എഡിറ്റര്‍
എഡിറ്റര്‍
ഹിന്ദി സംസാരിക്കാത്ത ജനവിഭാഗങ്ങളുടെമേല്‍ അത് അടിച്ചേല്‍പ്പിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ക്കുകയാണ് മോദി സര്‍ക്കാര്‍: രൂക്ഷവിമര്‍ശനവുമായി സ്റ്റാലിന്‍
എഡിറ്റര്‍
Monday 24th April 2017 9:52am

ചെന്നൈ: ഹിന്ദി സംസാരിക്കാത്ത ജനവിഭാഗങ്ങള്‍ക്കുമേല്‍ അത് അടിച്ചേല്‍പ്പിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്‍. രാജ്യത്തിന്റെ എക്യം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് മോദി നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അധികാരത്തിലെത്തിയ നാള്‍ മുതല്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനാണ് മോദിയുടെ കീഴിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Must Read: ‘വോട്ടര്‍ സ്ലിപ്പുമായെത്തിയവര്‍ക്കുപോലും വോട്ടുചെയ്യാനായില്ല’ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത് തകരാറുള്ള വോട്ടിങ് മെഷീനുകളെന്ന് കെജ്‌രിവാള്‍


ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന പാര്‍ലിമെന്ററി സമിതിയുടെ ശിപാര്‍ശയാണ് മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ സ്റ്റാലിനെ പ്രേരിപ്പിച്ചത്.

എയര്‍പോര്‍ട്ട് അനൗണ്‍സ്‌മെന്റുകളിലും സര്‍ക്കാര്‍ വാര്‍ത്തകളിലും പരസ്യങ്ങളിലും ഹിന്ദി ഉപയോഗിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി നേടിയ കേന്ദ്ര നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. പ്രാഥമിക വിദ്യാലയം മുതല്‍ പാര്‍ലമെന്റ് വരെ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഡോ. ബി.ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങള്‍ക്ക് എതിരാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തമിഴ് ഉള്‍പ്പെടെ എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിക്കണമെന്ന ഭരണഘടനയുടെ എട്ടാം ഷെഡ്യൂളും സ്റ്റാലിന്‍ സൂചിപ്പിച്ചു. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലെ ജനവിഭാഗങ്ങളെ അരികുവത്കരിക്കുന്ന ഈ നീക്കം ഉപേക്ഷിക്കണമെന്ന് ഞാന്‍ മോദി സര്‍ക്കാറിനോടു ആവശ്യപ്പെടുന്നു.’ അദ്ദേഹം പറഞ്ഞു.

ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെ ശക്തമായി എതിര്‍ത്ത ചരിത്രവും ദ്രാവിഡ സംസ്‌ക്കാരത്തിനുണ്ടെന്നും സ്റ്റാലിന്‍ ഓര്‍മ്മിപ്പിച്ചു. പ്രാദേശിക ഭാഷകള്‍ സംരക്ഷിക്കാനായി ജീവന്‍ ബലികൊടുത്ത രക്തസാക്ഷികള്‍ ഇവിടുണ്ട്. ഒരു മൂന്നാം തലമുറ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് കേന്ദ്ര സര്‍ക്കാര്‍ വിത്ത് പാകരുതെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

Advertisement