തെരഞ്ഞെടുപ്പ് വരുമ്പോള്‍ സൈനികരെ ആക്രമിക്കാന്‍ ബി.ജെ.പി അനുമതി കൊടുക്കും; അന്ന് പുല്‍വാമ, ഇന്ന് ഏതെങ്കിലും രാജ്യമാകാം: ബീഹാര്‍ മന്ത്രി
Kerala News
തെരഞ്ഞെടുപ്പ് വരുമ്പോള്‍ സൈനികരെ ആക്രമിക്കാന്‍ ബി.ജെ.പി അനുമതി കൊടുക്കും; അന്ന് പുല്‍വാമ, ഇന്ന് ഏതെങ്കിലും രാജ്യമാകാം: ബീഹാര്‍ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th January 2023, 1:48 pm

പട്‌ന: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇന്ത്യന്‍ സൈനികര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക്
അനുമതി നല്‍കുന്ന രീതിയാണ് ബി.ജെ.പിയുടേതെന്ന് ബീഹാര്‍ മന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ സുരേന്ദ്ര പ്രസാദ് യാദവ്. 2019ലെ പുല്‍വാമ ആക്രമണം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സുരേന്ദ്ര പ്രസാദ് യാദവിന്റെ പ്രതികരണം.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്ര പ്രസാദ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

‘തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് ബി.ജെ.പി സൈനികര്‍ക്ക് നേരെയുള്ള ആക്രമണം അനുവദിക്കും. ഇത്തവണ ഇലക്ഷനില്‍ ജയിക്കാന്‍ വേണ്ടി മറ്റ് രാജ്യങ്ങളെ വരെ ബി.ജെ.പി ആക്രമിച്ചേക്കാം. അവര്‍ എന്തും ചെയ്യും. കഴിഞ്ഞ തവണ പുല്‍വാമയായിരുന്നെങ്കില്‍ ഇത്തവണ ഏതെങ്കിലും രാജ്യമായിരിക്കാം,’ അദ്ദേഹം പറഞ്ഞു. എന്‍.ഐ.എയും ടൈംസ് നൗവുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബി.ജെ.പിയുടെ ദേശീയ ഭാരവാഹി സമ്മേളനത്തില്‍ വെച്ചായിരുന്നു മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ച ഭൂരിപക്ഷത്തോടെ 2024ല്‍ എന്‍.ഡി.എ ജയിക്കുമെന്ന് അമിത് ഷാ പറഞ്ഞത്.


സുരേന്ദ്ര പ്രസാദിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ‘സുരേന്ദ്ര പ്രസാദ് ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമാണ്, വെറും കൊമേഡിയന്‍. ലാലുവിന്റെ ദര്‍ബാറിലെ വിദൂഷകരെല്ലാം ഇപ്പോള്‍ നിതീഷ് കുമാറിന്റെ മന്ത്രിസഭയിലുണ്ടല്ലോ.

സ്വയം പരിഹാസ്യനാകാനാണ് നിതീഷ് കുമാറിന്റെ തീരുമാനമെങ്കില്‍ അങ്ങനെയായിക്കോട്ടെ, പക്ഷെ ഇരിക്കുന്ന മുഖ്യമന്ത്രി കസേരയെ കുറിച്ച് ഇടക്കെങ്കിലും ഒന്ന് ആലോചിക്കണം,’ ബി.ജെ.പിയിലെ ഒ.ബി.സി വിഭാഗം നേതാവായ ആനന്ദ് പറഞ്ഞു.

2022 ഓഗസ്റ്റിലാണ് എന്‍.ഡി.എ സഖ്യത്തില്‍ നിന്നും പിരിഞ്ഞ് ആര്‍.ജെ.ഡിയോടൊപ്പമുള്ള മഹാഗത്ബന്ധന്‍ സഖ്യത്തിലേക്ക് നിതീഷ് കുമാര്‍ തിരിച്ചെത്തിയത്. 2015ല്‍ ആര്‍.ജെ.ഡിയുമായി സഖ്യത്തിലുണ്ടായിരുന്ന നിതീഷ് കുമാര്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പിന്മാറുകയും 2017ല്‍ എന്‍.ഡി.എയുമായി സഖ്യത്തിലേര്‍പ്പെടുകയുമായിരുന്നു.

2022ല്‍ എന്‍.ഡി.എ വിട്ടതിന് പിന്നാലെ ബി.ജെ.പിക്കെതിരെ നിതീഷ് കുമാര്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. സെപ്റ്റംബറില്‍ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബീഹാറിലുടനീളം ജാഥയും നടത്തിയിരുന്നു.

വിഭാഗീയ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ ഒരുമിച്ച് നിന്ന് പോരാടണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഈ ജാഥ. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ നിതീഷ് കുമാര്‍.

Content Highlight: Bihar Minister Surendra Prasad Yadav reminds BJP about Pulwama ahead of 2024 Elections