ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
പ്രവാസി വോട്ടവകാശ ബില്‍ ലോക്‌സഭ പാസാക്കി
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 10:39am

ന്യൂദല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടു ചെയ്യാന്‍ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അന്തിമ രൂപം നല്‍കിയിരുന്നെങ്കിലും ലോക്‌സഭയുടെ അനുമതി ലഭിച്ചിരുന്നില്ല.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന നിയമം അടിയന്തര പ്രാധാന്യത്തോടെയാണ് സഭ പാസാക്കിയത്. ഇതോടെ മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. നിലവില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് തങ്ങള്‍ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവകാശമുണ്ട്.

Read: ദുരന്തപ്പെയ്ത്തില്‍ പൊലിഞ്ഞത് 26 ജീവനുകള്‍: അഞ്ചു ജില്ലകളില്‍ ഉരുള്‍പ്പൊട്ടി, 24 അണക്കെട്ടുകള്‍ തുറന്നു

എന്നാല്‍ രാജ്യത്ത് നേരിട്ടെത്തി മാത്രമേ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയൂ. ഇതിനെതിരെ ദുബൈയിലെ സംരംഭകന്‍ ഡോ. വി.പി ഷംസീര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവാസികള്‍ക്ക് കൂടി സമ്മതിദാനാവകാശം വിനിയോഗിക്കാവുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ബില്‍ സഭയുടെ പരിഗണനയ്ക്ക് എടുത്തപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു. വിദേശ ഇന്ത്യക്കാരുടെ വോട്ടുകള്‍ സ്വാധീനിക്കപ്പെടാന്‍ ഇടയാകുമെന്നായിരുന്നു ആക്ഷേപം.

എന്നാല്‍ ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ ജനങ്ങളെ വിശ്വസിക്കുമ്പോള്‍ പ്രവാസി ഇന്ത്യക്കാരെ എന്തിനു അവിശ്വസിക്കണമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു. കഠിനാധ്വാനത്തിലൂടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ നേട്ടങ്ങള്‍ കൂട്ടിച്ചേര്‍ത്ത വിദേശ ഇന്ത്യക്കാരെ കുറിച്ച് തനിക്ക് അഭിമാനമാണ്. അംഗങ്ങള്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read:  രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ തെരഞ്ഞെടുപ്പ്; ഉപരാഷ്ട്രപതിയുടെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനേക്കാള്‍ ഇ-വോട്ടിംഗ് അല്ലെങ്കില്‍ ഡിജിറ്റല്‍ വോട്ടിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും സഭയില്‍ ആവശ്യമുണര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രാജ്യം സാങ്കേതികമായി കൂടുതല്‍ വളരേണ്ടതുണ്ടെന്നാണു മന്ത്രി മറുപടി പറഞ്ഞത്. രണ്ടരക്കോടിയിലധികം ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് നിലവിലെ കണക്കുകള്‍.

Advertisement