങ്കളാഴ്ച ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായ ജഗന്‍മോഗന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്‍.ഡി.എയിലേക്കോ എന്ന സംശയം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി ഈ വാദം നിരസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സെപ്തംബര്‍ 24 ന് ജഗന്‍മോഹന്‍ റെഡ്ഡി ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിട്ടിരുന്നു.ഈ സാഹചര്യത്തില്‍ എന്‍.ഡി.എയുടെ ഭാഗമായി റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവായ രാംദാസ് അത്തേവാല തങ്ങള്‍ പുതിയ ആളുകളെ സഖ്യത്തിലേക്ക് ക്ഷണിക്കുന്നെന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് ജഗന്‍മോഹന്‍ റെഡ്ഡിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വഴിവെച്ചത്.

രാഷ്ട്രീയം ചര്‍ച്ച ചെയ്യാനല്ല പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ബി.ജെ.പിയുടെ ആന്ധ്രാ പ്രദേശ് ദേശീയ സെക്രട്ടറി സുനില്‍ ദിയോദാര്‍ പറഞ്ഞു.

‘ഞങ്ങള്‍ ആന്ധ്രാ പ്രദേശിലെ ജനസേനാ പാര്‍ട്ടിയുമായി സഖ്യത്തിലാണ്. പക്ഷെ തെലുങ്ക് ദേശം പാര്‍ട്ടിയുമായും വൈ.എസ്.ആര്‍ കോണ്‍ഗ്രസുമായും സമദൂരം പാലിക്കും,’ സുനില്‍ ദിയോദാര്‍ പറഞ്ഞു.

രണ്ട് തവണ ദല്‍ഹി സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കു ദേശം പാര്‍ട്ടി രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ എന്തിനാണ് അദ്ദേഹവും എം.പിമാരും ഇത്ര രഹസ്യമായി കൊണ്ട് നടക്കുന്നത്? തന്റെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ സി.ബി.ഐയുടെ തുടരന്വേഷണം ഉണ്ടാവുന്നതിന് മുമ്പ് സ്വയം രക്ഷ നേടിയതായിരുന്നെന്നും ടി.ഡി.പി പറഞ്ഞു.

നേരത്തെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജഗന്‍മോഗന്‍ റെഡ്ഡിക്കെതിരെ കേസെടുത്തിരുന്നു.

അതേസമയം എന്‍.ഡി.എയുമായി സഖ്യമുണ്ടാക്കാനൊരുങ്ങുന്നെന്ന രാഷ്ട്രീയ വിവാദങ്ങളില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP refutes rumours of YSR Congress will join NDA