ലൈംഗിക ചൂഷണ പരാതിയില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം; ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാകണം
Kerala
ലൈംഗിക ചൂഷണ പരാതിയില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം; ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാകണം
ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2019, 3:27 pm

മുംബൈ സ്വദേശിനിയുടെ ലൈംഗിക ചൂഷണ പരാതിയില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. മുംബൈ ദിന്‍ദോഷി കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ബിനോയ് ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

യുവതി കോടതിയില്‍ സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്തയുടെ വാദംകേട്ട ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യത്തില്‍ വിധി പറഞ്ഞത്. തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. ഒരു ആള്‍ജാമ്യവും 25,000 കോടതിയില്‍ കെട്ടിവക്കണം.

ഡി.എന്‍.എ പരിശോധന വേണമെന്ന യുവതിയുടെ അഭിഭാഷകന്റെ ആവശ്യം ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ തള്ളിയിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹരേഖ വ്യാജമാണെന്നും അഭിഭാഷകന്‍ വാദിച്ചു.

തനിക്കെതിരെ യുവതി ഹാജരാക്കിയ രേഖകള്‍ വ്യാജമെന്നാണ് ബിനോയ് കോടിയേരിയുടെ വാദം. വിവാഹം നടന്നുവെന്ന രേഖയിലെ ഒപ്പ് ബിനോയിയുടേതല്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിവാഹ തിയ്യതിയില്‍ അവ്യക്തതയുണ്ടെന്നും കുട്ടി ജനിച്ച ശേഷമുള്ള തിയതിയാണ് രേഖയിലുള്ളതെന്നും ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.

അതേസമയം, കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നതിന് തെളിവ് പാസ്പോര്‍ട്ടാണെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു. യുവതിയുടെ പാസ്പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണെന്നും യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. ദുബൈയില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.