കുറ്റം ചെയ്തത് ഏത് ഉന്നതനായാലും ശിക്ഷിക്കപ്പെടുമെന്ന സന്ദേശം കൊടുക്കാന്‍ കോടതിക്ക് സാധിച്ചില്ല; അപ്പീല്‍ പോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
Kerala
കുറ്റം ചെയ്തത് ഏത് ഉന്നതനായാലും ശിക്ഷിക്കപ്പെടുമെന്ന സന്ദേശം കൊടുക്കാന്‍ കോടതിക്ക് സാധിച്ചില്ല; അപ്പീല്‍ പോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th January 2022, 11:45 am

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി ഹരിശങ്കര്‍.

ഒരു രീതിയിലും അംഗീകരിക്കാന്‍ പറ്റുന്ന വിധിയല്ല ഇതെന്നും കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്തരത്തിലൊരു വിധി വന്നെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ ഇരയായ വ്യക്തിയെ 9 ദിവസം വിസ്തരിച്ചിരുന്നു. കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിരുന്നു. ഇത്തരം കേസുകളില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കണമെന്ന് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം ഉണ്ട്. ഒരു ബലാത്സംഗക്കേസില്‍ ഇരയുടെ മൊഴി മാത്രം കേട്ട് ശിക്ഷിക്കാമെന്ന മാര്‍ഗനിര്‍ദേശം ഉണ്ടായിരിക്കെ ഇത്രയും തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടായിട്ടും പ്രതിയെ വെറുതെവിട്ട നടപടി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കും.

വിധി പരിശോധിച്ച ശേഷം തീര്‍ച്ചയായും അപ്പീല്‍ പോകേണ്ട കേസാണ് ഇത്. ഒരു കാരണവശാലും ഈ കേസ് ഇവിടെ അവസാനിക്കുന്നതല്ല. ഒരു തരത്തിലും ഈ കേസ് അന്വേഷണ സംഘം ഇവിടെ വിട്ടുകളയില്ല.

വളരെ നല്ല രീതിയില്‍ തെളിവുകളുള്ള കേസാണ് ഇത്. 2014 ല്‍ നടന്ന സംഭവം 2018 ല്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന കാലതാമസം മാത്രമാണ് വന്നത്. പക്ഷേ കൃത്യമായ സാഹചര്യമുണ്ടെങ്കില്‍ അത് കേസിനെ ബാധിക്കില്ല. പേടി, ആശങ്ക ഇതെല്ലാം മൊഴി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന ഘടകമാണ്. ഇതിലെല്ലാം കൃത്യമായ തെളിവുകളുണ്ട്. മെഡിക്കല്‍ തെളിവുകള്‍ വരെ ഉള്ള സാഹര്യത്തില്‍ ഇത്തരമൊരു വിധി അംഗീകരിക്കാനാവില്ല.

പ്രതിയെ കുറ്റക്കാരനായി കോടതി വിധിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഒരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ സത്യസന്ധമായി കോടതിയില്‍ വന്ന് മൊഴി പറഞ്ഞ ആളുകള്‍ക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. അവരെ സംബന്ധിച്ച് ഇനി വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും.

ഇതുപോലെ നിശബ്ദരാക്കപ്പെട്ട പല ആളുകള്‍ കാണും. അത്തരത്തിലുള്ളവര്‍ ഇനി മുന്നോട്ട് വരാന്‍ മടിക്കും. കുറ്റം ചെയ്തത് അധികാരശ്രേണിയിലുള്ള ആളാണെങ്കില്‍ പോലും ശിക്ഷിക്കപ്പെടുമെന്ന സന്ദേശം കൊടുക്കാന്‍ കോടതിക്ക് സാധിച്ചില്ലെന്നും ഹരിശങ്കര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം