ചില്ലു കൊട്ടാരത്തില്‍ കഴിയുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ  കല്ലെറിയരുത്; ബി.ജെ.പിയെ വിമര്‍ശിച്ച് അര്‍ണബ് ഗോസ്വാമി
national news
ചില്ലു കൊട്ടാരത്തില്‍ കഴിയുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ കല്ലെറിയരുത്; ബി.ജെ.പിയെ വിമര്‍ശിച്ച് അര്‍ണബ് ഗോസ്വാമി
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 8:46 pm

ന്യൂദല്‍ഹി: തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ “ജി” ചേര്‍ത്ത് അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ ബി.ജെ.പി അര്‍ഹതയില്ലെന്ന് റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമി.

കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനെയും ഇത്തരത്തില്‍ അഭിസംബോധന ചെയ്തിരുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അര്‍ണബിന്റെ പ്രസ്താവന.

മോദി, ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ക്ക് പ്രശ്തനായ അര്‍ണാബിന്റെ നിലപാട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ, അഭിഭാഷക മോണിക്ക അറോറ എന്നിവരെ ആശ്ചര്യപ്പെടുത്തി. രവി ശങ്കര്‍ പ്രസാദിനെക്കൂടാതെ മറ്റനവധി ബി.ജെ.പി നേതാക്കളും തീവ്രവാദികളെ “ജി” ചേര്‍ത്ത് അഭിസംബോധന ചെയ്യുന്ന വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു.

ചര്‍ച്ച പുരോഗമിക്കവെ ബാലാക്കോട്ട് വ്യോമാക്രണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കുന്ന ഭാട്ടിയയോട് വിഷയത്തില്‍ നിന്ന് വ്യതിചലിക്കരുതെ്ന്നും അര്‍ണബ് ആവശ്യപ്പെടുന്നുണ്ട്.

“കഥയുടെ സാരം എന്താണെന്നും വെച്ചാല്‍, പളുങ്കു കൊട്ടാരത്തില്‍ താമസിക്കുന്നവര്‍ മറ്റുള്ളവരെ കല്ലെറിയരുതെന്നാണ്” എന്ന് പറഞ്ഞു കൊണ്ടാണ് അര്‍ണബ് ചര്‍ച്ച അവസാനിപ്പിച്ചത്.

മലയാളിയും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന ചാനലാണ് റിപ്പബ്ലിക് ടി.വി.