എഡിറ്റര്‍
എഡിറ്റര്‍
‘കയ്യേറ്റക്കാരെ പിന്താങ്ങുന്നത് മാര്‍ക്‌സിസമല്ല’; നീലക്കുറിഞ്ഞി ഉദ്യാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് പുറത്ത് പറയാനാകാത്ത താല്പര്യങ്ങളുള്ള ചിലരെന്ന് ബിനോയ് വിശ്വം
എഡിറ്റര്‍
Tuesday 28th November 2017 6:37pm

തിരുവനന്തപുരം: കൃഷിക്കാരുടെ പേര് പറഞ്ഞ് കയ്യേറ്റക്കാരെ പിന്താങ്ങുന്നത് മാര്‍ക്‌സിസമല്ലെന്നും പരിസ്ഥിതിയെ കുറിച്ച് ഏറ്റവും വ്യക്തതയുള്ള കാഴ്ചപ്പാടുള്ള ശാസ്ത്രം മാര്‍ക്‌സിസമാണെന്നും മുന്‍ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം. മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് പുറത്ത് പറയാനാകാത്ത താല്പര്യങ്ങളുള്ള ചിലരാണെന്നും മാര്‍ക്‌സിസം പിന്തുടരുന്ന പാര്‍ട്ടിയില്‍ മാര്‍ക്‌സിസം അറിയാത്ത ആളുകളുണ്ടെങ്കില്‍ ആ പാര്‍ട്ടിയാണ് അത് പരിശോധിക്കേണ്ടതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു. സി.പി.ഐ കയ്യേറ്റക്കാരില്‍ നിന്ന് പണം വാങ്ങിയെന്ന എം.എം മണിയുടെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നീലക്കുറിഞ്ഞിക്കും പശ്ചിമഘട്ടത്തിനും അത് ജന്മം നല്‍കുന്ന നദികള്‍ക്കും അതിലെ വെള്ളത്തിനും ആത്യന്തികമായി കൃഷിക്കും വേണ്ടിയാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിന് രൂപം നല്‍കിയതെന്നും ബിനോയ് വിശ്വം പറഞ്ഞു. കൃഷിക്കാരുടെ പേരില്‍ കയ്യേറ്റക്കാര്‍ മൂന്നാറില്‍ മുതലെടുപ്പ് നടത്തുകയാണ്. പാവപ്പെട്ട ആദിവാസി കര്‍ഷകരെ മുന്നില്‍ നിര്‍ത്തി നീലക്കുറിഞ്ഞി ഉദ്യാനം അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വെള്ളം ഊറ്റിയെടുക്കുന്ന ഗ്രാന്‍ഡീസ് മരങ്ങളാണ് കയ്യേറ്റക്കാര്‍ നടത്തുന്ന കൃഷി. ഓരോ സ്ഥലത്തും കയ്യേറി ഈ മരങ്ങള്‍ വെച്ച ശേഷം പിന്നെ അങ്ങോട്ട് പോകേണ്ടതില്ല മൂന്നോ നാലോ കൊല്ലങ്ങള്‍ കഴിഞ്ഞാല്‍ വെട്ടി വില്‍ക്കാം. ഇങ്ങനെ രണ്ടു മൂന്ന് തവണ ആയി കഴിയുമ്പോള്‍ അവിടുത്തെ വെള്ളം ഇല്ലാതാവും. അപ്പോള്‍ അടുത്ത സ്ഥലം കയ്യേറും. കൃഷിക്ക് ആവശ്യം വേണ്ട മുന്നുപാധി വെള്ളമാണ്. അത് ഊറ്റിയെടുക്കുന്നവര്‍ എങ്ങനെ കൃഷിക്കാരാകുമെന്നും അദ്ദേഹം ചോദിച്ചു.

ഇത് ചോദ്യം ചെയ്യാന്‍ ആരും ധൈര്യം കാണിച്ചിരുന്നില്ല. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ അതിന് ധൈര്യം കാണിച്ചു. ഓരോ തവണയും നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ വിസ്തൃതി കുറഞ്ഞ് കുറഞ്ഞ് വന്നു. അങ്ങനെയാണ് നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഈ പ്രദേശത്ത് ആദിവാസികളായ കര്‍ഷകര്‍ താമസിക്കുന്നുണ്ട്. അവര്‍ അവരുടെ പരമ്പരാഗതമായ അഞ്ച് നാടെന്ന കൃഷിരീതി അവലംബിക്കുന്നവരാണ്. അവര്‍ ഒരു സ്ഥലത്ത് താമസിക്കുകയും മറ്റൊരിടത്ത് കൃഷി ചെയ്യുകയും ചെയ്യും. ഇത് ഏറി വന്നാല്‍ ഒരു കുടുംബം 25 സെന്റ് സ്ഥലത്തൊക്കെയാണ് കൃഷി ചെയ്യുന്നത്. ഈ വിഷയം അന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് കൂടി പരിഗണിക്കണമെന്ന നിര്‍ദ്ദേശമാണ് സെറ്റില്‍മെന്റ് ഓഫീസര്‍ക്ക് നല്‍കിയതെന്നും ബിനോയ് വിശ്വം ഡൂള്‍ന്യൂസിനോട്പറഞ്ഞു.

ഈ വിഷയം തീര്‍ക്കാന്‍ കയ്യേറ്റ മാഫിയ അനുവദിക്കില്ല. അങ്ങനെ തീര്‍ന്നാല്‍ പാവങ്ങളുടെ പേര് പറഞ്ഞ് കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും കയ്യേറ്റക്കാര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയാതെ വരും. പാവപ്പെട്ട ആദിവാസി കര്‍ഷകരുടെ ഭൂമി പ്രശ്‌നം പരിഗണിച്ചാല്‍ എത്ര കൂട്ടിയാലും 200 – 300 ഏക്കറില്‍ കൂടുതലൊന്നും വരില്ല. അതിന് പരിഹാരം കണ്ടു കൊണ്ട് ഈ ഉദ്യാനം സ്ഥാപിക്കുകയും കയ്യേറ്റക്കാരെ ഒഴിപ്പിക്കുകയും വേണം. കര്‍ഷകര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെങ്കില്‍ വെള്ളം ഊറ്റുന്ന കയ്യേറ്റക്കാരെയാണ് ആദ്യം ഒഴിപ്പിക്കേണ്ടത്.


Also Read: ‘പുരസ്‌കാരം കേരളത്തിലെ നേഴ്‌സുമാര്‍ക്കും രാജേഷ് പിള്ളയ്ക്കും സമര്‍പ്പിക്കുന്നു’; ചരിത്രനേട്ടത്തില്‍ വികാരഭരിതയായി പാര്‍വ്വതി, വീഡിയോ


2006 ല്‍ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം ആദ്യത്തെ ഹിയറിംഗ് വെച്ച് ഭൂമിയുടെ രേഖകള്‍ കൈവശമുള്ളവരെ വിളിപ്പിച്ചപ്പോള്‍ തന്നോട് എം.എല്‍.എ വന്നു പറഞ്ഞത് പാവപെട്ട ആദിവാസികളാണ്, ദിവസക്കൂലിക്കാരാണ്, വട്ടവട കാന്തല്ലൂര്‍ ഇവിടെ നിന്നൊക്കെ ഹിയറിംഗിന് വരാന്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും എന്നാണ്. ഇതൊക്കെ അടുത്ത് കിടക്കുന്ന സ്ഥലങ്ങളാണ്. എങ്കില്‍ ശരി ഹിയറിംഗ് അതാത് പഞ്ചായത്തുകളിലേക്ക് ആകാമെന്ന് നിശ്ചയിച്ച് അടുത്ത തീയതിയില്‍ പഞ്ചായത്ത് ഓഫീസില്‍ ഹിയറിംഗ് വെച്ചു. അന്ന് ഭൂമി ഒഴിപ്പിക്കാന്‍ ആളുകള്‍ വന്നു എന്ന് പ്രചരിപ്പിച്ച് വലിയ പ്രശ്‌നങ്ങളുണ്ടാക്കി, ഹിയറിംഗ് മുടക്കി.

മൂന്നാമത് ഒരു തീയതി തീരുമാനിച്ചപ്പോള്‍ തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് പറഞ്ഞത് ഇങ്ങോട്ട് വന്നാല്‍ മുട്ട് കാലു തല്ലിയൊടിക്കുമെന്നും വെടിവെപ്പ് നടത്തി മാത്രമേ ഹിയറിംഗ് നടത്താന്‍ അനുവദിക്കൂ എന്നുമാണ്. ആ ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ച് കാര്യം പറഞ്ഞു. വെടിവെപ്പ് നടത്തി ഹിയറിംഗ് വെക്കണ്ട, മടങ്ങി പൊക്കോളാന്‍ ഞാന്‍ അവരോട് പറയുകയും ചെയ്തു. അദ്ദേഹം പറഞ്ഞു. അന്നുമിന്നും ഇതേ ശക്തികളാണ് ഈ ഉദ്യാനത്തിന് തുരങ്കം വെക്കുന്നതെന്നും രേഖകള്‍ ഉള്ള എല്ലാവര്‍ക്കും സെറ്റില്‍മെന്റ് ഓഫീസര്‍ക്ക് മുന്നില്‍ അവ ഹാജരാക്കാമെന്നും എന്നാല്‍ ഒരു രേഖയുമില്ലാത്ത കയ്യേറ്റക്കാരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2006 ല്‍ ബിനോയ് വിശ്വം വനം മന്ത്രിയായിരുന്ന കാലത്താണ് 3200 ഹെക്ടറില്‍ നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചത്. ജോയ്സ് ജോര്‍ജ്ജ് എം.പിയുടെ കൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയടക്കം ഉള്‍പ്പെടുന്ന ഈ ഉദ്യാനത്തിന്റെ അതിരുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദമായിരുന്നു.

Advertisement