ബംഗാളില്‍ ബി.ജെ.പിയും തൃണമൂലും നേര്‍ക്കുനേര്‍; ബി.ജെ.പി രഥയാത്രയെ വെല്ലുവിളിച്ച് ജനസമര്‍ത്ഥന്‍ യാത്രയുമായി തൃണമൂല്‍
national news
ബംഗാളില്‍ ബി.ജെ.പിയും തൃണമൂലും നേര്‍ക്കുനേര്‍; ബി.ജെ.പി രഥയാത്രയെ വെല്ലുവിളിച്ച് ജനസമര്‍ത്ഥന്‍ യാത്രയുമായി തൃണമൂല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th February 2021, 4:31 pm

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ബംഗാളില്‍ രഥയാത്ര നടത്തി ശക്തിപ്രകടനത്തിനൊരുങ്ങുന്ന ബി.ജെ.പിയെ വെല്ലുവിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രഥയാത്ര നടക്കുന്ന ഫെബ്രുവരി 6 ന് തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മറ്റൊരു പ്രചരണയാത്ര സംഘടിപ്പിച്ചാണ് മമത തിരിച്ചടിച്ചത്.

ബംഗാളിലെ നാദിയയില്‍ ഫെബ്രുവരി ആറിന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ പരിവര്‍ത്തന്‍ രഥയാത്രയ്ക്ക് തുടക്കം കുറിക്കാനിരിക്കെയാണ് അതേ സ്ഥലത്ത് തൃണമൂല്‍ നേതാക്കളുടെ ശക്തിപ്രകടനം നടത്തുമെന്ന് മമത അറിയിച്ചത്.

രണ്ട് ദിവസം ദൈര്‍ഘ്യമുള്ള മോട്ടോര്‍ സൈക്കിള്‍ റാലിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആയിരത്തിലധികം അണികള്‍ മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ പങ്കെടുക്കും.

നേരത്തെ ബി.ജെ.പിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് അനുമതി നല്‍കുകയായിരുന്നു. ഇതിനുപിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് യുവസംഘടനയ്ക്ക് അതേസ്ഥലത്ത് തന്നെ ശക്തിപ്രകടനത്തിന് അനുമതി നല്‍കിയത്.

പരിവര്‍ത്തന്‍ രഥയാത്രയെന്നാണ് ബി.ജെ.പിയുടെ പ്രചരണപരിപാടിയുടെ പേര്. തങ്ങളുടേത് ജനസമര്‍ത്ഥന്‍ യാത്രയെന്നാണ് തൃണമൂല്‍ നേതൃത്വം അറിയിച്ചത്.

അതേസമയം ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ശക്തമായ പ്രകടനമാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളില്‍ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ചില നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.

എന്നാല്‍ തൃണമൂലില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Mamatha Banerjee Open Fight Aganist Bjp Rathyatra