ബീഹാറില്‍ ബി.ജെ.പിക്ക് 'ഉള്ളിയില്‍' പ്രതിരോധം; ഉള്ളി മാല ധരിച്ച് കറങ്ങുന്നവര്‍ക്ക് ഉള്ളിമാലയിരിക്കട്ടേയെന്ന് തേജസ്വി
national news
ബീഹാറില്‍ ബി.ജെ.പിക്ക് 'ഉള്ളിയില്‍' പ്രതിരോധം; ഉള്ളി മാല ധരിച്ച് കറങ്ങുന്നവര്‍ക്ക് ഉള്ളിമാലയിരിക്കട്ടേയെന്ന് തേജസ്വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2020, 6:20 pm

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തില്‍ ബി.ജെ.പിക്ക് എതിരെ പ്രതിരോധം ശക്തിപ്പെടുത്തി ആര്‍.ജെ.ഡി.

ഉള്ളി വില വര്‍ദ്ധന മുന്‍നിര്‍ത്തിയാണ് ആര്‍.ജെ.ഡി എന്‍.ഡി.എ സഖ്യത്തിനെതിരെ അവസാന നിമിഷത്തില്‍ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

നാണയപ്പെരുപ്പം, അഴിമതി, തൊഴിലില്ലായ്മ എന്നിവ കാരണം സാധാരണക്കാര്‍ ദുരിതമനുഭവിക്കുകയാണെന്നും കര്‍ഷകരും തൊഴിലാളികളും യുവാക്കളും വ്യാപാരികളും അവരുടെ ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട വ്യവസായികളെ ബി.ജെ.പി കൊല്ലുകയാണെന്ന് തേജസ്വി പറഞ്ഞു.

” വിലക്കയറ്റം ഉണ്ടാകുമ്പോള്‍ അവര്‍ ഉള്ളി മാല ധരിച്ച് കറങ്ങുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് ഇത് നല്‍കുന്നു, ‘ ഉള്ളി മാലകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഫോട്ടോ പങ്കുവെച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

” ഒരു കിലോയ്ക്ക് 50 മുതല്‍ 60 വരെ എത്തുമ്പോള്‍ സവാളയെക്കുറിച്ച് സംസാരിക്കുന്നവര്‍ ഇപ്പോള്‍ കിലോയ്ക്ക് 80 രൂപ കടക്കുമ്പോഴും നിശബ്ദരാണ്. കര്‍ഷകരെ ഇല്ലാതെയാക്കുകയാണ്. യുവാക്കള്‍ തൊഴിലില്ലാത്തവരാണ്. ബീഹാര്‍ ദാരിദ്ര്യത്തിലാണ്. വിദ്യാഭ്യാസം, ജോലി, വൈദ്യസഹായം എന്നിവയ്ക്കായി ആളുകള്‍ കുടിയേറുകയാണ്. പട്ടിണി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, ബീഹാറില്‍ മഹാസഖ്യം അധികാരത്തിലെത്തിയാല്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ തേജസ്വി യാദവ് പ്രഖ്യാപിച്ചിരുന്നു.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് തേജസ്വി.

ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bihar Election RJD against BJP On Onion Price