'ഇതൊരു പ്രധാനപ്പെട്ട ബലിയാണ്, ഇതിന്റെ ഏജന്റ് ഒരു മതഭീകരവാദ സംഘടനയില്‍പ്പെട്ട ആളാണ്': കെ. സുരേന്ദ്രന്‍
Kerala News
'ഇതൊരു പ്രധാനപ്പെട്ട ബലിയാണ്, ഇതിന്റെ ഏജന്റ് ഒരു മതഭീകരവാദ സംഘടനയില്‍പ്പെട്ട ആളാണ്': കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th October 2022, 2:55 pm

തിരുവനന്തപുരം: ഇലന്തൂരിലെ നരബലി കേസിലെ പ്രതിക്ക് മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ ഈ കുറ്റകൃത്യം വെറും നരബലിയല്ല. നരബലിക്ക് പിന്നില്‍ തീവ്രവാദ സംഘടനാ സ്വാധീനം ഉണ്ടെന്ന് ബി.ജെ.പി വിശ്വസിക്കുന്നു. ഷാഫിയെ കുറിച്ച് മനസിലായ കാര്യങ്ങള്‍ തുറന്ന് പറയാന്‍ പൊലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇതൊരു സാധാരണ ബലിയല്ല, ഇതിന്റെ പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. ഇതിന്റെ ഏജന്റ് ഒരു മതഭീകരവാദ സംഘടനയില്‍പ്പെട്ട ആളാണ്. മനുഷ്യ മാംസം തീറ്റിച്ചിരിക്കുകയാണ്. ഇത് പ്രധാനപ്പെട്ട ഒരു ബലി തന്നെയാണ്’ സുരേന്ദ്രന്‍ പറഞ്ഞു.

‘മനുഷ്യമനസാക്ഷിയെ നടുക്കിയ നരബലിയാണിത്. ഈ സംഭവം കേരള സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കണം. ഉത്തരവാദിത്തപ്പെട്ട പൊതു പ്രവര്‍ത്തകനും സി.പി.ഐ.എം നേതാവുമാണ് ഒരു പ്രതി. ഭരണകക്ഷിയും അവരുടെ നേതാവും ശരിയായ അഭിപ്രായം പറയാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? സി.പി.ഐ.എം എന്താണ് ഭഗവല്‍സിങിനെതിരെ നടപടി എടുക്കാത്തത്?

ലോകത്തിന് മുമ്പില്‍ നാടിന്റെ പ്രതിച്ഛായ തകര്‍ന്നു കഴിഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ നവോത്ഥാന മതില്‍കെട്ടിയ സി.പി.ഐ.എം അംഗം എങ്ങനെയാണ് ഈ പ്രാകൃത കൃത്യം ചെയ്തതെന്ന് സി.പി.ഐ.എം നേതൃത്വം ജനങ്ങളോട് മറുപടി പറയണം.

കേരളത്തിന് പുറത്തായിരുന്നു ഇത്തരമൊരു സംഭവമെങ്കില്‍ എങ്ങനെയാകുമായിരുന്നു പ്രതികരണങ്ങള്‍ സാംസ്‌കാരിക നായകന്‍മാര്‍ എവിടെ പോയി? അര്‍ബന്‍ നെക്‌സലുകളും മെഴുകുതിരി പ്രകടനങ്ങളും എവിടെ? എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ എന്താണ് സര്‍ക്കാരിന് പറയാനുള്ളത്? ഒരു നടപടിയും ഉണ്ടാകാന്‍ പോകുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ എന്താണ് മിണ്ടാത്തത്’ എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: BJP Leader K Surendran’s reaction on Human sacrifice case, BJP doubts for terrorist connection