എഡിറ്റര്‍
എഡിറ്റര്‍
‘കൊല്ലപ്പെട്ട ആ 14 യുവാക്കളുടെ വേദനയാണ് ബി.ജെ.പിക്കെതിരെ വോട്ടു ചെയ്യിച്ചത്’ ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ
എഡിറ്റര്‍
Wednesday 9th August 2017 12:06pm

അഹമ്മദാബാദ്: പട്ടേല്‍ സമുദായം നടത്തിയ സമരത്തിനിടെ കൊല്ലപ്പെട്ട 14 യുവാക്കളുടെ വേദനയാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വോട്ടു ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബി.ജെ.പി എം.എല്‍.എ നളിന്‍ കൊടാദിയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘പട്ടേല്‍ സമരവേളയില്‍ മരിച്ച 14 യുവാക്കളുടെ വേദന കണ്ട ഞാന്‍ ബി.ജെ.പിക്കെതിരെ വോട്ടു ചെയ്യുന്നു.’ അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ നിര്‍ണായകമായത് നളിന്‍ കോടാദിയയുടെ വോട്ടായിരുന്നു. 44 വോട്ടുകളാണ് അഹമ്മദ് പട്ടേല്‍ നേടിയത്.

രാജ്യത്തെ എട്ടുമണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു അഹമ്മദ് പട്ടേലിന്റെ വിജയം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കു തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്. 176 എം.എല്‍.എമാര്‍ വോട്ടു ചെയ്തതായി ഗുജറാത്ത് ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

ഇതില്‍ ഭോലാഭായ് ഗോഹില്‍, രാഘവ്ജിഭായ് പട്ടേല്‍ എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കൂറുമാറി വോട്ടു ചെയ്യുകയും അമിത് ഷായെ ബാലറ്റ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തത്. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച ഇവരുടെ വോട്ടുകള്‍ അസാധുവാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് വോട്ടെണ്ണല്‍ നീണ്ടത്.

പരാതിയുമായി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ ശ്രദ്ധാകേന്ദ്രം ഗുജറാത്തില്‍നിന്നു ദല്‍ഹിയിലേക്കു മാറി.

കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരും തിരഞ്ഞെടുപ്പു കമ്മിഷനെ കാണാന്‍ നേരിട്ടെത്തി. ഇതേത്തുടര്‍ന്ന് രാത്രി 11.30ഓടെ തെരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബാലറ്റ് രഹസ്യം സൂക്ഷിക്കുകയെന്ന ചട്ടം ലംഘിച്ചെന്നും കണ്ടെത്തി.

വോട്ടെണ്ണല്‍ ഉടന്‍ പുനരാരംഭിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും ബി.ജെ.പി വാക്കാല്‍ വീണ്ടും പരാതി നല്‍കുകയും നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ നീക്കം നടത്തുകയും ചെയ്തു. ഇതുകാരണം 1.45 ഓടെയാണ് വോട്ടെണ്ണല്‍ പുനരാരംഭിച്ചത്.

രണ്ടു വോട്ടുകള്‍ അസാധുവായതോടെ ഒരു സ്ഥാനാര്‍ഥിക്കു ജയിക്കാന്‍ വേണ്ട കുറഞ്ഞ വോട്ട് 44 ആയി. നേരത്തേ 45 ആയിരുന്നു. 43 കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും എന്‍.സി.പി, ജെഡിയു എന്നിവയുടെ ഓരോ എം.എല്‍.എമാരുടെയും ഒരു ബി.ജെ.പി വിമതന്റെയും അടക്കം 46 വോട്ടു കിട്ടുമെന്നു പ്രതീക്ഷിച്ച അഹമ്മദ് പട്ടേലിനു പക്ഷേ, കൃത്യം 44 വോട്ടേ കിട്ടിയുള്ളൂ.

Advertisement