വേദിയില്‍ സീതാ ദേവി, വേദിക്ക് പിറകില്‍ സിഗരറ്റ് വലിക്കുന്ന സീത; ഇതാണ് യഥാര്‍ത്ഥ ബി.ജെ.പി: പരിഹാസവുമായി ഉപേന്ദ്രകുശ്‌വാഹ
D' Election 2019
വേദിയില്‍ സീതാ ദേവി, വേദിക്ക് പിറകില്‍ സിഗരറ്റ് വലിക്കുന്ന സീത; ഇതാണ് യഥാര്‍ത്ഥ ബി.ജെ.പി: പരിഹാസവുമായി ഉപേന്ദ്രകുശ്‌വാഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th April 2019, 3:23 pm

ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷ പരിഹാസവുമായി ആര്‍.എല്‍.എസ്.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്‌വാഹ.

രാമലീല നാടകത്തിലുള്ള സീതാ ദേവിയുടെ കഥാപാത്രം പോലെയാണ് ബി.ജെ.പിയുടെ അവസ്ഥ എന്നായിരുന്നു ഉപേന്ദ്ര കുശ്‌വാഹയുടെ പരിഹാസം.

ബീഹാറിലെ ദര്‍ബംഗയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”രാമലീല നാടകം വേദിയില്‍ നടക്കുകയാണ്…കര്‍ട്ടണ്‍ ഉയരുമ്പോള്‍ സീതാ മാതയുടെ വേഷത്തില്‍ ഒരാള്‍ എത്തും. അങ്ങേയറ്റം ഭയഭക്തി ബഹുമാനത്തോടെ കാണികള്‍ അവരെ നോക്കും. സീതാദേവിയായി മനസിലുറപ്പിക്കും. എന്നാല്‍ സ്റ്റേജിന് പിറകില്‍ പോയി നോക്കുമ്പോഴാണ് ഇതേ സീതാ ദേവി ഇരുന്ന് സിഗരറ്റ് വലിക്കുന്നത് കാണുക. ഏതാണ്ട് ഇതാണ് ബി.ജെ.പിയുടേയും മുഖം. പുറത്ത് വലിയ ആദര്‍ശം വിളമ്പും, യഥാര്‍ത്ഥ കഥയറിയണമെങ്കില്‍ അണിയറയില്‍ തന്നെ പോയിനോക്കണം- എന്നായിരുന്നു ഉപേന്ദ്ര കുശ്‌വാഹ പറഞ്ഞത്.

രണ്ട് ലോക്‌സഭാ മണ്ഡലങ്ങൡലാണ് ഉപേന്ദ്ര കുശ്‌വാഹ മത്സരിക്കുന്നത്. സിറ്റിങ് സീറ്റായ കാരാകാതിന് പുറമെ ഉജിയാര്‍ പൂരിലും ഉപേന്ദ്രയാണ് സ്ഥാനാര്‍ത്ഥി. ബീഹാറിലെ നാല്പത് സീറ്റുകളില്‍ അഞ്ച് സീറ്റിലാണ് ആര്‍.എല്‍.എസ്.പി മത്സരിക്കുന്നത്.

കാരാകതില്‍ ജനതാദളിലെ മഹാബലി സിങ്ങും ഉജിയാര്‍ പൂരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ റായിയുമാണ് കുശ്‌വാഹയുടെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍.