അമിത്ഷാ നാളെ കേരളത്തില്‍; സാധ്യതാ പട്ടികയെ ചൊല്ലിയുള്ള ബി.ജെ.പിയിലെ ഭിന്നത പ്രധാന ചര്‍ച്ചയായേക്കാം
D' Election 2019
അമിത്ഷാ നാളെ കേരളത്തില്‍; സാധ്യതാ പട്ടികയെ ചൊല്ലിയുള്ള ബി.ജെ.പിയിലെ ഭിന്നത പ്രധാന ചര്‍ച്ചയായേക്കാം
ന്യൂസ് ഡെസ്‌ക്
Thursday, 21st February 2019, 8:20 am

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി. ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തില്‍. പ്രധാന മന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പിന്നാലെയാണ് അമിതാഷായുടെ കേരള സന്ദര്‍ശനം.

പാലക്കാടാണ് അമിത്ഷാ ആദ്യം സന്ദര്‍ശനം നടത്തുന്നത്. പാലക്കാട് ലോക്‌സഭാ മണ്ഡലങ്ങളുടെ കണ്‍വീനര്‍മാര്‍, ജില്ലാ പ്രസിഡന്റുമാര്‍, വിസ്താരക് എന്നിവരുടെ യോഗത്തിലും വോട്ടര്‍ പട്ടിക പേജിന്റെ ഉത്തരവാദിത്തമുള്ളവര്‍, ബൂത്ത് കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗത്തിലും പങ്കെടുക്കുന്ന അദ്ദേഹം സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുമെന്നാണു സൂചന.

ALSO READ: സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസിനോട് പറഞ്ഞ് മടുത്തു: അരവിന്ദ് കെജ്‌രിവാള്‍

ബി. ജെ.പി യുടെ സാധ്യതാ പട്ടികയെ ചൊല്ലിയുള്ള പ്രശ്‌നങ്ങളും ചര്‍ച്ചയായേക്കം. ബി. ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഏകപക്ഷീയമായി സാധ്യതാ പട്ടിക കേന്ദ്രത്തിന് അയച്ചതില്‍ കെ. മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും അതൃപ്തി അറിയിച്ചിരുന്നു.

പട്ടികയില്‍ മുരളീധരവിഭാഗം നേതാവായ കെ. സുരേന്ദ്രനെ മൂന്നുമണ്ഡലങ്ങളിലേക്കാണ് പരിഗണിച്ചിരിക്കുന്നത്. കെ. സുരേന്ദ്രന്‍ താത്പര്യം പ്രകടിപ്പിച്ച തൃശ്ശൂര്‍ കൂടാതെ കാസര്‍കോട്ടും, തിരുവനന്തപുരത്തും സുരേന്ദ്രന്റെ പേരുകളുണ്ട്. ചര്‍ച്ചകള്‍ക്കൊടുവില്‍ കാസര്‍കോട് സീറ്റിലേക്ക് എത്താന്‍ ഇടയുണ്ടെന്നതിനാലാണ് മുരളീധര വിഭാഗത്തിന്റെ അതൃപ്തി. തൃശ്ശൂര്‍ സീറ്റിനെ ചൊല്ലിയാണ് കൃഷ്ണദാസ് പക്ഷത്തിന്റെ അതൃപ്തി. എന്നാല്‍ അങ്ങനെയൊരു പട്ടിക നല്‍കിയിട്ടില്ലെന്നു ശ്രീധരന്‍പിള്ള മറുപടി പറഞ്ഞെങ്കിലും അതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ബി.ജെ.പിയില്‍ നടക്കുന്നുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെന്ന് അറിയിച്ചതോടെ ബി.ജി.ഡി.എസ് സീറ്റിനെ ചൊല്ലിയും പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ പുകയുന്നുണ്ട്.