എഡിറ്റര്‍
എഡിറ്റര്‍
സംവരണസമരത്തില്‍ നിന്ന് പിന്‍മാറാന്‍ ബി.ജെ.പി 1200 കോടി വാഗ്ദാനം ചെയ്‌തെന്ന് ഹാര്‍ദിക് പട്ടേല്‍
എഡിറ്റര്‍
Thursday 23rd November 2017 8:03am

 

അഹമ്മാദാബാദ്: സംവരണപ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറാന്‍ ബി.ജെ.പി 1200 കോടി വാഗ്ദാനം ചെയ്‌തെന്ന് ഗുജറാത്തിലെ പട്ടേല്‍വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേല്‍. എന്നാല്‍ പണം കൈപ്പറ്റുന്നതിനു പകരം സമരം ചെയ്യുകയും ജയിലില്‍ പോകുകയായുമായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞു.

‘സമരത്തില്‍നിന്ന് തന്നെയും പട്ടേല്‍ വിഭാഗത്തിനെയും പിന്തിരിപ്പിക്കാനാണ് ഭീമമായ തുക വാഗ്ദാനം ചെയ്തത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയില്‍ (പി.എ.എ.എസ്) പിളര്‍പ്പുണ്ടാക്കാന്‍ ബി.ജെ.പി 200 കോടി വകയിരുത്തി. വടക്കന്‍ ഗുജറാത്തിലും മറ്റും പിഎഎഎസ് കണ്‍വീനര്‍മാരെ ലക്ഷങ്ങള്‍ നല്‍കി ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നു. ഓരോരുത്തര്‍ക്കും 50 ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തു.’


Also Read: ‘ഇവിടെ ഒരു പത്മാവതിയും അനുവദിക്കില്ല’; ബന്‍സാലി ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി


രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെടാന്‍ പി.എ.എ.എസ് നേതാക്കളോ പ്രവര്‍ത്തകരോ ആഗ്രഹിക്കുന്നില്ലെന്നും ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുമെന്നും ഹാര്‍ദ്ദിക് കൂട്ടിച്ചേര്‍ത്തു. അച്ഛനോ അമ്മയോ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചാല്‍പ്പോലും വോട്ട് ചെയ്യില്ല. ഗുജറാത്തിനെ വഴിതെറ്റിക്കുന്ന ബി.ജെ.പി നേതാക്കള്‍ ജനങ്ങളെ വെറും പൂജ്യമായിട്ടാണ് കണക്കാക്കുന്നതെന്നും പട്ടേല്‍ പറഞ്ഞു.

പട്ടേല്‍ വിഭാഗത്തിന് സംവരണം അനുവദിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയതായി ഹാര്‍ദിക് പട്ടേല്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അവര്‍ ഈ വിഷയം ഉന്നയിക്കും. ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ സംവരണവിഷയത്തില്‍ നിയമം കൊണ്ടുവരും. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംവരണം പട്ടേല്‍വിഭാഗത്തിന് ലഭിക്കും.


Also Read: യോഗി നിങ്ങള്‍ ഏറ്റമുട്ടല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുകയാണോ ? യു.പിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്; 6 മാസത്തിനിടെ സംസ്ഥാനത്ത് 19 ഏറ്റുമുട്ടല്‍ കൊലകള്‍


മണ്ഡല്‍ കമ്മീഷന്‍ മാര്‍ഗ നിര്‍ദേശപ്രകാരം സര്‍വേ നടത്തി സംവരണം നിശ്ചയിക്കുന്നതിലൂടെ പട്ടേല്‍വിഭാഗത്തിനൊപ്പം മറ്റ് സമുദായങ്ങള്‍ക്കും നേട്ടമുണ്ടാകുമെന്നും ഹാര്‍ദിക് പ്രതീക്ഷിക്കുന്നു. ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് പി.എ.എ.എസ് കോണ്‍ഗ്രസിനെത്തന്നെ പിന്തുണയ്ക്കുമെന്ന വ്യക്തമായ സൂചന ഹാര്‍ദിക് പട്ടേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

അടുത്ത രണ്ടരവര്‍ഷത്തേക്കുകൂടി ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരാന്‍ തനിക്ക് താല്‍പ്പര്യമില്ല. ടിക്കറ്റിനുവേണ്ടി ആരുടെയും പിന്നാലെ നടന്നിട്ടില്ല. ആര്‍ക്കെങ്കിലും സീറ്റ് കൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടില്ല. തന്റെ പോരാട്ടം സംവരണത്തിനുവേണ്ടിമാത്രമാണെന്നും ഹാര്‍ദിക് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement