എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയുടെ വികസന അവകാശവാദം അംഗീകരിച്ചില്ല: രാഹുല്‍ഗാന്ധിയെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി നേതാവ്
എഡിറ്റര്‍
Thursday 2nd November 2017 10:29am

ന്യൂദല്‍ഹി: ഇന്ത്യയുടെ ബിസിനസ് റാങ്കിംഗുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന കേട്ടപ്പോള്‍ അത് പാക്കിസ്ഥാനില്‍ നിന്നുള്ള ആരോ പറഞ്ഞതാണെന്നാണ് തങ്ങള്‍ കരുതിയെന്ന പരിഹാസവുമായി ബി.ജെ.പി നേതാവ്. ജി.വി.എല്‍ നരസിംഹ റാവുവാണ് രാഹുലിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയത്.

ലോകബാങ്കിന്റെ വ്യവസായ സൗഹൃദപ്പട്ടികയില്‍ ഇന്ത്യ 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയെന്ന വിവരം കേന്ദ്രസര്‍ക്കാര്‍ ആഘോഷിക്കുന്നതിനെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

‘ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്റെ ഓഫീസിലിരുന്ന് പുറംനാട്ടുകാര്‍ പറയുന്നതുമാത്രം കേള്‍ക്കുകയാണ്. അദ്ദേഹത്തോട് നാട്ടിലിറങ്ങി പെട്ടിക്കടക്കാരോടോ ചെറിയ വ്യവസായികളോടോ സംസാരിച്ചുനോക്കാന്‍ താന്‍ അഭ്യര്‍ഥിക്കുന്നു. ഒരു ഗുണവും ഉണ്ടായിട്ടില്ലെന്ന് രാജ്യം മുഴുവന്‍ ഒറ്റസ്വരത്തില്‍ പറയും- എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.


Dont Miss ബി.ജെ.പിക്ക് യു.പിയില്‍ പശു അമ്മ; ഗോവയില്‍ അമ്മായി: ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ഗോരക്ഷകര്‍


എന്നാല്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഇന്ത്യയെ അഭിനന്ദിക്കുന്നത് കേട്ട് രാഹുലിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും സഹിക്കുന്നില്ലെന്നായിരുന്നു ജി.വി.എല്‍ നരസിംഹറാവുവിന്റെ പരാമര്‍ശം.

ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്ന് ലോകരാജ്യങ്ങള്‍ മുഴുവന്‍ പറയുമ്പോഴും അത് അംഗീകരിക്കാന്‍ പാക്കിസ്ഥാന്‍ ഒരിക്കലും തയ്യാറാവാറില്ല. ഇതേ അവസ്ഥയിലാണ് രാഹുലും കോണ്‍ഗ്രസ് പാര്‍ട്ടിയും- അദ്ദേഹം പറയുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള വിദേശരാജ്യങ്ങളുടെ മികച്ച സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന മിഥ്യാബോധത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലി കഴിയുന്നതെന്നും ചില വിദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലി പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യയ്ക്ക് ഒരു വിദേശരാജ്യത്തിന്റേയും സര്‍ട്ടിഫിക്കറ്റല്ല ആവശ്യമെന്നും രാഹുല്‍ കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Advertisement