ജാര്‍ഖണ്ഡില്‍ പത്ത് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ച് ബി.ജെ.പി
India
ജാര്‍ഖണ്ഡില്‍ പത്ത് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ച് ബി.ജെ.പി
ന്യൂസ് ഡെസ്‌ക്
Monday, 11th November 2019, 11:29 am

റാഞ്ചി: നവംബര്‍ 30 ന് ആരംഭിക്കുന്ന ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നപ്പോള്‍ പത്ത് സിറ്റിങ് എം.എല്‍.എമാരുടെ പേര് വെട്ടി ബി.ജെ.പി.

52 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയാണ് ബി.ജെ.പി പുറത്തിറക്കിയിരിക്കുന്നത്. മുന്‍മന്ത്രിമാരായ രാധാകൃഷ്ണ കിഷോര്‍, വിമല പ്രദാന്‍ എന്നിവര്‍ക്കുള്‍പ്പെടെ സീറ്റ് നഷ്ടമായിട്ടുണ്ട്.

അതേസമയം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എംഎം), ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (ജെ.വി.എം) എന്നീ പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയിലെത്തിയ എല്ലാ നിയമസഭാംഗങ്ങളെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി രഘുബാര്‍ ദാസ് തന്റെ നിയോജകമണ്ഡലമായ ജംഷദ്പൂര്‍ ഈസ്റ്റില്‍ നിന്ന് മത്സരിക്കും. ജംഷദ്പൂര്‍ വെസ്റ്റില്‍ നിന്നോ മറ്റ് മണ്ഡലങ്ങളില്‍ നിന്നോ നാമനിര്‍ദ്ദേശം ചെയ്യപ്പെടാത്തതിനാല്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവും ഭക്ഷ്യമന്ത്രിയുമായ സരിയു റായി മത്സരിക്കുമോ എന്ന് വ്യക്തമല്ല.

പാര്‍ട്ടി സിറ്റിങ് എം.പി അനന്ത് ഓജ രാജമഹല്‍ സീറ്റില്‍ നിന്ന് മത്സരിക്കും. മന്ത്രിമാരായ ലൂയിസ് മറാണ്ടി, നീര യാദവ്, സി.പി സിംഗ്, രാംചന്ദ്ര ചന്ദ്രവാണി എന്നിവരോട് പഴയ നിയോജകമണ്ഡലങ്ങളില്‍ തന്നെ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊലപാതക കേസുകളടക്കം നിരവധി കേസുകളില്‍ അകപ്പെട്ട വിവാദ എം.എല്‍.എ ദുല്ലു മഹ്‌തോയെ ബാഗ്മാര സീറ്റില്‍ നിന്നാണ് നാമനിര്‍ദേശം ചെയ്തത്. സിറ്റിംഗ് എം.എല്‍.എ രാജ് സിന്‍ഹയോട് ധന്‍ബാദ് സര്‍ദറില്‍ നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

ജരിര മണ്ഡലത്തിലെ നിലവിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റി, ജയിലില്‍ കഴിയുന്ന എം.എല്‍.എ സഞ്ജീവ് സിങ്ങിന്റെ ഭാര്യ രാഗിണി സിങ്ങിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കോണ്‍ഗ്രസ് അഞ്ച് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് മേധാവിയും മുന്‍ കേന്ദ്രമന്ത്രിയുമായ രമേശ്വര്‍ ഒറയോണ്‍ ലോഹര്‍ദഗ്ഗയില്‍ നിന്നും മുന്‍ എം.പിയായ ചന്ദ്രശേഖര്‍ ദുബെ പലമു ജില്ലയിലെ ബിശ്രാംപൂരില്‍
നിന്നും മത്സരിക്കും.

സഖ്യത്തിലെ വലിയ കക്ഷിയായ ജെ.എം.എം 43 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. സിറ്റിങ് എം.എല്‍.എ ചര്‍മ ലിന്‍ഡ ബിഷുന്‍പുരിലും ഭുഷന്‍ തിര്‍ക്കെ ഗുംലയിലും മിതിലേഷ് കുമാര്‍ താക്കൂര്‍ ഗര്‍വയിലുമാണ് മത്സരിക്കുക. ലതേഹാറില്‍ ആര് എന്നത് ജെ.എം.എം പ്രഖ്യാപിച്ചിട്ടില്ല.

ആര്‍.ജെ.ഡിയും കോണ്‍ഗ്രസും അഞ്ച് സീറ്റുകളിലേക്ക് വീതമുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ആര്‍.ജെ.ഡിയുടെ പട്ടിക പ്രകാരം മുന്‍മന്ത്രി സുരേഷ് പസ്വാന്‍ ദേവ്ഘറിലും പാര്‍ട്ടിയുടെ മുന്‍കാല പടക്കുതിര സഞ്ജയ് സിങ് യാദവ് ഹുസൈനാബാദിലും സഞ്ജയ് പ്രസാദ് യാദവ് ഗോദ്ദയിലുമാണ് ജനവിധി തേടുക. പാര്‍ട്ടിയിലെ പുതുമുഖം വിജയ് റാമിനെ ആര്‍.ജെ.ഡി ചത്തര്‍പുരിലാണ് ഇറക്കുന്നത്.

അതേസമയം, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബി.ജെ.പി മുന്‍ എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബര്‍ഹി മുന്‍ എം.എല്‍.എയായ ഉമാശങ്കര്‍ അകേലയാണു ഞായറാഴ്ച ബി.ജെ.പി വിട്ടത്.

ബര്‍ഹിയില്‍ നിന്നു വീണ്ടും മത്സരിക്കാന്‍ ബി.ജെ.പി സീറ്റ് നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് അകേല പാര്‍ട്ടി വിട്ടതെന്ന് ഹസാരിബാഗിലെ കോണ്‍ഗ്രസ് നേതാവ് ദേവ്രാജ് കുശ്വഹ പറഞ്ഞു.

2009ല്‍ എം.എല്‍.എയായിരുന്ന അകേല, കഴിഞ്ഞതവണ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മനോജ് യാദവിനോടു പരാജയപ്പെട്ടിരുന്നു. യാദവ് അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബര്‍ഹിയില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് യാദവ്.

ഇതോടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ബര്‍ഹിയില്‍ നിന്നു മത്സരിക്കാന്‍ അകേലയ്ക്കു സാധ്യതകള്‍ തെളിഞ്ഞു.

അഞ്ച് ഘട്ടങ്ങളിലായി സംസ്ഥാനത്തു നടക്കുന്ന തെരഞ്ഞെടുപ്പ് ഈ മാസം 30-നാണ് ആരംഭിക്കുക. ഡിസംബര്‍ 20 വരെ അതു തുടരും. ഡിസംബര്‍ 23-നാണു വോട്ടെണ്ണല്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ