മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നു
Kerala
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th November 2023, 12:19 pm

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ബി.ജെ.പി നേതാവ് സുരേഷ്ഗോപിയെ പൊലീസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത്

രാവിലെ 11 മണിയോടെയാണ് സുരേഷ് ഗോപി സ്റ്റേഷനില്‍ ഹാജരായത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എം.ടി രമേഷ്, പി.കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ സുരേഷ് ഗോപിയെ അനുഗമിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയിരുന്നത്.

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ 15ന് ഹാജരാകുമെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു.

സുരേഷ് ഗോപി ബുധനാഴ്ച പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്നതിന് മുന്നോടിയായി സ്റ്റേഷന്‍ പരിസരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ‘കോഴിക്കോട് എസ്.ജിയ്‌ക്കൊപ്പം’ എന്ന പ്ലക്കാര്‍ഡുമായി ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.

ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് നേതാക്കള്‍ നടത്തിയ റാലി സ്റ്റേഷന്‍ പരിസരത്ത് വെച്ച് പൊലീസ് തടഞ്ഞിരുന്നു. ഇപ്പോള്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ബി.ജെ.പി പ്രതിഷേധത്തെ തുടര്‍ന്ന് കണ്ണൂര്‍ റോഡില്‍ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

രാവിലെ 10.30-ന് സ്റ്റേഷനില്‍ എത്താനായിരുന്നു സുരേഷ് ഗോപിക്ക് പൊലീസ് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന്, സ്റ്റേഷന്‍ പരിസരത്ത് കനത്തസുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ന്ന് കമ്മീഷണര്‍ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ഐ.പി.സി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു സംഭവം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലില്‍ വെച്ചു. ഈ ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ തട്ടി മാറ്റി തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlight: BJP leader Suresh Gopi Appearing for Questioning