ചൈനീസ് സപ്പോര്‍ട്ടറായ യെച്ചൂരിയുടെ മകന്‍ ചൈനീസ് കൊറോണ വന്ന് മരിച്ചു: പ്രസ്താവന വിവാദമായപ്പോള്‍ ട്വീറ്റ് പിന്‍വലിച്ച് ബി.ജെ.പി നേതാവ്
national news
ചൈനീസ് സപ്പോര്‍ട്ടറായ യെച്ചൂരിയുടെ മകന്‍ ചൈനീസ് കൊറോണ വന്ന് മരിച്ചു: പ്രസ്താവന വിവാദമായപ്പോള്‍ ട്വീറ്റ് പിന്‍വലിച്ച് ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2021, 5:06 pm

ന്യൂദല്‍ഹി: സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വിദ്വേഷ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്. ബീഹാര്‍ ബി.ജെ.പി വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ മിഥിലേഷ് കുമാര്‍ തിവാരിയാണ് വിദ്വേഷ ട്വീറ്റുമായി രംഗത്തെത്തിയത്.

ചൈനീസ് സപ്പോര്‍ട്ടറായ സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് ചൈനീസ് കൊറോണ വന്ന്  മരിച്ചുവെന്നായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെ ബി.ജെ.പിയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് മിഥിലേഷ് കുമാര്‍ തിവാരി ട്വീറ്റ് ഡിലീറ്റ് ചെയ്തു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആശിഷ് യെച്ചൂരി മരിച്ചത്. 33 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു ആശിഷ് യെച്ചൂരി.

ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥപനങ്ങളില്‍ പ്രവര്‍ത്തിച്ച ആശിഷ് ഏഷ്യാവില്‍ ഇംഗ്ലീഷിലും പ്രവര്‍ത്തിച്ചിരുന്നു.