ബി.ജെ.പി ജീവിക്കുന്നത് വിഡ്ഡികളുടെ സ്വര്‍ഗത്തില്‍; ജനങ്ങള്‍ പാഠം പഠിപ്പിക്കും; കാത്തിരുന്ന് കാണൂ: ശത്രുഘ്‌നന്‍ സിന്‍ഹ
D' Election 2019
ബി.ജെ.പി ജീവിക്കുന്നത് വിഡ്ഡികളുടെ സ്വര്‍ഗത്തില്‍; ജനങ്ങള്‍ പാഠം പഠിപ്പിക്കും; കാത്തിരുന്ന് കാണൂ: ശത്രുഘ്‌നന്‍ സിന്‍ഹ
ന്യൂസ് ഡെസ്‌ക്
Sunday, 14th April 2019, 7:22 am

പാറ്റ്‌ന: പാറ്റ്‌ന സാഹിബിലെ സീറ്റ് തങ്ങളുടെ ശക്തികേന്ദ്രമാണെന്ന ബി.ജെ.പി വാദത്തെ പരിസഹിച്ച് ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസിലെത്തിയ മുതിര്‍ന്ന നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ.

ബി.ജെ.പിക്കാര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് കഴിയുന്നതെന്നും പാറ്റ്‌ന സാഹിബിലെ ജനങ്ങള്‍ അവരെ പാഠം പഠിപ്പിച്ചിരിക്കുമെന്നും സിന്‍ഹ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ പാറ്റ്‌ന സാഹിബില്‍ മത്സരിച്ചു വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സിന്‍ഹ പറഞ്ഞു.

വാരാണസിക്ക് പുറമെ പാറ്റ്‌ന സാഹിബില്‍ മോദി മത്സരിക്കുന്നു എന്നൊരു വാര്‍ത്ത കേട്ടു. എന്താണ് സംഭവിക്കുക? ആ സീറ്റ് മോദിയില്‍ നിന്നും പിടിച്ചെടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. – സിന്‍ഹ പറഞ്ഞു.

ബി.ജെ.പിക്കാര്‍ എല്ലാ സീറ്റും അവരുടെ കുത്തകയെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റേയും ആര്‍.ജെ.ഡിയുടയും സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു വിജയിച്ച മണ്ഡലമാണ് ഇത്. ബി.ജെ.പി ഇത് സൗകര്യപൂര്‍വം മറക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മത്സരിച്ചാലും പാറ്റ്‌ന സാഹിബില്‍ ബി.ജെ.പി ജയിക്കുമെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്.
ഒരു കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചുവിജയിക്കാത്തവരാണ് ഇത് പറയുന്നതെന്നോര്‍ക്കണം- ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് സിന്‍ഹ പറഞ്ഞു.