എഡിറ്റര്‍
എഡിറ്റര്‍
വ്യാജ രസീത് അഴിമതി പുറത്തു കൊണ്ടു വന്ന അധ്യാപകനെ ബി.ജെ.പി നേതാക്കളടക്കം സംഘമായി ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു
എഡിറ്റര്‍
Wednesday 2nd August 2017 11:33am

വടകര: കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിലെ പണപ്പിരിവ് വീണ്ടും വിവാദമാകുന്നു. വ്യാജ രസീതുമായി ബന്ധപ്പെട്ട് വടകര ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജിലെ അധ്യാപകനും ബിജെപിയുടെ പ്രാദേശിക നേതാവുമായിട്ടുള്ള ശശികുമാറിനെയാണ് മര്‍ദ്ദിച്ചത്. വ്യാജരസീത് പുറത്തായതിന് കാരണക്കാരന്‍ അധ്യാപകന്‍ ആണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയാണ് ബിജെപി നേതാക്കള്‍ കോളേജിലേക്കെത്തിയത്. പ്രിന്‍സിപ്പലിന്റെയും മാനേജ്മെന്റ് പ്രതിനിധികളുടേയും അടുത്തിരിക്കുമ്പോഴാണ് കോളറിന് പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ശശികുമാറിനെ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചുവെന്നും ആരോപണമുണ്ട്. കഴുത്തിന് പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ശശികുമാര്‍ പറയുന്നു. അധ്യാപകനെ കൂടാതെ കോളേജ് അക്കൗണ്ടന്റ് വിനോദിനേയും ഭീഷണിപ്പെടുത്തി.

ശശികുമാറിനെ സംഘം ബന്ദിയാക്കുകയും ഭീഷണിപ്പെടുത്തി വെള്ളപേപ്പറില്‍ ഒരു ജനറല്‍ സെക്രട്ടറിയുടെ അറിവോടെയാണ് താന്‍ രസീത് പുറത്തെത്തിച്ചത് എന്ന് ശശികുമാറില്‍ നിന്ന് എഴുതി വാങ്ങുകയും ചെയ്തു. സംഭവത്തില്‍ ബി.ജെ.പി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ ശശികുമാര്‍ പയ്യോളി പോലീസില്‍ പരാതി നല്‍കി.


Also Read:  പ്രണയബന്ധം വീട്ടുകാരെയും വരനെയും മുമ്പേ അറിയിച്ചിരുന്നു; ഗുരുവായൂരില്‍ കാമുകനൊപ്പം പോയതിന്റെ പേരില്‍ പെണ്‍കുട്ടിയെ ക്രൂശിക്കുന്നവര്‍ അറിയാന്‍ 


നേരത്തെ വ്യാജരസീത് വിവാദം ഉണ്ടായപ്പോള്‍ എം.എച്ച്.ഇ.എസ് കോളേജിന് നല്‍കിയ വ്യാജരസീത് പുറത്തായിരുന്നു. ഇത് ശശികുമാര്‍ വഴിയാണ് പുറത്തായതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

ബി.ജെ.പി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പി.പി.മുരളി, ജനറല്‍ സെക്രട്ടറി എടക്കുടി മനോജ്, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രിപേഷ്, പഞ്ചായത്ത് കമ്മറ്റി മെമ്പര്‍ സുനില്‍, മണിയൂര്‍ പഞ്ചായത്ത് പ്രസഡന്റ് സുനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് ശശികുമാര്‍ പറയുന്നു.

ശശികുമാറിനെ പരാതിയില്‍ പയ്യോളി പോലീസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement