മൂന്ന് സംസ്ഥാനങ്ങളിലും എതിരാളികള്‍ ജയിച്ചിട്ടുണ്ടെങ്കിലും നമ്മള്‍ തോറ്റിട്ടില്ല: അമിത് ഷാ
national news
മൂന്ന് സംസ്ഥാനങ്ങളിലും എതിരാളികള്‍ ജയിച്ചിട്ടുണ്ടെങ്കിലും നമ്മള്‍ തോറ്റിട്ടില്ല: അമിത് ഷാ
ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 5:20 pm

ന്യൂദല്‍ഹി: മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും ബി.ജെ.പി തോറ്റെങ്കിലും പാര്‍ട്ടിയെ ഇതുവരെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ രണ്ടാം ദിവസം ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

“കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ ഫലം നന്നായിരുന്നില്ല. പക്ഷെ പാര്‍ട്ടി പ്രവര്‍ത്തകരോട് എനിക്ക് പറയാനുള്ളത്- നമ്മുടെ എതിരാളികള്‍ ജയിച്ചെങ്കിലും നമ്മളെ പരാജയപ്പെടുത്താനായിട്ടില്ല” അമിത് ഷാ പറഞ്ഞു.

ബി.ജെ.പിയുടെ തോല്‍വികള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍ യഥാര്‍ത്ഥ തോല്‍വി എന്താണെന്ന് താന്‍ അവര്‍ക്ക് കാണിച്ചു കൊടുക്കുമെന്നും അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ കാണണമെങ്കില്‍ ബൈനോക്കുലര്‍ വെച്ച് നോക്കേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു.

ബി.ജെ.പി പ്രവര്‍ത്തകര്‍ ആത്മവിശ്വാസം നിലനിര്‍ത്തണമെന്നും 2019ല്‍ ശക്തിയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയ്ക്ക് അവസരമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ദ്വിദിന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ 12,000 പ്രവര്‍ത്തകരാണു പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സഖ്യം, ലോക്സഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളടക്കം കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.