ബംഗാളിലെ ബി.ജെ.പി റാലിയില്‍ അമിത് ഷാ പങ്കെടുക്കില്ല;  തീരുമാനം റാലിക്കെതിരായ ഹൈക്കോടതി വിധിക്കു പിന്നാലെ
national news
ബംഗാളിലെ ബി.ജെ.പി റാലിയില്‍ അമിത് ഷാ പങ്കെടുക്കില്ല; തീരുമാനം റാലിക്കെതിരായ ഹൈക്കോടതി വിധിക്കു പിന്നാലെ
ന്യൂസ് ഡെസ്‌ക്
Friday, 7th December 2018, 2:03 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൂച്ച് ബെഹാറില്‍ നിശ്ചയിച്ചിരുന്ന റാലിയില്‍ നിന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്മാറി. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന റാലിയില്‍ പങ്കെടുക്കില്ലെന്ന് അമിത് ഷാ അറിയിച്ചു.

പകരം ദല്‍ഹിയില്‍ ഉച്ചയോടെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.

പശ്ചിമ ബംഗാളില്‍ ബി.ജെ.പി. നടത്താനിരുന്ന രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ വിധിയ്‌ക്കെതിരെ ബി.ജെ.പി കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും ചെയ്തിരുന്നു. 12.30ന് ഡിവിഷന്‍ ബെഞ്ച് ഈ ഹരജിയില്‍ വാദം കേള്‍ക്കുമെന്നാണ് അറിയിച്ചത്. ഇതിനിടയിലാണ് പരിപാടിയില്‍ അമിത് ഷാ പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

രഥയാത്രക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് മമതാ സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. മതിയായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാറിന് സമയം ലഭിച്ചിട്ടില്ലെന്ന് മമതാ സര്‍ക്കാറിന്റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി നടപടി. 2019 ജനുവരി ഒമ്പതുവരെ റാലിപോലുള്ള പരിപാടികളൊന്നും സംഘടിപ്പിക്കരുതെന്നും ബി.ജെ.പിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Also Read:ഛത്തീസ്ഗഢില്‍ ഇ.വി.എമ്മുകള്‍ സൂക്ഷിച്ച റൂമില്‍ ലാപ്‌ടോപ്പുമായി എത്തിയ യുവാക്കള്‍ കസ്റ്റഡിയില്‍: റിലയന്‍സ് ജിയോ ജീവനക്കാരെന്ന് അവകാശവാദം

റാലിക്ക് കോടതി അനുമതി നിഷേധിച്ച സാഹചര്യത്തില്‍ പൊതുയോഗം സംഘടിപ്പിക്കുമെന്ന് ഹിയറിങിന് ശേഷം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗോഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊതുയോഗത്തിന് കോടതിയുടെ വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം യാത്ര നടത്താനായിരുന്നു ബി.ജെ.പി.യുടെ പദ്ധതി. സംസ്ഥാനത്തെ 42 നിയോജക മണ്ഡലങ്ങളേയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു യാത്ര. കൂടാതെ ജനുവരി മാസത്തില്‍ കൊല്‍ക്കത്തയില്‍ മഹാറാലി സംഘടിപ്പിക്കുവാന്‍ ബി.ജെ.പി പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി. നേതൃത്വം അറിയിച്ചിരുന്നു.