എഡിറ്റര്‍
എഡിറ്റര്‍
ഗുര്‍മീത് തടവിലായതോടെ സാക്ഷി മഹാരാജിന്റെ യൂടേണ്‍: അയാളെ വിശ്വസിക്കരുതെന്ന് ജനങ്ങള്‍ക്ക് ഉപദേശം
എഡിറ്റര്‍
Tuesday 29th August 2017 1:18pm

ന്യൂദല്‍ഹി: ഗുര്‍മീത് റാം റഹീമിനെ ഇരുപതുവര്‍ഷം കഠിന തടവിനു വിധിച്ച കോടതി വിധി വന്നതിനു പിന്നാലെ അദ്ദേഹത്തിനെ പിന്തുണച്ചുള്ള മുന്‍നിലപാടില്‍ നിന്നും മലക്കംമറിഞ്ഞ് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നാണ് സാക്ഷി മഹാരാജ് ഇപ്പോള്‍ പറയുന്നത്.

കോടതി മാത്രമാണ് ഗുര്‍മീതിനെ കുറ്റക്കാരനായി കാണുന്നതെന്ന മുന്‍നിലപാടും മാറി. താന്‍ കോടതി വിധിയെ ബഹുമാനിക്കുന്നയാളാണെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്.

‘ റാം റഹീമിന് അനുകൂലമായി ഒന്നും സംസാരിച്ചിട്ടില്ല. എന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. റാം റഹീമിന് എതിരായ കോടതി വിധി ഞാന്‍ മാനിക്കുന്നു. വിശ്വാസത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടവരുടെ വിജയമാണ് അത്.’ സാക്ഷി മഹാരാജ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.


Also Read: ധൈര്യമുണ്ടെങ്കില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വി.വി പാറ്റ് ഉപയോഗിക്കൂ; അട്ടിമറി നടത്താതെ ബി.ജെ.പിക്ക് വിജയിക്കാനാവില്ലെന്നും കെജ്‌രിവാള്‍


രാംപാലും ആശാറാമുമൊന്നും സന്യാസിയല്ലെന്നാണ് സാക്ഷി മഹാരാജ് ഇപ്പോള്‍ പറയുന്നത്. ‘രാംപാലിനെയും ആശാറാമിനെയും റാം റഹീമിനെയും പോലുള്ളയാളുകള്‍ സന്യാസിമാരല്ല. ഇതുപോലുള്ള ബാബമാരെ ആരാധിക്കുന്നതിനുമുമ്പ് ആളുകള്‍ രണ്ടുവട്ടം ചിന്തിക്കണം.’ അദ്ദേഹം ഉപദേശിക്കുന്നു.

റാം റഹീമിനെ കുറ്റക്കാരനാക്കിയുള്ള കോടതി വിധി വന്നതിനുപിന്നാലെ അദ്ദേഹത്തെ ശക്തമായി പിന്തുണച്ചു രംഗത്തുവന്ന വ്യക്തിയാണ് സാക്ഷി മഹാരാജ്. ‘ഞാന്‍ കോടതി വിധിയെ ബഹുമാനിക്കുന്നു. പക്ഷെ കോടിക്കണക്കിന് ആളുകള്‍ റാം റഹീമിനെ പിന്തുണയ്ക്കുന്നവരാണ്. ഒരാള്‍ മാത്രമാണ് പരാതിപ്പെടുന്നത്. കോടിക്കണക്കിനാളുകളാണോ അല്ലെങ്കില്‍ ഈ ഒരാളാണോ ശരി?’ എന്നായിരുന്നു സാക്ഷി മഹാരാജ് അന്നു പറഞ്ഞത്.

Advertisement