എഡിറ്റര്‍
എഡിറ്റര്‍
‘ബീഹാര്‍ വെള്ളപ്പൊക്കത്തിന് കാരണം എലികള്‍’; വിചിത്ര വാദവുമായി സംസ്ഥാന മന്ത്രി
എഡിറ്റര്‍
Saturday 2nd September 2017 12:57pm


പറ്റ്‌ന: ബീഹാറില്‍ ഗൗരവപരമായ എന്ത് സംഭവിച്ചാലും പ്രതിപട്ടികയിലിപ്പോള്‍ എലികളുടെ പേരാണ്. കുറച്ച് കാലം മുമ്പ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ആയിരം ലിറ്റര്‍ മദ്യം കാണാതായപ്പോള്‍ പൊലീസ് അതിനുത്തരവാദികളായി കണ്ടെത്തിയത് എലികളെയായിരുന്നു. മദ്യം എലി കുടിച്ചെന്ന വാദമാണ് പൊലീസുകാര്‍ അന്വേഷണകമീഷനു മുന്നില്‍ വച്ചത്.

ഇതിനു പിന്നാലെയാണ് സംസ്ഥാന മന്ത്രിയും എലികളെ പ്രതിപ്പട്ടികയില്‍ നിര്‍ത്തിയുള്ള പ്രസ്താവനയുമായി രംഗത്തെത്തിയത്.കഴിഞ്ഞ ദിവസങ്ങളില്‍ ബീഹാറിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഉത്തരവാദിത്വമാണ് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ലലന്‍ സിങ്ങ് എലികളുടെ മേല്‍ ആരോപിച്ചിരിക്കുന്നത്.


Also Read: ‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കളിക്കാരന്‍ അയാളാണ്’; തന്റെ ഇഷ്ടതാരത്തെ പ്രഖ്യാപിച്ച് ഡി വില്ലിയേഴ്‌സ്


സംസ്ഥാനത്ത് ദുരിതം വിതച്ച വെള്ളപ്പൊക്കത്തിനും പ്രളയക്കെടുതിയ്ക്കും കാരണം എലികളാണെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍. അഞ്ഞൂറിലേറെ പേരുടെ ജീവന്‍ നഷ്ടമായ പ്രളയക്കെടുതി വിലയിരുത്തിയ ശേഷം നടത്തിയ പ്രസ്താവനയിലാണ് എലികള്‍ക്കെതിരായ മന്ത്രിയുടെ പരാമര്‍ശം. നദീ തീരം ദുര്‍ബലപ്പെട്ടതാണ് നദി കരകവിഞ്ഞതിന്റെ കാരണമെന്നും അതിനു വഴിവെച്ചത് എലികളാണെന്നുമാണ് മന്ത്രി പറയുന്നത്.

‘എലികള്‍ നദിയുടെ കരകളില്‍ മാളമോ, കുഴികളോ ഉണ്ടാക്കുമ്പോള്‍, നദി തീരം ദുര്‍ബലമാകുന്നു. തുടര്‍ന്ന് തീരം ഇടിഞ്ഞ് വെള്ളപ്പൊക്കമുണ്ടാകുകയാണ്. കാംല ബലന്‍ നദി കരകവിഞ്ഞുള്ള പ്രളയത്തിന് പ്രധാനകാരണവും ഇതാണ്. കര്‍ഷകര്‍ ധാന്യങ്ങള്‍ നദിക്കരയില്‍ സൂക്ഷിക്കുന്നത് എലികളടക്കമുള്ള ജീവികളെ ആകര്‍ഷിക്കുന്നുണ്ട്’ മന്ത്രി പറഞ്ഞു.


Dont Miss:  അനിതയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു; ബി.ജെ.പി ഓഫീസുകള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തി; കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കി


എന്നാല്‍ പ്രളയദുരന്തം നേരിടുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച മറച്ചുവെയ്ക്കാനാണ് ഇത്തരം യുക്തിഹീനമായ വാദങ്ങള്‍ നിരത്തുന്നതെന്ന് ആര്‍.ജെ.ഡി വക്താവ്ശക്തി സിംഗ് യാദവ് ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ മന്ത്രിയുടെ കണ്ടെത്തലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Advertisement