എഡിറ്റര്‍
എഡിറ്റര്‍
വധേരയ്ക്ക് പിന്നാലെ പ്രിയങ്കയും സ്വത്ത് വിവാദത്തില്‍
എഡിറ്റര്‍
Tuesday 9th October 2012 10:00am

ന്യൂദല്‍ഹി: റോബര്‍ട്ട് വധേരയ്ക്ക് പിന്നാലെ പ്രിയങ്കാ ഗാന്ധിക്കും വസ്തു ഇടപാടുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ് രംഗത്ത്. പ്രിയങ്കാ ഗാന്ധിക്ക് ഹിമാചല്‍പ്രദേശില്‍ വസ്തുവുണ്ടെന്നതാണ് ബി.ജെ.പി. നേതാവ് ശാന്തകുമാറിന്റെ വെളിപ്പെടുത്തല്‍. റോബര്‍ട്ട് വധേരയ്‌ക്കെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ ഇന്ന് വെളിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. വധേരയുടെ ബിസിനസ് ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്താനാവില്ലെന്ന് കേന്ദ്രധനമന്ത്രി പി. ചിദംബരവും വ്യക്തമാക്കി.

Ads By Google

പ്രിയങ്കാഗാന്ധിയുടെ വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശാന്തകുമാറിന് നല്‍കാന്‍ കഴിയുമെന്ന വാദവുമായി കെജ്‌രിവാള്‍ രംഗത്തെത്തുകയായിരുന്നു. വധേരയ്ക്കുപിന്നാലെ പ്രിയങ്കാഗാന്ധിയുടെയും പേര് ചേര്‍ത്തുള്ള വിവാദങ്ങള്‍ കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ഇതോടെ വ്യക്തമായി.

ഡല്‍ഹിയില്‍ വൈദ്യുതിവെള്ളം നിരക്ക് വര്‍ധിപ്പിച്ചതിനെതിരെയുള്ള സമരത്തിന്റെ തിരക്കിലായിരുന്നു തിങ്കളാഴ്ച കെജ്‌രിവാള്‍. ‘റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ വന്‍കിടകമ്പനിയായ ഡി.എല്‍.എഫ്. വധേരയെ സഹായിച്ചു. എന്നാല്‍, എന്തു സഹായമാണ് ഡി.എല്‍.എഫിന് ഹരിയാണസര്‍ക്കാര്‍ ചെയ്തുകൊടുത്തത്? എന്തിനാണ് ഡി.എല്‍.എഫ് നുണക്കഥ അഴിച്ചുവിടുന്നത്?’ കെജ്‌രിവാള്‍ ട്വിറ്ററില്‍ എഴുതി. ഇതൊരു ജനാധിപത്യരാജ്യമാണെന്നും സോണിയയുടെ മരുമകനെതിരെ ചോദ്യമുയര്‍ന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

സ്വകാര്യഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്താനാവില്ലെന്ന് ചിദംബരം പറഞ്ഞു. അഴിമതി നടത്തിയെന്ന കൃത്യമായ ആരോപണമില്ലാതെ വ്യക്തികള്‍തമ്മിലുള്ള വ്യാപാര ഇടപാടിനെക്കുറിച്ച് അന്വേഷിക്കാനാവില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. സാമ്പത്തിക എഡിറ്റര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്ന് തനിക്കറിയില്ലെന്നും ചിദംബരം അഭിപ്രായപ്പെട്ടു.

പ്രിയങ്കയ്ക്ക് ഷിംലയില്‍ സ്വന്തമായി വസ്തുക്കളുണ്ടെന്നായിരുന്നു ശാന്തകുമാറിന്റെ വെളിപ്പെടുത്തല്‍. വിലമതിപ്പുള്ള വസ്തുവാണതെന്നും കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ വാദം വിശ്വസിക്കാനാവില്ലെന്നാണ് കെജ്‌രിവാളിന്റെ നിലപാട്. ഏതു വസ്തുക്കളാണ് പ്രിയങ്കയുടെ പേരിലുള്ളതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി പി.കെ. ധുമലും ശാന്തകുമാറും ജനങ്ങള്‍ക്കുമുന്നില്‍ പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനസര്‍ക്കാറിന്റെ അനുമതിയോ അറിവോ ഇല്ലാതെ പുറത്തുള്ളവര്‍ക്ക് ഹിമാചലില്‍ വസ്തുവാങ്ങാനാവില്ല. ശാന്തകുമാര്‍ പറഞ്ഞതു ശരിയാണെങ്കില്‍ ഏത് സര്‍ക്കാര്‍ എവിടെ വസ്തു അനുവദിച്ചുവെന്ന് വെളിപ്പെടുത്തണം കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

Advertisement