'നിലവിലെ സര്‍ക്കാര്‍ തീരുമാനം മാറ്റേണ്ടിവരും'; അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ ബിനോയ് വിശ്വം
kERALA NEWS
'നിലവിലെ സര്‍ക്കാര്‍ തീരുമാനം മാറ്റേണ്ടിവരും'; അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ ബിനോയ് വിശ്വം
ന്യൂസ് ഡെസ്‌ക്
Wednesday, 10th June 2020, 12:25 pm

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയ നടപടിക്കെതിരെ സി.പി.ഐ. നിലവിലെ തീരുമാനം മാറ്റേണ്ടി വരുമെന്നും ഇടതു പക്ഷത്തിന് ഇടതുപക്ഷമായേ മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നും സി.പി.ഐ അഖിലേന്ത്യാ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘ഈ നിര്‍ദേശം മിക്കവാറും പിന്‍വലിക്കപ്പെടും. പാരിസ്ഥിതികമായും രാഷ്ട്രീയമായും സാങ്കേതികമായും സാമ്പത്തികമായും ഉറച്ച തീരുമാനമോ നിര്‍ദേശമോ ഇതിനില്ല. പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയാണെന്ന് 2018ല്‍ വൈദ്യുത മന്ത്രി എം.എം മണി നിയമസഭയില്‍ പറഞ്ഞിരുന്നു. അത് എല്‍.ഡി.എഫിന്റെ സംയുക്തമായ തീരുമാനമായിരുന്നു.

അതില്‍ നിന്ന് സര്‍ക്കാരിന് മാറാനുള്ള തീരുമാനങ്ങളൊന്നും തന്നെ നിലവിലുണ്ടായിട്ടില്ല. മാറിക്കൂടാ എന്ന് സര്‍ക്കാരിനോട് കൃത്യമായി പറയുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. രണ്ടു പ്രളയങ്ങള്‍, കൊവിഡ്19, അതെല്ലാം വ്യക്തമാക്കുന്നത് പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള, മനുഷ്യനെയും മണ്ണിനെയും മറന്നുകൊണ്ടുള്ള വികസനം വികസനമല്ല എന്നാണ്,’ ബിനോയ് വിശ്വം പറഞ്ഞു.

പദ്ധതിയുമായി മുന്നോട്ട് പോകുന്നത് വനാവകാശ നിയമപ്രകാരം വാഴച്ചാലിലും മറ്റു പ്രദേശങ്ങളിലും താമസിക്കുന്ന ആദിവാസികളുടെ സുരക്ഷക്ക് എതിരാകുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

ഇടതുപക്ഷത്തിന് ഇടതുപക്ഷമായേ മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നും പദ്ധതി പ്രകാരം നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്ന 163 മെഗാവാട്ട് വൈദ്യുതി ഒഴുകിയെത്താനുള്ള ജലം ചാലക്കുടി പുഴയില്‍ ഇന്നില്ല എന്നും മുന്‍ വനംവകുപ്പ് മന്ത്രികൂടിയായ ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം അതിരപ്പിള്ളി വിഷയത്തില്‍ വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പദ്ധതിക്കെതിരെ സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ നയത്തില്‍ നിന്ന് പിന്തിരിയണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നുമാണ് എ.ഐ.വൈ.എഫ് പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ