പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് രാജ്യത്ത് കാര്യങ്ങള്‍ പോകുന്നത്; നീചമായ കുതിരക്കച്ചവടമാണ് ബി.ജെ.പി നടത്തുന്നതെന്നും സീതാറാം യെച്ചൂരി
national news
പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് രാജ്യത്ത് കാര്യങ്ങള്‍ പോകുന്നത്; നീചമായ കുതിരക്കച്ചവടമാണ് ബി.ജെ.പി നടത്തുന്നതെന്നും സീതാറാം യെച്ചൂരി
ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 9:07 pm

കണ്ണൂര്‍: രാജ്യത്ത് പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ണാടകയിലെയും ഗോവയിലെയും എം.എല്‍.എമാരുടെ കൂറുമാറ്റത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും നീചമായ കുതിരക്കച്ചവടമാണ് ബി.ജെ.പി നടത്തുന്നതെന്നും ഇത് പ്രതീക്ഷിച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആണെങ്കില്‍ സംഘടന പ്രശ്‌നങ്ങള്‍ കൊണ്ടു വലയുകയാണെന്നും ബി.ജെ.പിയാണെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര സര്‍ക്കാരുകളെ ഇല്ലാതാക്കാനുള്ള ശ്രമം ശക്തമാക്കുകയാണെന്നും യെച്ചൂരി ചൂണ്ടികാട്ടി.

അതേസമയം കര്‍ണാടകത്തിലും ഗോവയിലും രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടരുകയാണ്. ഗോവയില്‍ ബി.ജെ.പിയില്‍ ചേരുമെന്നു പ്രഖ്യാപിച്ച 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒടുവില്‍ ഔദ്യോഗികമായി പാര്‍ട്ടിപ്രവേശം നടത്തി. സംസ്ഥാന മന്ത്രിസഭയില്‍ തങ്ങളില്‍ ചിലരെ ബി.ജെ.പി ഉള്‍പ്പെടുത്തിയതിനു തൊട്ടുപിറകെയായിരുന്നു ഇവരുടെ പ്രവേശം.

ദല്‍ഹിയില്‍ ഇന്ന് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പ്രവേശനം. നാളെ ഗോവയിലേക്ക് ഇവര്‍ തിരിച്ചുപോകും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയും നാളെത്തന്നെ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷായുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരില്‍ 10 പേര്‍ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിനു രാജി സമര്‍പ്പിച്ചു. 16 വിമത എം.എല്‍.എമാരാണ് ഇന്നു വൈകിട്ട് വിധാന്‍ സൗധയിലെത്തിയത്.


ചിലര്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതിനാലാണ് മുംബൈക്കു പോയതെന്നും എം.എല്‍.എമാര്‍ തന്നോടു പറഞ്ഞതായി സ്പീക്കര്‍ പറഞ്ഞിരുന്നു.

അതേസമയം സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നു കാണിച്ച് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഇവരില്‍ 10 പേരോട് നേരിട്ട് രാജി കൊടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. ആറുമണിയോടെയാണ് ഇവര്‍ വിധാന്‍ സൗധയിലെത്തിയതും രാജി സമര്‍പ്പിച്ചതും. തുടര്‍ന്ന് ഉടന്‍തന്നെ ഇവര്‍ മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു.

ഇന്നു വൈകിട്ട് തന്നെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് സ്പീക്കറോട് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ കൊണ്ട് ഇത്രയധികം രാജിക്കത്തുകള്‍ പരിശോധിച്ച് തീരുമാനമെടുക്കാനാകില്ലെന്നും, ഇത് തന്റെ വിവേചനാധികാരമാണെന്നും സ്പീക്കര്‍ കോടതിയെ അറിയിച്ചു.

DoolNews Video