ജോസ് കെ. മാണിക്ക് ഇരട്ട വ്യക്തിത്വം; സ്വഭാവ വൈകല്യം സി.പി.ഐ.എം മനസിലാക്കിയത് കൊണ്ടാകും ഈ വിട്ടുവീഴ്ച ചെയ്തത്: ബിനു പുളിക്കക്കണ്ടം
Kerala News
ജോസ് കെ. മാണിക്ക് ഇരട്ട വ്യക്തിത്വം; സ്വഭാവ വൈകല്യം സി.പി.ഐ.എം മനസിലാക്കിയത് കൊണ്ടാകും ഈ വിട്ടുവീഴ്ച ചെയ്തത്: ബിനു പുളിക്കക്കണ്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th January 2023, 1:31 pm

കോട്ടയം: പാലാ നഗരസഭാ ചെയര്‍പേഴ്‌സണായി സി.പി.ഐ.എമ്മിന്റെ ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് ബിനു പുളിക്കക്കണ്ടം.

കേരള കോണ്‍ഗ്രസ് എമ്മിന്റെ വലിയ എതിര്‍പ്പിനെ തുടര്‍ന്ന് ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കിയായിരുന്നു ജോസിന്‍ ബിനോയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. പിന്നാലെ തെരഞ്ഞെടുപ്പിനായി നഗരസഭയിലേക്ക് കറുത്ത വസ്ത്രം ധരിച്ച് ബിനു പുളിക്കക്കണ്ടം എത്തിയതും ശ്രദ്ധേയമായിരുന്നു.

ഇന്ന് ചതിയുടെ ദിനമാണെന്നും താന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാതിരുന്നതിന് കാരണം ജോസ് കെ. മാണിയാണെന്നത് വ്യക്തമാണെന്നുമാണ് ബിനു മാധ്യമങ്ങളോട് പറഞ്ഞത്. ജോസ് കെ. മാണിക്ക് ഇരട്ട വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്റെ സ്വഭാവ വൈകല്യം സി.പി.ഐ.എം മനസിലാക്കിയത് കൊണ്ടായിരിക്കും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”സ്‌കൂള്‍ കുട്ടിയായിരുന്നത് തൊട്ട് ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നതാണ് ശുഭ്ര വസ്ത്രം. പ്രതികാര രാഷ്ട്രീയത്തിന്റെ വക്താവ് നേതൃത്വം കൊടുക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചതിയുടെ ദിനമായ ഇന്ന്, എന്റെ നഗരസഭാ പ്രവര്‍ത്തന കാലയളവില്‍ ഞാനത് ഉപേക്ഷിച്ചുകൊണ്ട് വന്നിരിക്കുകയാണ്.

ഒരുപക്ഷേ ഞാനിത് പറഞ്ഞില്ലെങ്കില്‍ അത് പ്രതിഷേധത്തിന്റെ സ്വരമാണെന്ന് വ്യഖ്യാനിക്കപ്പെടുമെന്നത് കൊണ്ട് മാത്രമാണ് ഞാനിതിവിടെ സൂചിപ്പിച്ചത്. ഇതിവിടെ അവസാനിക്കുന്നില്ല.

ഒരുപക്ഷെ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ എത്തിപ്പെടുന്നതിന് മുമ്പായിരുന്നെങ്കില്‍ ഇതിന്റെ പേരില്‍ കലഹിക്കുന്നതിനും അനീതിക്കെതിരെ തുറന്ന പോരാട്ടത്തിനും രാഷ്ട്രീയ നെറികേട് കാണിച്ച ആ വ്യക്തിയെ ആക്ഷേപിച്ച് സംസാരിക്കുവാനും ഞാന്‍ തയ്യാറാകുമായിരുന്നു.

ശുഭ്ര വസ്ത്രധാരിയായി ഇവിടെ കടന്നുവന്നപ്പോള്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ പലരും വെളുക്കെ ചിരിച്ചതില്‍ ഒളിഞ്ഞിരിക്കുന്ന ചതി നേരിട്ട് ബോധ്യപ്പെട്ടൊരു വ്യക്തി എന്ന നിലയില്‍, കഴിഞ്ഞ 37 വര്‍ഷമായി സ്‌നേഹിച്ചിരുന്ന ആ നിറത്തെ വെറുത്തുപോകരുതേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഞാനിതിവിടെ സൂചിപ്പിക്കുന്നത് പ്രതിഷേധത്തിന്റെ ഭാഗമായല്ല.

ഓടുപൊളിച്ചുകൊണ്ട് പാലാ നഗരസഭാ കൗണ്‍സിലില്‍ പ്രവേശിച്ച ആളല്ല ഞാന്‍. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കൂട്ടിക്കൂട്ടി വന്നതാണ്.

പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായി ഓരോ ദിവസവും ജനമനസില്‍ നിന്ന് അകന്ന് പോകുന്ന രാഷ്ട്രീയ നേതാവും നേതൃത്വവും ഒന്ന് ചിന്തിക്കണം, സി.പി.ഐ.എമ്മിന്റെ ഭാഗമായിരിക്കുമ്പോള്‍ ഇത്തരം രാഷ്ട്രീയചതിക്ക് മുതിരരുതായിരുന്നു.

ജോസ് കെ. മാണിയുടെ ഇടപെടലാണ് എന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടാന്‍ കാരണം എന്ന് പകല്‍ പോലെ വ്യക്തമാണ്. പാലായിലെയും കോട്ടയത്തെയും മുഴുവന്‍ പാര്‍ട്ടി സംവിധാനങ്ങളും എല്ലാ കമ്മിറ്റികളും ഏകകണ്ഠമായായിരുന്നു എന്റെ പേര് തീരുമാനിച്ചത്.

കഴിഞ്ഞ 20 വര്‍ഷമായി സീനിയോരിറ്റിയുണ്ടായിരുന്നു. ഏത് തലത്തിലും ഞാന്‍ അര്‍ഹതയുള്ളതേ ആഗ്രഹിച്ചിട്ടുള്ളൂ എന്ന വിശ്വാസമുണ്ട്.

വൈരാഗ്യത്തിന്റെ കാരണം ജോസ് കെ. മാണിയോട് തന്നെ ചോദിക്കണം. കാരണം അങ്ങനെ വൈരാഗ്യം വരുന്ന രീതിയിലുള്ള പ്രവര്‍ത്തനം നാളിതുവരെ ഞാന്‍ നടത്തിയിട്ടില്ല എന്ന ബോധ്യമുണ്ട്.

അദ്ദേഹത്തിന്റെ രാഷ്ട്രീയശൈലി എന്ന് പറയുന്നത് അസഹിഷ്ണുതയുടേതാണ്, കലഹത്തിന്റേതാണ്, വൈരാഗ്യത്തിന്റേതാണ്. ആ പ്രവര്‍ത്തനശൈലിയായിരിക്കാം എന്റെ അവസരം കളയുന്നതിന് പ്രേരിപ്പിച്ചത്.

ജോസ് കെ. മാണി ഒരു ഇരട്ട വ്യക്തിത്വം ഉള്ള വ്യക്തിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

സി.പി.ഐ.എം എന്ന പ്രസ്ഥാനം വളരെ ആലോചിച്ചെടുത്ത തീരുമാനമാണിത്. ഒരുപക്ഷേ ജോസ് കെ. മാണിയുടെ സ്വഭാവ വൈകല്യം സി.പി.ഐ.എം മനസിലാക്കിക്കാണും. അതുകൊണ്ടായിരിക്കും ഈ വിട്ടുവീഴ്ച ചെയ്തത്.

കറുത്ത വസ്ത്രം പ്രതിഷേധത്തിന്റെ ഭാഗമല്ല. വര്‍ഷങ്ങളായി ഞാന്‍ വെള്ള വസ്ത്രം മാത്രമാണ് ഞാന്‍ ധരിക്കുന്നത്. ഈ രാഷ്ട്രീയ തിരിച്ചടിയില്‍ വ്യക്തിപരമായി എന്നെ ഒറ്റപ്പെടുത്തിയ ഈ സന്ദര്‍ഭത്തില്‍ ഞാന്‍ സ്വയമെടുത്ത തീരുമാനമാണ്.

ഒരുപക്ഷെ ഈ വസ്ത്രം കാണുമ്പോള്‍ ഞാന്‍ നേരിട്ട ചതി ഓര്‍മിക്കാനാകും. കറുപ്പിന് വലിയ പ്രസക്തിയുണ്ട്,” ബിനു പുളിക്കക്കണ്ടം പറഞ്ഞു.

ജോസ് കെ. മാണിക്കുള്ള തുറന്ന കത്ത് എഴുതി കഴിഞ്ഞിട്ടില്ലെന്നും കൗണ്‍സില്‍ ഹാളിലെ പരിപാടി കഴിയുമ്പോഴേക്കും എഴുതിത്തീരുമെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബിനു പുളിക്കക്കണ്ടം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് നടന്നത്.

Content Highlight: binu pulikkakandam against Jose K Mani on Pala election