'ഇതൊക്കെ ഭാരതീയ സംസ്‌കാരമാണോ?' പ്രിയങ്കയെ രാഹുല്‍ ചുംബിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി മന്ത്രി
national news
'ഇതൊക്കെ ഭാരതീയ സംസ്‌കാരമാണോ?' പ്രിയങ്കയെ രാഹുല്‍ ചുംബിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th January 2023, 1:55 pm

ലഖ്‌നൗ: ഭാരത് ജോഡോ യാത്രക്കിടെ സഹോദരി പ്രിയങ്ക ഗാന്ധിയെ രാഹുല്‍ ഗാന്ധി ഉമ്മവെച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ്. അമ്പതാം വയസില്‍ പൊതുവേദിയില്‍ സഹോദരിയെ ഉമ്മവെക്കുന്നത് ഭാരതീയ സംസ്‌കാരമല്ലെന്ന് യു.പി മന്ത്രിയും ബി.ജെ.പി നേതാവുമായ ദിനേഷ് പ്രതാപ് സിങ് പറഞ്ഞു.

ആര്‍.എസ്.എസുകാരെ 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിനോട് പ്രതികരിക്കുകയയായിരുന്നു ബി.ജെ.പി മന്ത്രി.

ആര്‍.എസ്.എസുകാരെ കൗരവരെന്നാണ് രാഹുല്‍ വിളിക്കുന്നത്. അദ്ദേഹം(രാഹുല്‍)
പാണ്ഡവരാണ് എന്നാണോ വിചാരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഏത് പാണ്ഡവനാണ് അമ്പതാം വയസില്‍ പൊതുവേദിയില്‍ സഹോദരിയെ ഉമ്മവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ റായ്ബറേലി മണ്ഡലത്തില്‍ സോണിയ ഗാന്ധിയെ
പരാജയപ്പെടുത്തുമെന്നും പ്രതാപ് സിങ് പറഞ്ഞു. 2019ല്‍ ഈ മണ്ഡലത്തില്‍ സോണിയാ ഗാന്ധിയോട് പരാജയപ്പെട്ടയാളാണ് പ്രതാപ് സിങ്.

‘നമ്മള്‍ എറെ ബുദ്ധിമുട്ടിയാണ് ബ്രിട്ടീഷുകാരെ പുറത്താക്കി സ്വാതന്ത്ര്യം നേടിയത്. ഇന്ത്യക്കാര്‍ ഒരിക്കലും ഒരു വിദേശിയെ ഭരണാധികാരിയായി അംഗീകരിക്കില്ല

2024ല്‍ സോണിയ എം.പിയാകില്ല, റായ്ബറേലിയില്‍നിന്ന് പുറത്തുപോകുന്ന അവസാന വിദേശിയായിരിക്കും അവര്‍,’ പ്രതാപ് സിങ് പറഞ്ഞു.

അതേസമയം, ആര്‍.എസ്.എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവരാണെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. രാജ്യത്തെ രണ്ട് മൂന്ന് കോടീശ്വരന്‍മാര്‍ കൗരവര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് പറഞ്ഞ രാഹുല്‍ പാണ്ഡവര്‍ നോട്ടുനിരോധിച്ചിരുന്നോ എന്നും തെറ്റായ ജി.എസ്.ടി നടപ്പാക്കിയിരുന്നോയെന്നും ചോദിച്ചിരുന്നു

‘ആരായിരുന്നു കൗരവര്‍. 21ാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് ഞാന്‍ പറയും, അവര്‍ കാക്കി ട്രൗസര്‍ ധരിക്കുന്നു, അവര്‍ കയ്യില്‍ ലാത്തി പിടിക്കുകയും ശാഖയില്‍ പോകുകയും ചെയ്യുന്നു. ഇന്ത്യയിലെ രണ്ടുമൂന്ന് ശതകോടീശ്വരന്മാര്‍ കൗരവര്‍ക്കൊപ്പം നില്‍ക്കുന്നു.

എന്നാല്‍ പാണ്ഡവന്‍മാര്‍ എപ്പോഴും അനീതിക്കെതിരായിരുന്നു. പാണ്ഡവര്‍ നോട്ട് നിരോധനം നടത്തിയോ, തെറ്റായ ജി.എസ്.ടി നടപ്പാക്കിയിരുന്നോ? അവര്‍ എപ്പോഴെങ്കിലും അങ്ങനെ ചെയ്യുമായിരുന്നോ? ഒരിക്കലുമില്ല,’ രാഹുല്‍ പറഞ്ഞിരുന്നു.

Content Highlight: BJP leader made a strange statement about Rahul Gandhi kissing his sister Priyanka Gandhi during the Bharat Jodo Yatra