എഡിറ്റര്‍
എഡിറ്റര്‍
ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഘടനയ്ക്ക് ബി.ജെ.പി ഫണ്ട് നല്‍കി: ആര്‍.എസ്.എസില്‍ നുഴഞ്ഞു കയറിയ എഴുത്തുകാരന്‍
എഡിറ്റര്‍
Monday 16th October 2017 10:22am


കൊല്‍ക്കത്ത: ത്രിപുരയില്‍ ശാന്തനു ഭൗമിക്ക് എന്ന യുവമാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഘടനയ്ക്ക് ബി.ജെ.പി ധനസഹായം നല്‍കിയിരുന്നതായി യുവ എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍. ബംഗാളിലെ ആര്‍.എസ്.എസില്‍ നുഴഞ്ഞു കയറുകയും സംഘടനയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്ത സൊയ്ബാല്‍ ദാസ് ഗുപതയുടേതാണ് വെളിപ്പെടുത്തല്‍.

ധനസഹായം നല്‍കിയതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സൊയ്ബാല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം രണ്ട് ലക്ഷം രൂപ നല്‍കിയെന്നാണ് സൊയ്ബാല്‍ നല്‍കിയ രേഖയിലുള്ളത്.

സെപ്റ്റംബറിലായിരുന്നു പ്രാദേശിക ചാനലായ ദിന്‍രാതിന്റെ റിപോര്‍ട്ടര്‍ ശാന്തനു ഭൗമിക്ക്(28) മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ഐ.പി.എഫ്.ടി മണ്ഡായിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി റിപോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ശന്തനു കൊല്ലപ്പെട്ടത്. അക്രമികള്‍ ശാന്തനുവിന്റെ തലയ്ക്കടിക്കുകയും നിലത്ത് വീണ ഇയാളെ സ്‌റ്റേഡിയത്തിനു പിന്നിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് ‘ഇന്റീജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര’ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് ബി.ജെ.പി വ്യാപകമായി പ്രചിപ്പിച്ചിരുന്നു.

ശാന്തനു ഭൗമിക്ക്

ദ ടെലഗ്രാഫിനോടായിരുന്നു ഒരു വര്‍ഷത്തോളം ആര്‍.എസ്.എസില്‍ കഴിഞ്ഞ അനുഭവങ്ങള്‍ സൊയ്ബാല്‍ വെളിപ്പെടുത്തിയിരുന്നത്. ഹിന്ദു സംഹിതി പോലുള്ള തീവ്രവാദ സംഘടനകള്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും എന്നാല്‍ പൊതുസമൂഹ മധ്യത്തില്‍ ആര്‍.എസ്.എസ് ഇത് മറച്ചുവെക്കുകയാണെന്നും സൊയ്ബാല്‍ വെളിപ്പെടുത്തിയിരുന്നു.

തങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടുകയോ അറസ്റ്റിലാവുകയോ ചെയ്യുന്ന പ്രവര്‍ത്തകരുമായി ആര്‍.എസ്.എസ് അകലം പാലിക്കുമെന്നും ഇത്തരം പ്രവര്‍ത്തകരെ മാനസികനില തെറ്റിയവരായി ചിത്രീകരിക്കുകയാണ് പതിവെന്നും സൊയ്ബാല്‍ വെളിപ്പെടുത്തിയിരുന്നു.


Related:   ത്രിപുരയിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം ആദിവാസി പാര്‍ട്ടിയിലേക്ക് വിരല്‍ചൂണ്ടപ്പെടുന്നതെങ്ങനെ ?


 

Advertisement