പൊലീസുകാരെ മരത്തില്‍ കെട്ടിയിട്ടു തല്ലണം, പച്ചവെള്ളം നല്‍കരുത്: പ്രകോപനപരമായ പ്രസംഗത്തിന് ബി.ജെ.പി നേതാവിനെ അറസ്റ്റു ചെയ്തു
national news
പൊലീസുകാരെ മരത്തില്‍ കെട്ടിയിട്ടു തല്ലണം, പച്ചവെള്ളം നല്‍കരുത്: പ്രകോപനപരമായ പ്രസംഗത്തിന് ബി.ജെ.പി നേതാവിനെ അറസ്റ്റു ചെയ്തു
ന്യൂസ് ഡെസ്‌ക്
Sunday, 23rd September 2018, 10:56 pm

കൊല്‍ക്കത്ത: പൊലീസുകാരെ മരത്തില്‍ കെട്ടിയിട്ടു തല്ലണമെന്ന് പൊതുമധ്യത്തില്‍ പ്രസംഗിച്ച പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവിനെ അറസ്റ്റു ചെയ്തു. നോര്‍ത്ത് ദിനാപൂരിലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ശങ്കര്‍ ചക്രബര്‍ത്തിയെയാണ് പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തിരിക്കുന്നത്.

പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചതുമായി ബന്ധപ്പെട്ട് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശങ്കര്‍. പൊലീസ് എന്തു നടപടിയെടുത്താലും പ്രതികരിക്കാനും, ഒരു തരത്തിലും സഹകരിക്കാതിരിക്കാനുമായിരുന്നു ബി.ജെ.പി നേതാവിന്റെ നിര്‍ദ്ദേശം.

സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍, പൊലീസുദ്യോഗസ്ഥരെ മരത്തില്‍ കെട്ടി അടിക്കാനും ശങ്കര്‍ പറയുന്നു. “പൊലീസുകാര്‍ക്ക് പച്ചവെള്ളം നല്‍കരുത്. നായ്ക്കള്‍ക്ക് വെള്ളം നല്‍കുന്നതാണ് അതിലും നല്ലത്. പൊലീസുകാരുടെ ബന്ധുക്കളോ കുട്ടികളോ റോഡില്‍ പരിക്കേറ്റു കിടക്കുന്നതു കണ്ടാല്‍, അവരെ ആശുപത്രിയില്‍ എത്തിക്കാതിരിക്കുക” പൊതു റാലിയില്‍ പ്രസംഗിക്കവേ ശങ്കര്‍ പറഞ്ഞു.

 

Also Read: ബി.ജെ.പിയില്‍ ഉള്‍പ്പോരെന്ന് സച്ചിന്‍ പൈലറ്റ്; രാജസ്ഥാനില്‍ അമിത് ഷായും വസുന്ധര രാജെയും നടത്തുന്നത് വ്യത്യസ്ത ക്യാംപെയിനുകള്‍

 

നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പ്രസംഗത്തോടു പ്രതികരിച്ച എ.ഡി.ജി. അനുജ് ശര്‍മ വിശദീകരിച്ചു. ജനങ്ങളെ നീതിന്യായവ്യവസ്ഥയ്‌ക്കെതിരെ തിരിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. പ്രദേശത്ത് അക്രമങ്ങളുണ്ടാകുന്ന തരത്തിലുള്ള പ്രകോപനങ്ങള്‍ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടു വിദ്യാര്‍ത്ഥികള്‍ വെടിയേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്നാണ് ശങ്കറിന്റെ പ്രസംഗം. പൊലീസ് നിറയൊഴിച്ചിട്ടില്ലെന്നു പറയുമ്പോഴും, വെടിയേറ്റാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചതെന്ന് എസ്.പി സുമിത് കുമാര്‍ നിഷേധിച്ചിട്ടില്ല. ആരാണ് വെടിയുതിര്‍ത്തതെന്ന് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറയിക്കുന്നു.