കര്‍ണാടകയിലെ വിമത എം.എല്‍.എമാരെ ഒരുമിച്ചു നിര്‍ത്തിയതിനു പിന്നില്‍ ഈ ബി.ജെ.പി നേതാവാണ്
Karnataka crisis
കര്‍ണാടകയിലെ വിമത എം.എല്‍.എമാരെ ഒരുമിച്ചു നിര്‍ത്തിയതിനു പിന്നില്‍ ഈ ബി.ജെ.പി നേതാവാണ്
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 11:58 am

 

കര്‍ണാടക രാഷ്ട്രീയം പൊട്ടിത്തെറിയുടെ വക്കിലെത്തിയിട്ട് രണ്ടാഴ്ചകളായി. ഭരണകക്ഷിയായ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തിലുള്‍പ്പെട്ട 14 എം.എല്‍.എമാര്‍ രാജിവെച്ചിരിക്കുകയാണ്. എന്നാല്‍ സ്പീക്കര്‍ രമേഷ് കുമാര്‍ ഇവരുടെ രാജി സ്വീകരിച്ചിട്ടില്ല.

ഓപ്പറേഷന്‍ ലോട്ടസ് 2.0 എന്നുവിളിച്ച ഈ പദ്ധതിയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ 14 എം.എല്‍.എമാരെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ മുംബൈ വലിയ പങ്കുവഹിച്ചെന്നു മാത്രമല്ല, കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ ഡി.കെ ശിവകുമാറിനെ വരെ എം.എല്‍.എമാരില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.

വിമത എം.എല്‍.എമാര്‍ ഒരുമിച്ചു നില്‍ക്കുകയും എന്തെങ്കിലും തരത്തിലൊരു പ്രശ്‌നപരിഹാരത്തിലെത്തുന്നതില്‍ നിന്നും കോണ്‍ഗ്രസിനേയും ജെ.ഡി.എസിനേയും തടയുകയുമായിരുന്നു. ഈ ഐക്യത്തിനു പിന്നില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രസാദ് ലഡ് എന്ന ബി.ജെ.പി നേതാവാണ്.

വിമത എം.എല്‍.എമാരെ കാണാനായി ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തിയ വേളയില്‍ ഇരുവിഭാഗത്തിനുമിടയില്‍ നിന്ന് പ്രവര്‍ത്തിച്ചത് പ്രസാദ് ലഡ് ആയിരുന്നെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നത്.

കര്‍ണാടകയിലെ ദൗത്യം വിജയിപ്പിക്കാന്‍ ബി.ജെ.പിക്ക് ഒരാളെ ആവശ്യമുണ്ടായിരുന്നു. ബി.ജെ.പിയില്‍ പുതുമുഖമായ പ്രസാദ് കോണ്‍ഗ്രസിന്റെ ഓഫറുകള്‍ വിമത എം.എല്‍.എമാരെ സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി.

ചെറു സംഘങ്ങളായായിരുന്നു വിമതര്‍ ബെംഗളുരു വിട്ടത്. അവരെ പ്രസാദ് ഒരുമിച്ച് കര്‍ണാടക സഖ്യസര്‍ക്കാറിനെതിരെ പോരാട്ടം നടത്താന്‍ പ്രാപ്തരായ വലിയൊരു ഗ്രൂപ്പാക്കിമാറ്റി. ഡി.കെ ശിവകുമാര്‍ മുംബൈയിലേക്ക് തിരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ തങ്ങളെ മറ്റേതെങ്കിലും ഹോട്ടലിലേക്ക് മാറ്റണമെന്ന് വിമതര്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഈ ഘട്ടത്തില്‍ പ്രസാദ് അവിടെയെത്തുകയും അവിടെ തന്നെ നില്‍ക്കാനുള്ള ധൈര്യം പകരുകയുമായിരുന്നു.

മുംബൈയിലെത്തിയ ഡി.കെ ശിവകുമാറിന് തന്നെ തടയുന്ന പൊലീസിനെയാണ് നേരിടേണ്ടി വന്നത്. ഒടുവില്‍ ഏറെ നേരത്തിനുശേഷം മുംബൈ പൊലീസ് നല്‍കിയ ഒരുകപ്പ് കാപ്പിയും കുടിച്ച് അദ്ദേഹത്തിന് മടങ്ങേണ്ടി വന്നിരുന്നു.

നേരത്തെ എന്‍.സി.പിയ്‌ക്കൊപ്പമായിരുന്നു പ്രസാദ് ലഡ്. നാലുവര്‍ഷം മുമ്പാണ് അദ്ദേഹം ബി.ജെ.പിയിലെത്തിയത്. ഇതിനുള്ളില്‍ തന്നെ നേതൃത്വത്തിന്റെ വിശ്വാസ്യത നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ഇന്ത്യയിലെ പ്രധാന സെക്യൂരിറ്റി സര്‍വ്വീസായ ‘ക്രിസ്റ്റല്‍’ ന്റെ ഉടമസ്ഥനാണ് പ്രസാദ്.