'ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍'; അയ്യപ്പ ഭക്തിഗാനവുമായി ബിജിബാല്‍
Sabarimala
'ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍'; അയ്യപ്പ ഭക്തിഗാനവുമായി ബിജിബാല്‍
ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 8:13 pm

തൃശ്ശൂര്‍: സംഗീത സംവിധായകന്‍ ബിജിബാലിന്റെ പുതിയ അയ്യപ്പ ഭക്തിഗാനം പുറത്തുവിട്ടു. തൃശ്ശൂരില്‍ നടക്കുന്ന ജനാഭിമാന സദസില്‍ വെച്ച് സുനില്‍ പി ഇളയിടമാണ് ഗാനം പുറത്തുവിട്ടത്.

ബിജിബാലിന്റെ സംഗീതത്തിന് ഹരിനാരായണന്റെതാണ് വരികള്‍. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകളുടെയടക്കം നേതൃത്വത്തില്‍ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെയാണ് ഈ അയ്യപ്പ ഗാനം പുറത്തിറിങ്ങിയിരിക്കുന്നത്.

Also Read  എസ്.എന്‍.ഡി.പി ശബരിമലയിലെ യുവതീപ്രവേശനത്തിന് എതിരാണ്, വനിതാ മതില്‍ യുവതീപ്രവേശനത്തിനാണെങ്കില്‍ സഹകരിക്കില്ല: വെള്ളാപ്പള്ളി നടേശന്‍

“നീ തന്നെയാണു ഞാനെന്നോതി നില്‍ക്കുന്ന കാനന ജ്യോതിയാണയ്യന്‍” എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗാനത്തിന്റെ വരികള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

ഗാനത്തിന്റെ വരികള്‍ പൂര്‍ണരൂപം,

നീതന്നെയാണു
ഞാനെന്നോതി നില്‍ക്കുന്ന
കാനന
ജ്യോതിയാണയ്യന്‍
മാനവന്‍ കാണ്മതിന്നപ്പുറം നീളുന്ന
പ്രാക്തന സത്യമാണയ്യന്‍
കാലക്കരിങ്കല്ലിനങ്ങേവശത്തുള്ള
കാടിന്റെ കരളെഴുത്തയ്യന്‍

“സ്വാമിയയ്യന്‍ സ്‌നേഹഗാമിയയ്യന്‍
പഞ്ചഭൂതങ്ങള്‍ക്കു നാഥനയ്യന്‍”

ഋതുമതിയെ അചാരമതിലാല്‍ തടഞ്ഞിടും
ആര്യവേദസ്സല്ലിതയ്യന്‍
ഭേദങ്ങളെല്ലാം വിഭൂതിയായ് മാറുന്ന
ആത്മാനുഭൂതിയാണയ്യന്‍
ഇരുമുടിയിലല്ല നിന്‍ ഹൃദയത്തിലാണെന്റെ
ഗിരിമുടിയതെന്നോതുമയ്യന്‍

ആദി മലയന്‍ തന്‍ തപസ്സാല്‍ പടുത്തതാം
ദ്രാവിഡ വിഹാരമാണയ്യന്‍
തന്ത്രമന്ത്രാന്ധതയല്ല നിലാവിന്റെ –
സ്പന്ദനമാണെനിക്കയ്യന്‍
മാലിന്യമെല്ലാം സ്വയം ഏറ്റുവാങ്ങുന്ന
നോവിന്റെ പമ്പയാണയ്യന്‍