ബാബ രാംദേവും സേവാ ഭാരതിയും; കൊവിഡിലും കൊള്ളലാഭം കൊയ്യാനാത്തെന്നുവരും അവരുടെ സ്വന്തം സര്‍ക്കാരും
അന്ന കീർത്തി ജോർജ്

കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെയും അവഗണനയുടെയും ഭാഗമായി ആരോഗ്യരംഗം നേരിട്ട പ്രതിസന്ധികള്‍ രാജ്യചരിത്രത്തിലെ ഏറ്റവും അപകടകരമായ അധ്യായങ്ങളിലൊന്നാണ്. ഓക്‌സിജന്‍ ക്ഷാമവും വാക്‌സിന്‍ ക്ഷാമവും അവശ്യ കൊവിഡ് മരുന്നുകളുടെ ക്ഷാമവുമെല്ലാം രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനിടയിലും ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും അനുകൂലികളായ ഒരുപറ്റം ആളുകള്‍ കൊള്ളലാഭം കൊയ്യുന്നുണ്ട്. അതും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാവിധ ഒത്താശയോടും കൂടി തന്നെ.

അക്കൂട്ടത്തില്‍ പ്രബലനായിരുന്ന ബാബ രാംദേവിനെതിരെ കര്‍ശനമായ നിയമനടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിന് പിന്നാലെ കൊറോണില്‍ എന്ന വ്യാജ കൊവിഡ് മരുന്ന് വില്‍പന നടത്തുന്ന, ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന രാംദേവിനെ കേന്ദ്ര ആരോഗ്യമന്ത്രിയും കൈവിട്ട മട്ടാണ്. ചില ബി.ജെ.പി നേതാക്കളും ഇപ്പോള്‍ രാംദേവിനെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്.

എന്നാല്‍ ഇതേ സമയത്ത് തന്നെ, ബാബാ രാംദേവിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്ജലി കൊവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ കൊറോണില്‍ കിറ്റ് വിപണിയില്‍ സുലഭമായി ലഭിക്കുന്നുമുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ കൊറോണിലിന്റെ വില്‍പ്പന നടക്കുന്നുണ്ട്. ഇതുവരെയും കൊവിഡിനെ ഭേദമാക്കുമെന്നതിന് ഒരു ശാസ്ത്രീയ തെളിവുമില്ലാത്ത മരുന്നാണ് കൊവിഡ് പ്രതിരോധ മരുന്നെന്ന പേരില്‍ രാജ്യത്തുടനീളം വില്‍പ്പന നടത്തുന്നത്. ഐ.എം.എ പല തവണ ആവശ്യപ്പെട്ടിട്ടും ഈ വ്യാജ മരുന്ന് വില്‍പ്പനക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ബാബാ രാംദേവിനെ മാത്രമല്ല, ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കൊവിഡില്‍ സംഘപരിവാറിനെ വളര്‍ത്തിയെടുക്കാനുള്ള മറ്റു ചില നീക്കങ്ങളും ശക്തമാകുന്നുണ്ട്. കൊവിഡ് പ്രതിരോധ മരുന്നായ ആയുഷ് – 64ന്റെ വിതരണച്ചുമതല സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഏല്‍പ്പിച്ചിരുന്നു. ഇതിനെതിരെയും പ്രതിഷേധം ശക്തമായിരിക്കുകയാണ്.

എന്താണ് കൊറോണിലുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന വിവാദങ്ങള്‍? ബാബ രാംദേവിനെതിരെ ശക്തമായ പ്രതിഷേധവുമായി ഐ.എം.എ രംഗത്തു വരാനിടയായ സാഹചര്യമെന്തായിരുന്നു? സേവാ ഭാരതിക്ക് മരുന്ന് വിതരണച്ചുമതല നല്‍കുന്നതിലൂടെ ബി.ജെ.പി ലക്ഷ്യം വെക്കുന്ന നേട്ടങ്ങളെന്തെല്ലാം? ഡൂള്‍ എക്‌സ്‌പ്ലെയ്‌നര്‍ പരിശോധിക്കുന്നു.

എന്താണ് കൊറോണില്‍ വിവാദം?

2020 ജൂണ്‍ 23നാണ് കൊവിഡിനുള്ള മരുന്നെന്ന പേരില്‍ പതഞ്ജലി കൊറോണില്‍ പുറത്തിറക്കിയത്. കൃത്യമായ ശാസ്ത്രീയ അടിത്തറകള്‍ ഇല്ലാതെയാണ് പതഞ്ജലി മരുന്നുകള്‍ പുറത്തിറക്കിയത്. എന്നാല്‍ 2021 ഫെബ്രുവരി 19നാണ് കൊറോണില്‍ ഫലപ്രദമാണെന്ന് പ്രഖ്യാപിച്ച് പതഞ്ജലി സ്ഥാപകനായ രാംദേവ് രംഗത്തെത്തിയത്. മരുന്ന് ഫലപ്രദമാണ് എന്നതിന്റെ ശാസ്ത്രീയ തെളിവുകള്‍ ആണെന്ന് അവകാശപ്പെട്ട് ചില രേഖകളും രാംദേവ് പുറത്തുവിട്ടിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അടക്കം പങ്കെടുത്ത ചടങ്ങിലാണ് തെളിവ് എന്ന അവകാശപ്പെടുന്ന രേഖകള്‍ പുറത്തുവിട്ടത്. കൊറോണില്‍ കഴിച്ചവര്‍ക്ക് കൊവിഡ് ഭേദമായെന്നായിരുന്നു രാംദേവിന്റെ അവകാശവാദം. ലോകാരോഗ്യ സംഘടനയുടെ ഒരു സംഘം തന്റെ കമ്പനി സന്ദര്‍ശിക്കുകയും കൊറോണിലിന് 150 ലധികം രാജ്യങ്ങളില്‍ വില്‍പനക്ക് അര്‍ഹമാക്കുന്ന ലൈസന്‍സ് നല്‍കുകയും ചെയ്തുവെന്ന് ന്യൂസ് നാഷന്‍ എന്ന ചാനലിന് നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ രാംദേവ് അവകാശപ്പെടുകയും ചെയ്തു.

ന്യൂസ് 18, ഏഷ്യാനെറ്റ് ന്യൂസ് ഹിന്ദി, ജിയോ ന്യൂസ്, ന്യൂസ് നാഷണ്‍, ടിവി 9 തുടങ്ങിയ മാധ്യമങ്ങള്‍ കൊറോണിലിന് ലോകാര്യോഗ സംഘടനയുടെ അംഗീകാരം കിട്ടിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഫാക്ട് ചെക്കിംഗ് സൈറ്റായ ആള്‍ട്ട് ന്യൂസ് കണ്ടെത്തി.

പിന്നാലെ രാംദേവിനും അദ്ദേഹത്തിന്റെ വാദങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കുമെതിരെ വലിയ പതിഷേധമുയരുകയായിരുന്നു.
ഒടുവില്‍ നില്‍ക്കള്ളിയില്ലാതായതിനെ തുടര്‍ന്ന്, കൊറോണിലിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ ഗുഡ്സ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജി.എം.പി) കംപ്ലയിന്റ് സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡക്റ്റ് (സി.പി.പി) ആണ് ലഭിച്ചതെന്ന് പറഞ്ഞ് പതഞ്ജലി ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ബാല്‍കൃഷ്ണ തടിതപ്പുകയായിരുന്നു.

കൊറോണില്‍ കൊവിഡ് ഭേദമാക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. കൊവിഡിനുള്ള മരുന്നെന്ന പേരില്‍ കൊറോണില്‍ വില്‍ക്കരുതെന്നും ചുമ, പനി, പ്രതിരോധശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കുള്ള മരുന്നെന്ന പേരില്‍ വില്‍ക്കാമെന്നുമാണ് ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളില്‍ പോലും പറയുന്നത്.

ഇതേ കൊറോണിലാണ് നിലവില്‍ കൊവിഡ് 19 ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കിറ്റ് എന്ന പേരില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ആമസോണില്‍ പതഞ്ജലി കൊറോണില്‍ സ്വാസരി കിറ്റ് ഗുളികകള്‍ക്ക് 969 രൂപയാണ് വില. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് സെന്ററില്‍ ഇപ്പോഴും ഇവ ഉത്പാദിക്കപ്പെടുകയും ചെയ്യുന്നു.

ബാബ രാംദേവിന്റെ മരുന്നും കേന്ദ്രവും തമ്മില്‍ ബന്ധമില്ലല്ലോ?

ബാബ രാംദേവും അദ്ദേഹത്തിന്റെ സ്വന്തം കമ്പനിയും നടത്തുന്ന കണ്ടുപിടുത്തത്തിനും കച്ചവടത്തിനും കേന്ദ്രം ഉത്തരവാദികളാണോ എന്ന് ചില ര്‍ ഇപ്പോഴും ന്യായീകരണമായി ചോദിക്കുന്നുണ്ട്. ഇതിന് കൊറോണലിനെതിരെ ഐ.എം.എ അടക്കമുള്ളവര്‍ സ്വീകരിച്ച നിലപാടുകളടക്കം പ്രതിപാദിച്ചുകൊണ്ടുള്ള കൃത്യമായ മറുപടികളും വരുന്നുണ്ട്.

നേരത്തെ പറഞ്ഞതുപോലെ, ഫെബ്രുവരി 19 ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അടക്കം പങ്കെടുത്ത ചടങ്ങിലാണ് കൊവിഡിനെതിരെയുള്ള മരുന്നെന്ന നിലയില്‍ കൊറോണില്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ലോകാരോഗ്യ സംഘടന അംഗീകരിച്ച മരുന്നാണെന്ന് തെളിയിക്കുന്ന വ്യാജ രേഖകളും മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

കൊറോണിലിന്റെ ശാസ്ത്രീയ അടിത്തറ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഐ.എം.എ രംഗത്തുവന്നു. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം മരുന്നുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്നാണ് ഐ.എം.എ ചോദിച്ചത്. കൊറോണില്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് കേന്ദ്രം വിശ്വസിക്കുന്നുവെങ്കില്‍ പിന്നെന്തിനാണ് 35000 കോടി രൂപ ചെലവിട്ട് രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചതെന്നും ഐ.എം.എ പ്രതിനിധികള്‍ ചോദിച്ചിരുന്നു.

രാംദേവിനെതിരെ കൂടുതല്‍ ശക്തമായ നീക്കങ്ങളുമായി ഐ.എം.എ എത്തുമ്പോള്‍

രാജ്യം ഒരു മഹാമാരിയ്ക്ക് മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍ വ്യാജപ്രചരണവുമായി രംഗത്തെത്തുന്നവരെ വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന നിലപാട് പിന്തുടരുകയാണ് ഐ.എം.എ. അതിനുദാഹരണമാണ് രാംദേവിനെതിരെയുള്ള ഐ.എം.എയുടെ നിയമപോരാട്ടം. ഏറ്റവുമൊടുവില്‍ ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തമാണെന്ന തരത്തില്‍ രാംദേവ് നടത്തിയ പ്രസ്താവനയെ നിയമപരമായി തന്നെ നേരിടാനൊരുങ്ങുകയാണെന്ന് ഐ.എം.എ അറിയിച്ചിരുന്നു.

കൊവിഡിനെതിരെ രണ്ട് വാക്‌സിനും സ്വീകരിച്ച 10000 ഡോക്ടര്‍മാര്‍ മരിച്ചുവെന്നും അലോപ്പതി ചികിത്സ കാരണം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന രീതിയിലും രാംദേവ് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഐ.എം.എ പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ സംബന്ധിച്ച് വ്യാജ പ്രചരണം നടത്തുന്ന ബാബ രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഐ.എം.എ പറഞ്ഞു.

അലോപ്പതിയെയും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ ഐ.എം.എ നേരത്തെ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. ഇപ്പോള്‍ രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഉത്തരാഖണ്ഡ് ഐ.എം.എ.

അലോപ്പതിയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയോ രേഖാമൂലം ഖേദപ്രകടനം നടത്തുകയോ ചെയ്യണമെന്നാണ് ലീഗല്‍ നോട്ടീസില്‍ ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കുമെന്നും അല്ലാത്തപക്ഷം 1000 കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

ഒരടി പിന്നോട്ടില്ലെന്ന് ഐ.എം.എ ഉറപ്പിച്ചുപറഞ്ഞതിന് പിന്നാലെയാണ്, ആധുനിക വൈദ്യശാസ്ത്രത്തെപ്പറ്റി നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് രാംദേവിനോട് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ പ്രസ്താവനകള്‍ പിന്‍വലിക്കുന്നുവെന്ന് രാംദേവ് അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ ആര്‍ക്കും തന്നെ അറസ്റ്റ് ചെയ്യാനാകില്ലെന്നും താന്‍ ആരോടും മാപ്പ് പറയില്ലെന്നും രാംദേവ് വീരവാദം മുഴുക്കുന്നതായി കാണാം.

ഇതിനിടയില്‍ ബാബ രാംദേവിനെ വിമര്‍ശിച്ച് ബീഹാര്‍ ബി.ജെ.പി നേതാവും ഡോക്ടറുമായ സഞ്ജയ് ജയ്സ്വാളും രംഗത്തെത്തിയിട്ടുണ്ട്. രാംദേവ് ഒരു യോഗ ഗുരുവാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും എന്നാല്‍ ഒരിക്കലും രാംദേവ് ഒരു യോഗി അല്ലെന്നും അദ്ദേഹം പറഞ്ഞു. രാംദേവ് യോഗയോട് ചെയ്തത് പരമ്പരാഗത പാനീയങ്ങളോട് കൊക്കോ കോള ചെയ്തതുപോലെയാണെന്നും ജയ്‌സ്വാള്‍ പറഞ്ഞു.

എന്നാല്‍ കണ്‍കെട്ടുവിദ്യകളായ ചില പ്രസ്താവനകളല്ലാതെ ശക്തമായ ഒരു നടപടിയും ബാബ രാംദേവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് നൂറ് ശതമാനം ഉറപ്പാണെന്നാണ് ഹര്‍ഷവര്‍ധന്റെയും രാംദേവിന്റെയും സഞ്ജയ് ജയ്‌സ്വാളിന്റെയും പ്രസ്താവനകളോടുള്ള പ്രതികരണമായി പലരും സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.

കൊവിഡില്‍ സേവാ ഭാരതിയെ വളര്‍ത്തിയെടുക്കുന്ന ആയുഷ് മന്ത്രാലയം

ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊവിഡ് മരുന്നായ ആയുഷ് -64 വിതരണം ചെയ്യാനുള്ള ചുമതല സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഏല്‍പ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം അയച്ചു കഴിഞ്ഞു.

ആയുഷ് മന്ത്രാലയത്തിന്റെ കൊവിഡ് പോളി ഹെര്‍ബല്‍ ആയുര്‍വേദ മരുന്നുകളായ ആയുഷ് 64, സിദ്ധ മരുന്നായ കബാസുര കുഡിനീര്‍ എന്നിവ വിതരണം ചെയ്യുന്നതിന്റെ ചുമതല സേവാഭാരതിക്കു നല്‍കാന്‍ മെയ് ആറിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് മരുന്ന് വിതരണം ചെയ്യുന്നത് സംബന്ധിച്ച് സേവാഭാരതി അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കിയിരുന്നു.

ആയുഷ് വകുപ്പിനു കീഴിലുള്ള ഹോമിയോ, ആയുര്‍വ്വേദ വകുപ്പുകളുടെ കൊവിഡ് മരുന്നുകള്‍ തദ്ദേശ സ്വയംഭരണ അംഗങ്ങള്‍ വഴിയാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. ആയുര്‍വേദ വകുപ്പിന്റെ പുനര്‍ജനി, അമൃതം എന്നീ പദ്ധതികളുടെ മരുന്നു വിതരണവും ഇവര്‍ നടത്തുന്നുണ്ട്. ഈ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോഴാണ് ആര്‍.എസ്.എസ് സംഘടനയെ മരുന്ന് വിതരണം ചെയ്യാനുള്ള ചുമതല ഏല്‍പ്പിച്ചത്.

ആയുര്‍വേദ ഗവേഷണ കേന്ദ്രങ്ങള്‍ രോഗികള്‍ക്ക് വിതരണം ചെയ്തിരുന്ന മരുന്ന് ഇനി മുതല്‍ സേവാഭാരതിക്കാണ് നല്‍കുക. അവര്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് മാത്രമേ ഇനി മരുന്ന് ലഭിക്കുകയുള്ളൂ.

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിവരുന്ന സന്ദര്‍ഭത്തിലാണ് മരുന്ന് വിതരണത്തിനുള്ള ചുമതല കേന്ദ്രം നേരിട്ടുതന്നെ ഒരു സംഘപരിവാര്‍ സംഘടനയെ ഏല്‍പ്പിക്കുന്നത്. സേവാ ഭാരതിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുക്കുന്നതിനായുള്ള അജണ്ടയാണ് ഇതിന് പിന്നിലെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.

സേവാ ഭാരതി വീടുകളിലെത്തി നടത്തുന്ന മരുന്ന് വിതരണത്തിലൂടെ, കൊവിഡിനെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന വ്യാപക വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമവും ബി.ജെ.പി ലക്ഷ്യം വെക്കുന്നുണ്ടെന്നാണ് നിരീക്ഷണങ്ങള്‍.

കൊവിഡിനെ നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും മഹാമാരിയില്‍ രാജ്യത്തെ ജനങ്ങളോട് കാണിക്കുന്ന അവഗണന അതിക്രൂരമാണെന്നുമുള്ള വിമര്‍ശനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വരെ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ഘട്ടത്തിലും കൊവിഡിനെ രാഷ്ട്രീയ നേട്ടത്തിനും സാമ്പത്തിക ലാഭത്തിനുമായി ഉപയോഗിക്കാന്‍ തന്നെയാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്നാണ് ബാബ രാംദേവിനോടും സേവാ ഭാരതിയോടുമുള്ള മോദി സര്‍ക്കാരിന്റെ നിലപാടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: BJP Central Govt and Ayush Ministry helping Baba Ramdev and Seva Bharati during Covid 19

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.