ബംഗാളിലെത്തിയ ബി.ജെ.പി അധ്യക്ഷന് കരിങ്കൊടി; കാറിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു
India
ബംഗാളിലെത്തിയ ബി.ജെ.പി അധ്യക്ഷന് കരിങ്കൊടി; കാറിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th December 2020, 2:12 pm

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്കെതിരെ കരിങ്കൊടി പ്രയോഗവും വാഹനത്തിന് നേരെ കല്ലേറും. സംഭവത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം.

ബി.ജെ.പി നേതാക്കള്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ നദ്ദയുടെ അകമ്പടി വാഹനത്തിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ഇഷ്ടികകൊണ്ടാണ് കാറിന് നേരെ ചിലര്‍ എറിഞ്ഞതെന്നും ആക്രമണത്തില്‍ കാറിന്റെ ചില്ല് തകര്‍ന്നെന്നും ഇവര്‍ പറഞ്ഞു.

നദ്ദയുടെ സന്ദര്‍ശനത്തിനിടെ പാര്‍ട്ടി ഓഫീസിന് പുറത്ത് തടിച്ചുകൂടിയ ഒരു ജനക്കൂട്ടം വടികളും ആയുധങ്ങളുമായി നിലയുറപ്പിച്ചിരുന്നെന്നുമാണ് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചത്.

ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചരണത്തിനായാണ് നദ്ദ എത്തിയത്. ജെ.പി നദ്ദയുടെ യാത്രയിലുടനീളം ചിലര്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചിരുന്നു.

നദ്ദയുടെ സംസ്ഥാന സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്നും അദ്ദേഹത്തിന്റെ പരിപാടികളില്‍ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും വിഷയത്തില്‍ അമിത് ഷായ്ക്കും കേന്ദ്രനേതൃത്വത്തിനും കത്തെഴുതിയിട്ടുണ്ടെന്നുമാണ് ദിലീപ് ഘോഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ബി.ജെ.പി ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ കയറി ചിലര്‍ പാര്‍ട്ടി ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെന്നും ഘോഷ് പറഞ്ഞു.

‘കൊല്‍ക്കത്തയിലെ ഹേസ്റ്റിംഗ്‌സിലെ ഞങ്ങളുടെ പാര്‍ട്ടി ഓഫീസിന് പുറത്ത് 200 ആളുകളാണ് കരിങ്കൊടിയുമായി നിലയുറപ്പിച്ചത്. അവരില്‍ ചിലര്‍ ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു.

അവരെ തടയാന്‍ പൊലീസ് ഇടപെട്ടില്ല. നദ്ദ ജി യുടെ വാഹനത്തിന്റെ അടുത്ത് വരെ എത്തിയിട്ടും പൊലീസ് അവരെ തടഞ്ഞില്ലെന്നും ദിലീപ് ഘോഷ് ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Chief JP Nadda faces Black flag during Bengal Visit